എം വി ആര് പുരസ്കാരം മമ്മൂട്ടിക്ക്; കൊച്ചിയിൽ വെച്ചു നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും

മുന്മന്ത്രിയും സി എം പി നേതാവുമായിരുന്ന എം വി രാഘവന്റെ ഒന്പതാം ഓർമ്മ ദിനം നവംബര് ഒന്പതിന് നടത്തും

dot image

കണ്ണൂര്: ഈ വര്ഷത്തെ എം വി ആര് പുരസ്കാരം മെഗാസ്റ്റാര് മമ്മൂട്ടിയ്ക്ക്. കൊച്ചിയില് വെച്ച് നടക്കുന്ന ചടങ്ങില് പുരസ്കാരം മമ്മൂട്ടിക്ക് സമ്മാനിക്കും. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരമെന്ന് കണ്ണൂര് പ്രസ് ക്ലബില് നടന്ന വാര്ത്താസമ്മേളനത്തില് സംഘാടകര് അറിയിച്ചു. മുന്മന്ത്രിയും സി എം പി നേതാവുമായിരുന്ന എം വി രാഘവന്റെ ഒന്പതാം ഓർമ്മ ദിനം നവംബര് ഒന്പതിന് നടത്തും.

'മലയാളസിനിമ അതിന്റെ വളര്ച്ചയുടെ ചരിത്രസന്ധികളിലൂടെ കടന്നുപോകുമ്പോള് പലപ്പോഴുമതിനെ ഒറ്റയ്ക്ക് ചുമലിലേറ്റി പരാധീനതകളെ മറികടക്കാന് മമ്മൂട്ടി എന്ന അഭിനേതാവിനു കഴിഞ്ഞിരുന്നു. ഒരു ജനതയ്ക്കും സിനിമ വെറുമൊരു വിനോദോപാധിയോ വ്യവസായമോ മാത്രമല്ല. ആനന്ദമാര്ഗ്ഗം എന്നതുപോലെ ആത്മപ്രകാശനത്തിനുള്ള ഉപാധി കൂടെയാണ്. ഇരുട്ടിലിരുന്ന് ഒരു സമൂഹം നുണയുന്ന വെളിച്ചക്കാഴ്ചകളില് വിശദീകരിക്കാനും വ്യാഖ്യാനിക്കാനുമാകാത്ത എത്രയോ സങ്കീര്ണ്ണ വൈകാരികതകള് കലര്ന്നുകിടക്കുന്നുണ്ട്.

വിചിത്ര വിധങ്ങളില് തങ്ങളുടെ കാമനകള് കുഴമറിഞ്ഞുകിടക്കുന്നൊരു മാധ്യമത്തിന്റെ നിര്ണ്ണായകമായ വികാസസന്ധികളില് നായകത്വമേറ്റെടുത്തു നിന്നൊരു പിതൃരൂപത്തോട് മലയാള സിനിമാസ്വാദകരും മലയാള സിനിമാവ്യവസായവും പുലര്ത്തുന്ന നന്ദിയും കടപ്പാടും മമ്മൂട്ടി എന്ന അഭിനേതാവിനെ ബഹുമാന്യമായ പദവിയിലെത്തിച്ചതില് പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.

ഇന്നും മലയാള സിനിമയുടെ നെടുംതൂണുകളിലൊന്ന് എന്ന നിലയില് ആ സ്ഥാനം തുടരുന്നതിന് അനേകം കാരണങ്ങള് കണ്ടെത്താന് കഴിയും. മായ്ച്ചോ മറച്ചോ കളയാനാവാത്തൊരു സൗവര്ണ്ണ ഭൂതകാലത്തിന്റെ ആലക്തികദ്യുതിക്കപ്പുറം കാലാനുസൃതമായി സ്വയം പുതുക്കാനും പരിഷ്കരിക്കാനും നടത്തിയ യത്നങ്ങളുടെ കൂടി ഫലമാണ് അഭിനേതാവെന്ന നിലയില് മമ്മൂട്ടിക്കു ലഭിക്കുന്ന പരമപ്രാധാന്യം. തന്റെ നടനജീവിതത്തെ മമ്മൂട്ടിതന്നെ നോക്കിക്കാണുന്നത് ഇങ്ങനെയാണ്,'

