തിരുവനന്തപുരം: ആര്യാടൻ ഷൗക്കത്തിന് പിന്തുണയുമായി ശശി തരൂർ. ഷൗക്കത്ത് എന്ത് തെറ്റാണ് ചെയ്തതെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും അച്ഛന്റെ പേരിലുള്ള ഫൗണ്ടേഷന്റെ കീഴിൽ പലസ്തീൻ ഐക്യദാർഢ്യ സംഗമം സംഘടിപ്പിക്കുന്നതിൽ തെറ്റില്ലെന്നും ശശി തരൂർ പറഞ്ഞു. കോൺഗ്രസ് നിലപാട് തന്നെയാണ് ഷൗക്കത്ത് ഉയർത്തിപ്പിടിച്ചത്. കാലങ്ങളായി ഒപ്പമുള്ളയാളാണ് ഷൗക്കത്ത്. ഇന്ന് നടക്കുന്ന മലപ്പുറം ജില്ലാ കൺവെൻഷനിൽ ഷൗക്കത്തിന് പങ്കെടുക്കാൻ കഴിയാത്തത് നിർഭാഗ്യകരമാണ്. വിവാദം നീട്ടിക്കൊണ്ട് പോകരുതെന്നും അച്ചടക്ക സമിതി ഉടൻ തീരുമാനം എടുക്കണമെന്നും ശശി തരൂർ ആവശ്യപ്പെട്ടു.
കെപിസിസിയുടെ വിലക്ക് ലംഘിച്ച് പലസ്തീന് ഐക്യദാര്ഢ്യ റാലി സംഘടിപ്പിച്ചതില് ആര്യാടന് ഷൗക്കത്തിന് ഒരാഴ്ചത്തേക്ക് കോണ്ഗ്രസ് വിലക്ക് ഏര്പ്പെടുത്തിയിട്ടുണ്ട്. പാര്ട്ടി പരിപാടികളിലോ യോഗങ്ങളിലോ പങ്കെടുക്കാന് പാടില്ലെന്നും നിര്ദേശം ഉണ്ട്. അച്ചടക്ക സമിതിയുടെ റിപ്പോര്ട്ട് ലഭിച്ചശേഷം കൂടുതല് നടപടിയെടുക്കാനാണ് കെപിസിസിയുടെ തീരുമാനം.
ആര്യാടന് ഷൗക്കത്ത് അച്ചടക്ക സമിതിക്ക് മുന്നില് ഹാജരായി വിശദീകരണം നൽകിയിരുന്നു. 'എന്റെ വിശദീകരണം പാര്ട്ടിക്ക് നല്കും. അത് സ്വീകരിക്കുമെന്ന് തന്നെയാണ് വിശ്വസിക്കുന്നത്. ഞാന് കെപിസിസിയുടെ ജനറല് സെക്രട്ടറിയാണ്. സിപിഐഎം ക്ഷണം ഉണ്ടെങ്കിലും ഉത്തരവാദിത്തപ്പെട്ട പദവിയിലിരിക്കുന്നയാള് എന്ന നിലയില് എന്റെ പ്രതികരണം നിങ്ങള്ക്ക് ഊഹിക്കാവുന്നതേയുള്ളൂ. ബാക്കി കാര്യങ്ങള് പിന്നീട് സംസാരിക്കും. അച്ചടക്കമുള്ള പ്രവര്ത്തകനായി തുടരും.' എന്നായിരുന്നു വിഷയത്തില് ആര്യാടന് ഷൗക്കത്തിന്റെ പ്രതികരണം.
ആര്യാടന് ഷൗക്കത്തിനെതിരായ നടപടി നവംബര് എട്ടിന് ചേരുന്ന അച്ചടക്ക സമിതി യോഗത്തില് തീരുമാനിക്കും. ഷൗക്കത്ത് വിശദമായി കാര്യങ്ങള് സംസാരിച്ചുവെന്നും കുറച്ച് കാര്യങ്ങളില് കൂടി വ്യക്തത വരാനുണ്ടെന്നും അച്ചടക്ക സമിതി ചെയര്മാന് തിരുവഞ്ചൂര് രാധാകൃഷ്ണനും പ്രതികരിച്ചു. അന്തിമ തീരുമാനം എട്ടാം തീയതി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.