കൊച്ചി: കളമശേരി സ്ഫോടനക്കേസ് അന്വേഷണം വ്യാപിപ്പിക്കാന് പൊലീസ്. പ്രതി ഡൊമിനിക് മാർട്ടിൻ ഗൾഫിൽ നിന്ന് തിരിച്ചെത്തിയശേഷം ബന്ധപ്പെട്ടവരെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു. യഹോവ സാക്ഷികളിൽ നിന്ന് വിട്ടുപോയവരുടെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്. യഹോവ സാക്ഷികളുടെ മുൻ കൺവെൻഷനുകളിൽ സ്ഫോടനം നടത്താൻ ഡൊമിനിക് പദ്ധതിയിട്ടിരുന്നോയെന്നതും അന്വേഷണ പരിധിയിലുണ്ട്.
സഭയിൽ നിന്ന് സമീപകാലങ്ങളിൽ പിൻമാറിയവർ, പുറത്താക്കപ്പെട്ടവർ, വിയോജിപ്പുകൾ പ്രകടിപ്പിച്ചവർ, നേതൃത്വത്തെ എതിർത്തവർ തുടങ്ങിയവരുടെ വിവരങ്ങളാണ് ശേഖരിക്കാൻ ആരംഭിച്ചത്. സ്ഫോടനത്തിന് ബാഹ്യപ്രേരണയോ പിന്തുണയോ ലഭിച്ചിട്ടുണ്ടോയെന്ന് കണ്ടെത്തുകയാണ് ലക്ഷ്യം. യഹോവ സാക്ഷികളുടെ മുമ്പ് നടന്ന പ്രാർത്ഥനാ കൂട്ടായ്മകൾ, യോഗങ്ങൾ, കൺവെൻഷനുകൾ എന്നിവയുടെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്. ഇവിടങ്ങളിൽ ഡൊമിനിക് പങ്കെടുത്തിട്ടുണ്ടോ എന്നറിയുകയാണ് ലക്ഷ്യം.
കളമശേരിയിലെ കൺവെൻഷനിൽ ഇയാളെ കണ്ടവരുടെ മൊഴിയും കേസിൽ നിർണായകമാണ്. യഹോവ സാക്ഷികളുടെ കണ്വന്ഷനില് പങ്കെടുത്തവരില് ചിലര് സംഭവദിവസം ഡൊമിനിക് മാര്ട്ടിനെ കണ്ടതായി പൊലീസിനെ അറിയിച്ചിരുന്നു. ഇവരുടെ ലിസ്റ്റ് തയ്യാറാക്കുകയാണ് പൊലീസ്. തിരിച്ചറിയല് പരേഡിന് കോടതി അംഗീകാരം ലഭിച്ചശേഷം ഇവരോട് ഹാജരാകാനും ആവശ്യപ്പെടും. കാക്കനാട്ടെ ജില്ലാ ജയിലില് തിരിച്ചറിയല് പരേഡ് നടത്താനാണ് തീരുമാനം.