''ഞാന് ജന്മനാ ഒരു കഴിവുള്ള വലിയ നടനാണെന്ന് എനിക്കു തോന്നിയിട്ടില്ല. എന്നെ സ്വയം വിലയിരുത്തുമ്പോള് ഞാനൊരു നല്ല നടനായിട്ടല്ല ആരംഭം കുറിച്ചത്. ഞാന് ഇവോള്വ് ചെയ്യുകയായിരുന്നു. അതായത് ഞാന് പരിണമിക്കുകയായിരുന്നു. ഒരു ആക്ടര് പരിണമിച്ചു പോകുന്നതാണ്. എവല്യൂഷനാണ് എന്നെ നിലനിര്ത്തുന്ന ഘടകം. ഒരു പക്ഷേ, അതുകൊണ്ടായിരിക്കണം ഒരു കഥാപാത്രം ചെയ്തു കഴിഞ്ഞാല് അടുത്ത കഥാപാത്രം വ്യത്യസ്തമാകുന്നത്. സ്വയം അങ്ങനെ പരിണമിക്കുകയാണ് അദ്ദേഹം. കഥാപാത്രത്തിനു പരിണാമമുണ്ട്. ഗ്രോത്ത്, വളര്ച്ച എന്നൊക്കെയും പറയാം. പരിണാമം എന്ന് പറയുന്നതാണ് എനിക്കിഷ്ടം. എവല്യൂഷന്.''

ഈ വാക്കുകളില് തെളിഞ്ഞു കത്തുന്ന മനോഭാവം തന്നെയാണ് അഭിനേതാവെന്ന നിലയില് മമ്മൂട്ടിയെ കാലാനുസൃതമായി പരുവപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. തിരിച്ച് മമ്മൂട്ടി എന്ന നടനെ തിരുത്താനും തുടച്ചുമിനുക്കാനുമുള്ള മിടുക്ക് മലയാളിയുടെ ഭാവുകത്വത്തിനുണ്ട്. മമ്മൂട്ടിയിലെ അഭിനേതാവിന്റെ സ്വയംനവീകരണക്ഷമതയും നിരന്തര പരിഷ്കരണവും മലയാളിയുടെ ഭാവുകത്വ പരിണാമചരിത്രവുമായി ബന്ധപ്പെടുത്തിക്കൊണ്ട് തന്നെയേ വായിച്ചെടുക്കാനും വ്യാഖ്യാനിക്കാനും കഴിയൂ എന്നസാരം.', എന്ത് കൊണ്ട് മമ്മൂട്ടിയെന്നതില് സംഘാടകര് വിശദീകരിച്ചു.

നവംബര് ഒന്പതിന് രാവിലെ ഒന്പത് മണിക്ക് പയ്യാമ്പലം എം വി ആര് സ്മൃതി മണ്ഡപത്തില് നടക്കുന്ന അനുസ്മരണ ചടങ്ങിലെ പുഷ്പാര്ചനയ്ക്ക് പാട്യം രാജനും എം വി ആറിന്റെ കുടുംബാംഗങ്ങളും നേതൃത്വം നല്കും. തുടര്ന്ന് 10 മണിക്ക് ചേമ്പര് ഹാളില് നടക്കുന്ന അനുസ്മരണ സമ്മേളനം സഹകരണ വകുപ്പ് മന്ത്രി വി എന് വാസവന് ഉദ്ഘാടനം ചെയ്യും.

ശേഷം 'കേരള നിര്മിതിയില് സഹകരണ മേഖലയുടെ പങ്ക്' എന്ന വിഷയത്തില് സെമിനാര് നടക്കും. പാട്യം രാജന് പരിപാടിയുടെ അധ്യക്ഷത വഹിക്കും. ഇന്ത്യന് യൂണിയന് മുസ്ലീം ലീഗ് ജനറല് സെക്രടറി പി കെ കുഞ്ഞാലികുട്ടി മുഖ്യപ്രഭാഷണം നടത്തും. കരകുളം കൃഷ്ണപിള്ള, എം വി ജയരാജന്, എം കെ കണ്ണന്, റിപ്പോർട്ടർ ടിവി എഡിറ്റർ ഇൻ ചീഫ് എം വി നികേഷ് കുമാര്, പ്രൊഫ. ഇ കുഞ്ഞിരാമന്, ചൂരായി ചന്ദ്രന് മാസ്റ്റര്, സി വി ശശീന്ദ്രന്, പി വി വത്സന് മാസ്റ്റര് തുടങ്ങിയവര് പങ്കെടുക്കും.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us