കൊച്ചി: കളമശേരി സ്ഫോടനത്തിൽ ആദ്യം മരിച്ചത് പെരുമ്പാവൂർ സ്വദേശി ലയോണ പൗലോസ് ആണ് എന്ന് സ്ഥിരീകരണം. ഡിഎൻഎ പരിശോധനാ ഫലത്തിലാണ് സ്ഥിരീകരണം. ലയോണയുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം കുടുംബത്തിന് നൽകും. പെരുമ്പാവൂർ ഇരിങ്ങോൾ സ്വദേശി ലയോണ പൗലോസിന്റെ മകൻ വിദേശത്തായതിനാൽ വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. സ്ഫോടനം നടന്ന സമ്മേളനത്തിൽ ലയോണ പങ്കെടുത്തത് ആർക്കും അറിവുണ്ടായിരുന്നില്ല. രണ്ടുദിവസത്തിനുശേഷം പഞ്ചായത്ത് അധികൃതർ എത്തിയാണ് മരിച്ചത് ലയോണയെന്ന് തിരിച്ചറിഞ്ഞത്. ലയോണയുടെ സംസ്കാരം ഇന്ന് പെരുമ്പാവൂർ നെടുങ്കപ്രയിലെ യഹോവ സാക്ഷികളുടെ സെമിത്തേരിയിൽ നടത്തും.
ഒക്ടോബർ 29-ാംതീയതി രാവിലെ കളമശേരി സാമ്ര കൺവെൻഷൻ സെൻ്ററിലാണ് സ്ഫോടനം നടന്നത്. സ്ത്രീകളും കുട്ടികളും ഉള്പ്പെടെ രണ്ടായിരത്തിലധികം പേർ ഹാളില് ഉണ്ടായിരുന്നു. വെള്ളിയാഴ്ച്ച തുടങ്ങിയ സമ്മേളനത്തിന്റെ സമാപന ദിവസമായിരുന്നു സ്ഫോടനം. മൂന്ന് തവണയാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തില് നാല് പേർക്കാണ് ജീവന് നഷ്ടമായത്. ലയോണയെ കൂടാതെ ആലുവ സ്വദേശി മോളി ജോയ്, മലയാറ്റൂർ സ്വദേശി ലിബിന, തൊടുപുഴ സ്വദേശിയായ കുമാരി എന്നിവരും സ്ഫോടനത്തില് കൊല്ലപ്പെട്ടു. 19 പേർ നിലവില് ചികിത്സയിലാണ്. 11 പേർ തീവ്രപരിചരണ വിഭാഗത്തിലും രണ്ട് പേർ ഗുരുതരാവസ്ഥയിലും ചികിത്സയില് തുടരുന്നു.
സ്ഫോടന കേസിലെ പ്രതി ഡൊമിനിക് മാർട്ടിനെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്ന നടപടി തുടരുകയാണ്. ഇയാളുടെ വിദേശ ബന്ധങ്ങൾ സംബന്ധിച്ചും സാമ്പത്തിക ശ്രോതസ് സംബന്ധിച്ചും വിശദമായ അന്വേഷണം നടക്കുന്നുണ്ട്. ഇൻഫോപാർക് പൊലീസ് സ്റ്റേഷനിൽ നിന്ന് രാവിലെ പ്രതിയെ കളമശ്ശേരി പൊലീസ് ക്ലബ്ബിൽ എത്തിച്ചാണ് ചോദ്യം ചെയ്യൽ തുടരുന്നത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാകും തെളിവെടുപ്പ് നടപടികൾ.