മലപ്പുറം ഡിസിസി പ്രസിഡന്റിനെതിരെ ആരോപണവുമായി എ ഗ്രൂപ്പ് ; ചര്ച്ച ഇപ്പോള് വേണ്ടെന്ന് വി ഡി സതീശന്

ഷൗക്കത്തിന്റെയും ഒപ്പമുള്ളവരുടെയും കാര്യത്തിൽ രമ്യമായ പരിഹാരം ഉണ്ടാക്കിയിട്ടുണ്ടെന്നും വി ഡി സതീശൻ ഉറപ്പുനൽകി

dot image

മലപ്പുറം: ജില്ലാ കോൺഗ്രസിൽ പ്രശ്നങ്ങളുണ്ടാക്കിയതും അച്ചടക്കലംഘനം നടത്തിയതും ഡിസിസി പ്രസിഡന്റ് വി എസ് ജോയ് ആണെന്ന പരാതിയുമായി കോൺഗ്രസ് എ വിഭാഗം. ഇത് സംബന്ധിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി പ്രസിഡന്റ് കെ സുധാകരനും 17 പേർ ഒപ്പിട്ട കത്ത് നൽകി. പലസ്തീൻ ഐക്യദാർഢ്യ റാലിക്ക് വിലക്ക് ഏർപ്പെടുത്തി പ്രശ്നം തെരുവിലെത്തിച്ചത് ഡിസിസി പ്രസിഡന്റ് ആണ്. ജില്ലാ കോൺഗ്രസ് കമ്മിറ്റിയിൽ മുൻപ് കൂട്ടായ ചർച്ചകളിലൂടെയാണ് ഭാരവാഹികളെ തിരഞ്ഞെടുത്തിരുന്നത്. എന്നാൽ, ഇപ്പോൾ ആര്യാടൻ ഷൗക്കത്ത് വിഭാഗത്തിലുള്ളവരെ തിരഞ്ഞുപിടിച്ച് വെട്ടിനിരത്തുകയാണെന്നും കത്തിൽ പറയുന്നു.

ബ്ലോക്ക് കമ്മിറ്റികളിലേക്കും മറ്റും ഐക്യകണ്ഠ്യേന തിരഞ്ഞെടുക്കപ്പെട്ടവരെപ്പോലും ഒഴിവാക്കിയെന്നും കത്തിൽ കുറ്റപ്പെടുത്തുന്നു. മുതിർന്ന നേതാക്കളായ സി ഹരിദാസ്, വി എ കരീം, വീക്ഷണം മുഹമ്മദ്, എ പത്മകുമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ 10 ഡിസിസി ഭാരവാഹികളും കെപിസിസി അംഗങ്ങളുമാണ് കത്തിൽ ഒപ്പിട്ടത്.

ചൊവ്വാഴ്ച നടന്ന പ്രവർത്തക കൺവെൻഷനു ശേഷം ഡിസിസി ഭാരവാഹികളും കെപിസിസി അംഗങ്ങളും ബ്ലോക്ക് കമ്മിറ്റി അധ്യക്ഷരും പോഷകസംഘടനാ ഭാരവാഹികളും പങ്കെടുത്ത നേതൃയോഗത്തിൽ ജില്ലയിലെ പ്രശ്നങ്ങൾ ചർച്ചചെയ്യാൻ ഒരുങ്ങിയിരുന്നെങ്കിലും, ഇപ്പോൾ അത്തരം ചർച്ച വേണ്ടെന്ന് പറഞ്ഞ് പ്രതിപക്ഷനേതാവ് വിലക്കി.

ആര്യാടൻ ഷൗക്കത്തിന് യോഗത്തിൽ പങ്കെടുക്കാൻ കഴിയാത്തവിധം നടപടിയുണ്ടായ സാഹചര്യം മുതിർന്ന നേതാവായ വീക്ഷണം മുഹമ്മദ് ഉന്നയിച്ചു. എന്നാൽ അത്തരം ചർച്ചകൾ ഇപ്പോൾ വേണ്ടെന്നും ഷൗക്കത്തിന്റെയും ഒപ്പമുള്ളവരുടെയും കാര്യത്തിൽ രമ്യമായ പരിഹാരം ഉണ്ടാക്കിയിട്ടുണ്ടെന്നും വി ഡി സതീശൻ ഉറപ്പുനൽകി. അത് എല്ലാവരും അംഗീകരിച്ച് ചർച്ചകൾ ഒഴിവാക്കുകയായിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us