തിരുവനന്തപുരം: കെപിസിസി വിലക്ക് ലംഘിച്ച് പലസ്തീന് ഐക്യദാര്ഢ്യ റാലി സംഘടിപ്പിച്ചതില് വിശദീകരണം നല്കാന് ആര്യാടന് ഷൗക്കത്ത് അച്ചടക്ക സമിതിക്ക് മുന്നിലെത്തി. റാലി സംഘടിപ്പിച്ചത് സംബന്ധിച്ച് പാര്ട്ടിക്ക് തെറ്റിദ്ധാരണയുണ്ടായിട്ടുണ്ടെങ്കില് വ്യക്തത വരുത്തുമെന്ന് ആര്യാടന് ഷൗക്കത്ത് പ്രതികരിച്ചു.
'എന്റെ വിശദീകരണം പാര്ട്ടിക്ക് നല്കും. അത് സ്വീകരിക്കുമെന്ന് തന്നെയാണ് വിശ്വസിക്കുന്നത്. ഞാന് കെപിസിസിയുടെ ജനറല് സെക്രട്ടറിയാണ്. സിപിഐഎം ക്ഷണം ഉണ്ടെങ്കിലും ഉത്തരവാദിത്തപ്പെട്ട പദവിയിലിരിക്കുന്നയാള് എന്ന നിലയില് എന്റെ പ്രതികരണം നിങ്ങള്ക്ക് ഊഹിക്കാവുന്നതേയുള്ളൂ. ബാക്കി കാര്യങ്ങള് പിന്നീട് സംസാരിക്കും. അച്ചടക്കമുള്ള പ്രവര്ത്തകനായി തുടരും.' ആര്യാടന് ഷൗക്കത്ത് പ്രതികരിച്ചു.
അധിനിവേശവും ചെറുത്തുനില്പ്പുമാണ് പലസ്തീനില് നടക്കുന്നത്. പലസ്തീന് വേണ്ടി പോടുകയും എഐസിസി പ്രമേയം അവതരിപ്പിക്കുകയും ചെയ്ത ചരിത്രമാണ് കോണ്ഗ്രസിന്റേത്. പലസ്തീനിന്റെ ജനങ്ങളുമായി ഐക്യപ്പെടുകയെന്നത് കോണ്ഗ്രസിന്റെ ഉത്തരവാദിത്തമാണ്. പലസ്തീന് ഐക്യദാര്ഢ്യവുമായി ബന്ധപ്പെട്ട നിലപാടില് മാറ്റമില്ല. അതില് തര്ക്കമില്ല. എന്റെ നിലപാടില് പാര്ട്ടിക്ക് തെറ്റിദ്ധാരണയുണ്ടായെങ്കില് അത് മാറ്റുകയാണ് തന്റെ ഉദ്ദേശമെന്നും ആര്യാടന് ഷൗക്കത്ത് കൂട്ടിച്ചേര്ത്തു.
ഷൗക്കത്തിന്റെ വിശദീകരണം കേട്ടശേഷമാവും കെപിസിസി നടപടികളിലേക്ക് കടക്കുകയെന്നും അല്ലാത്തപക്ഷം അനീതിയായിരിക്കുമെന്നും കഴിഞ്ഞ ദിവസം അച്ചടക്കസമിതി ചെയര്മാന് തിരുവഞ്ചൂര് രാധാകൃഷ്ണന് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ആര്യാടന് ഷൗക്കത്തിന് നിലവില് ഒരാഴ്ചത്തേക്ക് കോണ്ഗ്രസ് വിലക്ക് ഏര്പ്പെടുത്തിയിട്ടുണ്ട്. പാര്ട്ടി പരിപാടികളിലോ യോഗങ്ങളിലോ പങ്കെടുക്കാന് പാടില്ലെന്നും നിര്ദേശം ഉണ്ടായിരുന്നു. അച്ചടക്ക സമിതിയുടെ റിപ്പോര്ട്ട് ലഭിച്ചശേഷം കൂടുതല് നടപടിയെടുക്കാനാണ് കെപിസിസി തീരുമാനിച്ചത്.