തൃശൂർ: അഞ്ചുവർഷം കൊണ്ട് അതിതീവ്ര ദാരിദ്ര്യം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തെ മുൻ നിർത്തി കേരള സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി ശ്രീ ഗോകുലം പബ്ലിക് സ്കൂള്. തിരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങൾക്ക് ശ്രീ ഗോകുലം പബ്ലിക് സ്കൂളിന്റെ നേതൃത്വത്തില് എല്ലാ മാസവും ഭക്ഷ്യകിറ്റുകൾ വീടുകളിൽ എത്തിച്ച് നല്കും. ജില്ലയിലെ 4743 അതിദാരിദ്ര് കുടുംബങ്ങൾക്ക് സഹായം എത്തിക്കുന്നതിനായി ജില്ലാ കളക്ടർ വി ആർ കൃഷ്ണ തേജ തുടക്കം കുറിച്ച കാമ്പയിൻ 'ടുഗെതര് ഫോര് തൃശൂര്' ന്റെ ഭാഗമായാണ് ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്യുന്നത്.
ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനം തിങ്കളാഴ്ച പഴുവിൽ ശ്രീ ഗോകുലം പബ്ലിക് സ്കൂളിൽ വച്ച് നടന്നു. ചടങ്ങിൽ ശ്രീ ഗോകുലം സ്കൂളിലെ വിദ്യാർഥികൾ സമാഹരിച്ച ഭക്ഷ്യസാധനങ്ങളടങ്ങിയ കിറ്റ് തിരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങൾക്ക് കൈമാറി. സ്കൂൾ പ്രിൻസിപ്പാൾ അഭിലാഷ് കെ ആർ അധ്യക്ഷനായ ചടങ്ങിൽ ചാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എസ് മോഹൻദാസ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. മത സാംസ്കാരിക നായകന്മാരായ ഫാ. ഡോ. വിൻസന്റ് ചെറുവത്തൂർ, ഷാഹുൽ ഹമീദ് ദാരിമി, മുനി പരമസാരബിന്ദു എന്നിവർ സാഹോദര്യ സന്ദേശം നൽകി.
വൈസ് പ്രസിഡന്റ് അമ്പിളി സുനിൽ, വാർഡ് മെമ്പർ എൻ എൻ ജോഷി, ക്ഷേമകാര്യ കമ്മിറ്റി ചെയർമാൻ വിനീത ബെന്നി എന്നിവർ സംസാരിച്ചു. വി ഇ ഒ മാരായ ഗോകുൽ, സിന്ധു, ധന്യ, സ്കൂൾ കറസ്പോണ്ടന്റ് ധനജ സലീഷ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീജ ബോസ് എന്നിവർ ആശംസകളർപ്പിച്ചു.