കോഴിക്കോട്: കത്വ ഫണ്ട് തട്ടിപ്പ് കേസില് യൂത്ത് ലീഗ് സംസ്ഥാന ജനറല് സെക്രട്ടറി പി കെ ഫിറോസ് ഈ മാസം ഒമ്പതിന് കോടതിയില് ഹാജരാകണം. കുന്ദമംഗലം കോടതി പി കെ ഫിറോസിനും സി കെ സുബൈറിനും നോട്ടീസയച്ചു. നോട്ടീസ് കോപ്പി പുറത്തുവിട്ടത് സിപിഐഎം നേതാവ് കെ ടി ജലീലാണ്. ഫേസ്ബുക്കിലൂടെയാണ് കെ ടി ജലീല് നോട്ടീസ് പങ്കുവെച്ചത്.
യൂത്ത് ലീഗ് നേതാക്കള്ക്ക് ക്ലീന്ചിറ്റ് നല്കിയുള്ള പൊലീസ് റിപ്പോര്ട്ട് കോടതി തള്ളിയതിന് പി കെ ഫിറോസ് തെളിവ് ആവശ്യപ്പെട്ടിരുന്നു. അതിനുള്ള മറുപടി എന്ന രീതിയിലാണ് കെ ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
കെ ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്ണ്ണരൂപം
ശേഖരാ! കത്വ ഫണ്ട് തട്ടിപ്പിന്റെ കോടതി ഉത്തരവ് ഇതാ! നല്ലോണം വായിച്ച് മനസ്സിലാക്ക്! യൂത്ത്ലീഗിന്റെ കത്വ-ഉന്നാവോ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് കുറ്റാരോപിതരായ സി.കെ സുബൈറിനെയും പി.കെ ഫിറോസിനെയും കുറ്റവിമുക്തരാക്കി, സര്ക്കിള് ഇന്സ്പെക്ടര് യൂസഫ് നല്കിയ പോലീസ് റിപ്പോര്ട്ട് തള്ളി, ബഹുമാനപ്പെട്ട കുന്നമംഗലം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല് മജിസ്ട്രേറ്റ് പുറപ്പെടുവിച്ച ഉത്തരവിന്റെ അവസാന പാരഗ്രാഫിന്റെ പകര്പ്പാണ് ഇമേജില്. അതിങ്ങിനെ പരിഭാഷപ്പെടുത്താം.
'ഹാജരാക്കിയ രേഖയില് നിന്നും പരാതിക്കാരന്റെ സത്യവാങ്മൂലത്തില് നിന്നും പരാതിക്കാരന്റെ അഭിഭാഷകന്റെ വാദങ്ങളില് നിന്നും ഇന്ത്യന് ശിക്ഷാനിയമം u/s 420 r/w 34 അനുസരിച്ച് ശിക്ഷാര്ഹമായ കുറ്റത്തിന് പ്രതികള്ക്കെതിരെ നടപടിയെടുക്കാന് മതിയായ കാരണമുണ്ടെന്ന് ബോധ്യപ്പെട്ടിരിക്കുന്നു. അതിനാല്, CC409/23 ആയി കേസ് ഫയലില് സ്വീകരിച്ചിരിക്കുന്നു. കുറ്റാരോപിതരായ രണ്ടു പേര്ക്കും സമന്സ് അയക്കുന്നു. 9.2.2024-ലേക്ക് കേസ് പോസ്റ്റ് ചെയ്യുന്നു'.
'തേങ്ങയുടക്കാന് വെല്ലുവിളിച്ച, മുണ്ടക്കല് ശേഖരാ, ഇതാ കാമ്പും കരിക്കിന് വെള്ളവും ചോര്ന്നു പോകാത്ത വിധിയുടെ പകര്പ്പ്. നാവിന് എല്ലില്ലെന്ന് കരുതി എന്തും പുലമ്പാന് നില്ക്കരുത്. ജീവനില് പേടിയില്ലാത്തവരോട് യുദ്ധത്തിന് ഇറങ്ങുമ്പോള് സൂക്ഷിക്കണം.
യൂത്ത്ലീഗിനോട് മുട്ടാന് ഉശിരുള്ളവന് ഒരു മൂപ്പും വേണ്ട ശേഖരാ. മുപ്പത്തൊമ്പതാം വയസ്സിലാണ് 'ഒരു കൊട്ടക്കൈലോളം' പോന്ന 'കുട്ടിച്ചേകവര്'' സാക്ഷാല് ലീഗിനോട് അങ്കത്തിനിറങ്ങിയത്. അന്നാണ് ഒരു കുഴിയാന മദയാനയെ മുട്ടുകുത്തിച്ചത്. അന്നുതന്നെയാണ് പീരങ്കിപ്പട പോര്മുഖം നിറഞ്ഞാടിയിട്ടും, പാവം മൂട്ടയെ കൊല്ലാന് വില്ലാളിവീരന്മാര്ക്ക് കഴിയാതിരുന്നത്. സംശയമുണ്ടെങ്കില് തലതൊട്ടപ്പന്മാരായ മുത്തപ്പന്മാരോട് ചോദിച്ച് നോക്ക്. എന്നിട്ടല്ലേ ഓജസ്സും തേജസ്സും ചോര്ന്നുപോയ പുത്തന് യൂത്ത്ലീഗ്!....'
'അന്ത്യനാളില് എല്ലാ പാപങ്ങളും അള്ളാഹു പൊറുക്കും. സാമ്പത്തിക തട്ടിപ്പൊഴികെ' എന്ന പ്രവാചക വചനം 'അര്ഷിന്റെ'തണല് മുന്കൂര് പതിച്ചു കിട്ടിയ പച്ചപ്പതാകക്കാര് ഓര്ക്കുന്നത് നന്ന്.