തിരുവനന്തപുരം: കോൺഗ്രസിനെതിരെ രൂക്ഷ വിമര്ശനവുമായി കെ എം മാണിയുടെ ആത്മകഥ. ബാർകോഴ വിവാദത്തിൽ യുഡിഎഫ് പിന്തുണച്ചില്ലെന്നും പാർട്ടിക്കുള്ളിൽ ഗൂഢാലോചനയുണ്ടായെന്നുമാണ് ആത്മകഥയിൽ പറയുന്നത്. തലസ്ഥാനത്തെ കോൺഗ്രസ് നേതാക്കളുടെ പിൻബലമുളള ബാറുടമയാണ്, താൻ ഒരു കോടി രൂപ വാങ്ങിയെന്ന് ആരോപിച്ചത് എന്നും രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കണമെന്ന് ഒരു കോൺഗ്രസ് നേതാവ് ആവശ്യപ്പെട്ടപ്പോൾ അത് അംഗീകരിക്കാത്തതിൽ ''ഇത്തിരി വെള്ളം കുടിക്കട്ടെ, ഒരു പാഠം പഠിക്കട്ടെ'' എന്ന് രമേശ് ചെന്നിത്തല കരുതിക്കാണുമെന്നും ആത്മകഥയിൽ പറയുന്നു.
'വിദേശത്ത് നിന്ന് ധൃതിയിൽ എത്തിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എന്തോ അടിയന്തരകാര്യം പോലെ കോഴ ആരോപണത്തിൽ വിജിലൻസിന്റെ ത്വരിതാന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. അന്ന് ധനമന്ത്രിയായിരുന്ന എന്നെ നിരന്തരം ആക്രമിച്ച ബാറുടമയുടെ മകളുടെ വിവാഹാഘോഷത്തിനുപോയ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും വിവാഹം നടത്തിപ്പുകാരായി മാറി,' ആത്മകഥയിൽ കെ എം മാണി കുറ്റപ്പെടുത്തി.
'ബാറുകളെ സംബന്ധിച്ചുള്ള ഫയൽ നിയമമന്ത്രി കൂടിയായ എന്നെ കാണിക്കാതെ മന്ത്രിസഭാ യോഗത്തിൽ കൊണ്ടുവന്നതിനെപ്പറ്റി ചോദിച്ചപ്പോൾ എക്സൈസ് മന്ത്രി കെ ബാബുവിന് അതിഷ്ടപ്പെട്ടില്ല. ലൈസൻസ് വിവരങ്ങളെ കുറിച്ച് തിരക്കിയ ബാറുടമകളോട്, ''നിങ്ങൾ ആ ജുബ്ബാച്ചേട്ടനോട് പോയി ചോദിക്കൂ'' എന്നായിരുന്നു പറഞ്ഞത്. മുറിവേറ്റ കടുവയുടെ മുരളലായിരുന്നു അത്. ബാറുകൾ പൂട്ടുന്നതിനെ ചൊല്ലി കോൺഗ്രസിലുണ്ടായ തർക്കം അവരുടെ ഈഗോ പ്രശ്നം മാത്രമായിരുന്നു,' എന്നും ആത്മകഥയിൽ പരാമർശിക്കുന്നു.