തിരുവനന്തപുരം: കേരളത്തിൽ എവിടെയും ആരെയും ബോംബ് വച്ച് കൊല്ലാനാകുന്ന സ്ഥിതിയാണുള്ളതെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ക്രമസമാധാനം ഇത്ര കണ്ട് തകർന്ന സ്ഥിതി ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളീയം എന്ന പേരിൽ നടക്കുന്ന ധൂർത്ത് കൊണ്ട് കേരളീയർക്ക് പ്രയോജനമില്ലെന്നും പരിപാടിയുടെ യഥാർഥ ചെലവ് 50 കോടിയിൽ കുറയില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
'നാല് മാസമായി പെൻഷൻ കൊടുക്കാത്തവരാണ് ഇത് നടത്തുന്നത്. മമ്മൂട്ടിയെയും മോഹൻലാലിനെയും കൂടെ നിർത്തി സെൽഫി എടുത്താൽ പാവങ്ങളുടെ വയർ നിറയില്ല. മരുന്ന് വാങ്ങാൻ ഗതിയില്ലാത്തവരെ കമൽഹാസന്റെ പ്രസംഗം കേൾപ്പിക്കാനുള്ള ധൈര്യം പിണറായി വിജയൻ സർക്കാരിന് മാത്രമാണുള്ളത്. കേരളീയത്തിന്റെ കാര്യത്തിൽ കെ എൻ ബാലഗോപാലിന് ഒരു ഞെരുക്കവുമില്ല. ഇത്രയും പച്ചക്കള്ളം ആവർത്തിച്ച് പറയുന്ന ഒരു ധനകാര്യമന്ത്രി ഉണ്ടായിട്ടില്ല. പിണറായി വിജയന്റെ അടിമയായ ധനമന്ത്രി കേരളത്തിനാകെ അപമാനമാണ്', കേന്ദ്രമന്ത്രി വിമർശിച്ചു.
പലസ്തീൻ സെമിനാർ വിഷയത്തിൽ ലീഗിന്റെ നിലപാട് അവരാണ് പറയേണ്ടതെന്ന് വ്യക്തമാക്കിയ മുരളീധരൻ മുസ്ലീം ലീഗും കോൺഗ്രസും ഒറ്റ മുന്നണിയാണെന്നും ഡൽഹിയിൽ ഒന്നിച്ചിരിക്കാമെങ്കിൽ ഇവിടെയും അതാവാമെന്നും പ്രതികരിച്ചു. ലീഗ് മുന്നണി മാറുന്നില്ല. ഇവരെല്ലാം ഒറ്റമുന്നണിയാണ്. ഭീകരവാദികൾക്ക് പിന്തുണ നൽകുന്ന കാര്യത്തിലും ഇവർ ഒറ്റ മുന്നണിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തൃശ്ശൂരിലെ എൻഡിഎ സ്ഥാനാർഥി വിഷയത്തിലും മുരളീധരൻ പ്രതികരിച്ചു. പാർട്ടി നേതൃത്വം ചിലപ്പോൾ സുരേഷ് ഗോപിയോട് മത്സരിക്കാൻ പറഞ്ഞു കാണും. സുരേഷ് ഗോപി ആണോ മത്സരിക്കുകയെന്ന് തനിക്കറിയില്ല. ജനകീയ വിഷയങ്ങളിലാണ് അദ്ദേഹം ഇടപെടുന്നത്. അതുകൊണ്ട് സുരേഷ് ഗോപി മത്സരിക്കണം എന്ന് പ്രവർത്തകർ ആഗ്രഹിക്കുന്നുണ്ട്. സുരേഷ് ഗോപിക്കെതിരായ തൃശ്ശൂർ അതിരൂപതയുടെ നിലപാടിനെ പറ്റി തനിക്കറിയില്ലെന്നും വി മുരളീധരൻ പറഞ്ഞു. തന്നോട് തൃശ്ശൂരിൽ മത്സരിക്കണമെന്ന് പറഞ്ഞിട്ടില്ല. കേന്ദ്രമന്ത്രിമാർ തിരുവനന്തപുരത്ത് മത്സരിക്കുന്നതിനെ പറ്റി തനിക്കറിയില്ലെന്നും മുരളീധരൻ പറഞ്ഞു.
പുന്നപ്ര-വയലാറിലെ വാർഷികത്തിൽ ദീപശിഖ നൽകുന്നതിൽ സ്ത്രീകളെ വിലക്കിയതിൽ അത്ഭുതപ്പെടേണ്ട കാര്യമില്ലെന്നും സ്ത്രീകൾ വീട്ടിലിരുന്നാൽ മതിയെന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നയമാണ് സിപിഐഎം നടപ്പാക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.