തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതി അടിയന്തരമായി പരിഗണിക്കണമെന്ന് ദക്ഷിണ റെയിൽവേയോട് റെയിൽവേ ബോർഡ്. ദക്ഷിണ റെയിൽവേക്ക് അയച്ച കത്തിലാണ് റെയിൽവേ ബോർഡ് ഇക്കാര്യം ആവശ്യപ്പെട്ടത്. പദ്ധതി സംബന്ധിച്ച് കെ-റെയിലുമായി വീണ്ടും ചർച്ച നടത്തണം. ചർച്ചയ്ക്ക് ശേഷം വിശദമായ പ്രതികരണം അറിയിക്കണമെന്നും റെയിൽവേ ബോർഡ് കത്തിലൂടെ ആവശ്യപ്പെട്ടു.
നേരത്തെ കെ-റെയിൽ സമർപ്പിച്ച രേഖകൾ പരിശോധിച്ച് നിലപാടറിയിക്കാൻ റെയിൽവേ ബോർഡ് ദക്ഷിണ റെയിൽവേയോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ മാസം 21 ന് ദക്ഷിണ റെയിൽവേ ഇതിന് മറുപടി പറയുകയും ചെയ്തു. എന്നാൽ കൂടുതൽ വ്യക്തമായ വിശദീകരണം വേണമെന്നും കെ റെയിൽ ബോർഡുമായി ചർച്ച ചെയ്യണമെന്നും റെയിൽവേ ആവശ്യപ്പെടുകയായിരുന്നു. ഇത് സംബന്ധിച്ച് സർക്കാർ പ്രതികരിച്ചിട്ടില്ല. കെ റെയിലിനായി സംസ്ഥാന സർക്കാരിന് വേണ്ടി കെ വി തോമസ് കേന്ദ്രവുമായി ആശയ വിനിമയം നടത്തുന്നുണ്ട്.
ആര് എതിർത്താലും കെ റെയിൽ നടപ്പാക്കുമെന്ന് ഒക്ടോബറിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞിരുന്നു. കെ റെയിലിൽ നിന്ന് പിന്നോട്ടില്ല. ജനങ്ങൾക്കു കൃത്യമായ ധാരണയും ദിശാബോധവും നൽകി പദ്ധതി നടപ്പിലാക്കും. കുറ്റി പറിച്ചതുകൊണ്ട് കെ റെയിൽ ഇല്ലാതാകില്ല. എതിർപ്പ് പ്രശ്നമല്ലെന്നും ആത്മധൈര്യത്തോടെയാണ് പറയുന്നതെന്നും പാലക്കാട്ട് ഒറ്റപ്പാലത്ത് നടന്ന പാർട്ടി പരിപാടിക്കിടെ എം വി ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു.
ജനങ്ങൾക്ക് കൃത്യമായ ധാരണയും ദിശാബോധവും നൽകി കെ റെയിൽ പദ്ധതി നടപ്പാക്കും. കേന്ദ്രം സമ്മാനിച്ച വന്ദേ ഭാരതിന്റെ വേഗത കണ്ട് ജനങ്ങൾ നല്ല ആവേശത്തിലാണ്. പക്ഷെ അതിന്റെ ഇരട്ടി ചാർജ് ജനങ്ങളെ വലയ്ക്കുന്നുണ്ട്. കെ റെയിൽ വന്നാൽ തിരുവനന്തപുരത്തു നിന്നു കാസർകോട്ടേക്കും തിരിച്ചും ദിവസവും 39 ട്രെയിനുകൾ സർവീസ് നടത്തും. 3.54 മണിക്കൂർകൊണ്ട് കാസർകോട്ടുനിന്നു തിരുവനന്തപുരത്തെത്താം. 20 മിനിറ്റ് കൂടുമ്പോൾ സ്റ്റേഷനുകളിൽ ട്രെയിൻ വരുമെന്നും എം വി ഗോവിന്ദൻ പറഞ്ഞിരുന്നു.