തിരുവനന്തപുരം: ഒരിക്കല് ടികെ ഹംസയിലൂടെ മുസ്ലിം ലീഗിന്റെ മഞ്ചേരി കോട്ട പൊളിക്കാന് സിപിഐഎമ്മിന് സാധിച്ചെങ്കിലും അത് സ്ഥിരമാക്കാന് കഴിഞ്ഞിരുന്നില്ല. ഇത്തവണ മലപ്പുറത്തെ രണ്ട് ലോക്സഭ മണ്ഡലങ്ങളില് പൊന്നാനി പിടിച്ചെടുക്കുന്നതിനുള്ള കാര്യമായ ആലോചനകളിലാണ് സിപിഐഎം.
യുഡിഎഫ് വോട്ടുകളില് വിള്ളല് വീഴ്ത്തി ആ വോട്ടുകള് ഇടതുമുന്നണിയിലേക്ക് എത്തിക്കാന് കഴിയുന്ന വ്യക്തിത്വത്തെയാണ് സിപിഐഎം തിരയുന്നത്. ഈ ഘട്ടത്തിലാണ് ജില്ലയിലെ കോണ്ഗ്രസ് ഗ്രൂപ്പ് വഴക്കിന്റെ ഭാഗമായി കെപിസിസി ജനറല് സെക്രട്ടറി ആര്യാടന് ഷൗക്കത്തും യൂത്ത് കോണ്ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമായ റിയാസ് മുക്കോളിയും ജില്ലാ നേതൃത്വത്തോട് ഇടയുന്നത്. ഇവരുടെ നേതൃത്തിലുള്ള ആര്യാടന് ഫൗണ്ടേഷന്റെ പേരില് പലസ്തീന് ഐക്യദാര്ഡ്യ റാലി നടത്തരുതെന്ന് കെപിസിസി ആവശ്യപ്പെട്ടിട്ടും റാലി നടന്നു. ആയിരങ്ങള് പങ്കെടുക്കുകയും ചെയ്തു. ഇതോടെ കെപിസിസി അച്ചടക്ക സമിതി ആര്യാടന് ഷൗക്കത്തിനെ തിരുവനന്തപുരത്തേക്ക് വിളിച്ചിരിക്കുകയാണ്.
ഇപ്പോള് മലപ്പുറത്തെ കോണ്ഗ്രസിനകത്തുള്ള വിള്ളലിന്റെ പശ്ചാത്തലത്തില് ആര്യാടന് ഷൗക്കത്തിനെയും റിയാസ് മുക്കോളിയെയും തങ്ങളുടെ പാളയത്തിലെത്തിക്കാന് കഴിയുമോ എന്നാണ് സിപിഐഎം ആലോചിക്കുന്നത്. ഇപ്പോള് കായിക മന്ത്രിയായ വി അബ്ദുറഹിമാനും നിലമ്പൂര് എംഎല്എയായ പി വി അന്വറും കോണ്ഗ്രസില് നിന്നാണ്. ആ തന്ത്രം ആവര്ത്തിച്ചാല് മാത്രമേ പൊന്നാനി അടക്കമുള്ള മലപ്പുറത്തെ ലോക്സഭ, നിയമസഭ മണ്ഡലങ്ങളില് വിജയിക്കാന് കഴിയുകയുള്ളൂ എന്ന വിലയിരുത്തലിലാണ് സിപിഐഎം.
ആര്യാടന് ഷൗക്കത്തിന്റെയും റിയാസ് മുക്കോളിയുടെയും വരുംകാല നിലപാടുകള്ക്കനുസരിച്ചായിരിക്കും സിപിഐഎം നീക്കങ്ങള്. ഇരു നേതാക്കളും കോണ്ഗ്രസ് വിട്ടെത്തിയില്ലെങ്കില് കോണ്ഗ്രസില് നിന്നോ ലീഗില് നിന്നോ നേതാക്കളെ എത്തിച്ച് പൊന്നാനിയില് മികച്ച പോരാട്ടം കാഴ്ചവെക്കാനാണ് സിപിഐഎം തീരുമാനം.