കേരളീയം കേരളത്തിന്റെ മഹോത്സവം,ജനം നെഞ്ചേറ്റി;നാടിന്റെ പുരോഗതിക്കായുള്ള ചെലവ് ധൂർത്തല്ല: മുഖ്യമന്ത്രി

ഇത്തവണ ബഹിഷ്കരിച്ചവർ അടുത്ത തവണ സഹകരിക്കാൻ സ്നേഹ ബുദ്ധ്യാ ഉപദേശിക്കണമെന്ന് മുഖ്യമന്ത്രി

dot image

തിരുവനന്തപുരം: പിഴവുകൾ തിരുത്തി കൂടുതൽ മികച്ച രീതിയിൽ അടുത്ത കേരളീയം സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളീയം ജനം നെഞ്ചേറ്റി. തലസ്ഥാനം ജനസമുദ്രമായി. തുടർന്നും കേരളീയം സംഘടിപ്പിക്കാൻ ഈ വിജയം പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു. അടുത്ത കേരളീയത്തിനുള്ള തയ്യാറെടുപ്പ് ഇപ്പോൾ തന്നെ തുടങ്ങും. അടുത്ത കേരളീയത്തിനുള്ള സംഘാടക സമിതിയെ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം രൂപീകരിച്ചു. ചീഫ് സെക്രട്ടറി അധ്യക്ഷനും കെഎസ്ഐഡിസി എം ഡി കൺവീനറുമാകും. ഇത്തവണ ബഹിഷ്കരിച്ചവർ അടുത്ത തവണ സഹകരിക്കാൻ സ്നേഹ ബുദ്ധ്യാ ഉപദേശിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അതിദാരിദ്ര്യത്തിൽ നിന്ന് കേരളത്തെ മോചിപ്പിക്കും. അതിദരിദ്രരില്ലാത്ത ആദ്യ സംസ്ഥാനമാകാൻ കേരളത്തിന് കഴിയും. കേരളീയം നടക്കാനിരിക്കുന്ന അടുത്ത നവംബർ ഒന്നിന് ആ ലക്ഷ്യം കൈവരിക്കും. കേരളീയത്തിന്റെ സമാപന വേദിയിൽ ബിജെപി നേതാവ് ഒ രാജഗോപാൽ എത്തിയത് കേരളീയത്തെ കുറിച്ച് ഉയർത്തിയ ആക്ഷേപങ്ങളും വിമർശനങ്ങളും വലിയ തോതിൽ ബാധിക്കുന്നില്ലെന്നതിന്റെ സൂചനകളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

'കേരളീയം നാട് പൂർണമായി നെഞ്ചേറ്റി, വൻവിജയമാക്കിയത് ജനങ്ങളെന്ന് മുഖ്യമന്ത്രി

കേരളീയത്തിൽ 25 സെമിനാറുകൾ വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞു. വലിയ പങ്കാളിത്തമാണ് സെമിനാറുകളിലുടനീളമുണ്ടായത്. ഈ സെമിനാറുകളിലൂടെ ലോകത്തിന് മുന്നിൽ കേരളത്തിന്റെ പുരോഗതി അവതരിപ്പിക്കാനായി. ഭാവി കേരളത്തിന്റെ നയ രൂപീകരണത്തിന് സഹായകമാകും വിധം ലോകത്തിന്റെ വിവിധ മേഖലകളിലുള്ള വിദഗ്ധരുടെ സാന്നിദ്ധ്യവും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സെമിനാറുകളെ സമ്പന്നമാക്കി. 220 പ്രഭാഷകരാണ് വിഷയാവതരണം നടത്തിയത്. 30839 പേർ സെമിനാറിൽ പങ്കെടുത്തുവെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

കേരളീയം ലോഗോയ്ക്ക് ഏഴ് കോടി രൂപയെന്ന ആരോപണം തള്ളി ബോസ് കൃഷ്ണമാചാരി;'പ്രതിഫലം വാങ്ങിയിട്ടില്ല'

കേരളീയം ധൂർത്തെന്ന ആരോപണം തള്ളി മുഖ്യമന്ത്രി. നാടിന്റെ പുരോഗതിക്ക് വേണ്ടിയുള്ള ചെലവ് ധൂർത്തല്ല. കേന്ദ്ര നിലപാടാണ് കാരണം സംസ്ഥാനത്തിന് സാമ്പത്തിക പ്രതിസന്ധിയുണ്ട്. ഈ പ്രതിസന്ധിയിലും ക്ഷേമ പദ്ധതികളിൽ നിന്ന് അണുവിട പിന്മാറില്ല. പ്രതിസന്ധികൾ മറികടക്കാനുള്ള ശ്രമമാണ് നടത്തുന്നത്.

നികുതി വരുമാനം വർദ്ധിപ്പിച്ചും നികുതി പിരിവ് ഊർജിതമാക്കിയും പ്രതിസന്ധി മറികടക്കാനാണ് ശ്രമിക്കുന്നത്. സംസ്ഥാനത്തിന്റെ ഭാവിയിലേക്കുളള ആലോചനയും നടക്കും. സാംസ്കാരിക പരിപാടികളെ ധൂർത്ത് എന്ന് വിളിക്കുന്നത് ഭൂഷണമല്ല. സാംസ്കാരിക മേഖലയിലെ നിക്ഷേപം യുവ തലമുറയ്ക്ക് വേണ്ടിയാണ്. നവ കേരള സദസ് ഭരണ നിർവഹണത്തിലെ പുതിയ അധ്യായമാണ്. ജനപങ്കാളിത്തം കൂടുതൽ ദൃഢപ്പെടുത്താനുളള വലിയ യജ്ഞമാണിത്. മന്ത്രിസഭ ഒന്നാകെ ജനങ്ങളുമായി സംവദിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

dot image
To advertise here,contact us
dot image