'ആദിവാസി ജനവിഭാഗത്തെ വംശീയമായി അധിക്ഷേപിക്കുന്നു'; കേസെടുക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ്

വംശീയവെറി കലർന്ന മനോഭാവം പിണറായി ഭരണകൂടത്തിന്റെ സ്വഭാവത്തിൽ അലിഞ്ഞുചേർന്നിരിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി

dot image

തിരുവനന്തപുരം: കേരളീയം പരിപാടി ആദിമത്തിനെതിരെ കേസെടുക്കണമെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം കൊടിക്കുന്നിൽ സുരേഷ് എം പി. ആദിവാസി ജനവിഭാഗത്തെ പ്രദർശനവസ്തുക്കളാക്കുകയും വംശീയമായി അധിക്ഷേപിക്കുകയും ചെയ്യുന്നതാണ് ആദിമം. കേരളീയം സംഘാടകർക്കും കേരള ഫോക്ലോർ അക്കാദമി അധികൃതർക്കുമെതിരേ പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് ആവശ്യപ്പെട്ടു. വംശീയവെറി കലർന്ന മനോഭാവം പിണറായി ഭരണകൂടത്തിന്റെ സ്വഭാവത്തിൽ അലിഞ്ഞുചേർന്നിരിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം കേരളീയത്തിലെ ആദിമം പ്രദര്ശനത്തില് ആദിവാസികളെ പ്രദര്ശിപ്പിച്ചെന്ന വിവാദത്തില് വിശദീകരണവുമായി ഫോക്ലോര് അക്കാദമി ചെയര്മാന് ഒ എസ് ഉണ്ണികൃഷ്ണന് രംഗത്തെത്തിയി. കഴിഞ്ഞ ദിവസം വിഷയം വിവാദമായപ്പോള് തന്നെ ഫോട്ടോ എടുക്കാന് നിന്നു കൊടുക്കരുതെന്ന് ആദിവാസികള്ക്ക് നിര്ദേശം നല്കിയിരുന്നുവെന്ന് ഒ എസ് ഉണ്ണികൃഷ്ണന് റിപ്പോര്ട്ടറിനോട് പറഞ്ഞു.

ആളുകള് വന്ന് അവര്ക്കൊപ്പം ഫോട്ടോ എടുക്കുന്നതാണ് പ്രശ്നം എന്ന് ബോധ്യമായ സാഹചര്യത്തില് തന്നെ അവര്ക്ക് നിര്ദേശം നല്കിയിരുന്നു. കലാപരിപാടി കഴിഞ്ഞാല് ആ വേദിയില് നിന്ന് ഫോട്ടോ എടുത്തുകൊള്ളൂ, അതിന് ശേഷം വിശ്രമസ്ഥലത്ത് പോയി വിശ്രമിക്കണമെന്നും ഫോട്ടോക്ക് നിന്ന് കൊടുക്കരുതെന്നുമാണ് അവരോട് പറഞ്ഞത്. വേഷം ധരിച്ചിരിക്കുന്നവരെ കാണുമ്പോള് കൗതുകവും ഇഷ്ടവും സ്നേഹവും കൊണ്ട് പലരും ഫോട്ടോ എടുക്കുകയാണ് ഉണ്ടായത്. ദുരുദ്ദേശമുള്ളവര് പിന്നീട് ആ ഫോട്ടോ മോശമായി പ്രചരിപ്പിക്കുകയായിരുന്നു. അങ്ങനെയാണ് വിവാദമായതെന്നും അക്കാദമി ചെയര്മാന് ഒ എസ് ഉണ്ണികൃഷ്ണന് പറഞ്ഞു.

തെറ്റ് ബോധ്യപ്പെട്ടപ്പോള് തന്നെ അത് തിരുത്തിയെന്നും ഇത്തരത്തില് ഒരു വിഷയമുണ്ടായതില് ഖേദമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.

dot image
To advertise here,contact us
dot image