'കേരളീയം പരാജയം, എല്ലാം കാട്ടിക്കൂട്ടലുകളായിരുന്നു'; വിമർശിച്ച് ഇ ടി മുഹമ്മദ് ബഷീർ

'വലിയ സംഖ്യ ചിലവഴിച്ചിട്ട് കേരളീയത്തിന്റെ ഫലം എന്താണ്'

dot image

കോഴിക്കോട്: സംസ്ഥാന സർക്കാർ സംഘടിപ്പിച്ച കേരളീയം പരിപാടിയെ വിമർശിച്ച് മുസ്ലിം ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീർ എം പി. കേരളീയം പരാജയമാണ്. കേരളത്തെ ലോകത്തിനു മുന്നിൽ പ്രൊജക്ട് ചെയ്യുന്നതിൽ കേരളീയം പരാജപ്പെട്ടു. വലിയ സംഖ്യ ചിലവഴിച്ചിട്ട് കേരളീയത്തിന്റെ ഫലം എന്താണെന്നും അദ്ദേഹം ചോദിച്ചു. കേരളീയം ദൂർത്താണെന്ന് യുഡിഎഫ് പറഞ്ഞത് കൃത്യമാണ്. എല്ലാം കാട്ടിക്കൂട്ടലുകളായിരുന്നു എന്നും ഇ ടി മുഹമ്മദ് ബഷീർ എം പി റിപ്പോർട്ടറിനോട് പ്രതികരിച്ചു.

പ്രതിപക്ഷ നേതാവ് വി ഡി സതീശനും നിരവധി നേതാക്കളും ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമടക്കം കേരളീയം പരിപാടിയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. കേരളം അഭിമാനമാണ് എന്നാൽ കേരളീയം എന്ന പേരിൽ നടക്കുന്നത് ധൂർത്താണെന്നായിരുന്നു വി ഡി സതീശന്റെ വിമർശനം. കോടികളുടെ കടക്കെണിയില് നിൽക്കുമ്പോഴാണ് ധൂർത്ത്. കോടികൾ ചെലവഴിച്ചാണ് പരിപാടി നടത്തുന്നത്. ക്ഷേമ പെൻഷൻ മുടങ്ങി. സപ്ലൈകോയും കെഎസ്ആർടിസിയും പ്രതിസന്ധിയിലാണ്. സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയും പ്രതിസന്ധിയിലാണ്. കിറ്റ് കൊടുത്തതിന്റെ പണം നൽകാനുണ്ട്. വൈദ്യുതി ബോർഡിൽ അഴിമതിയാണ്. ഉമ്മൻ ചാണ്ടിയുടെ കാലത്ത് ലാഭത്തിലാക്കിയ ബോർഡ് ഇപ്പോൾ നഷ്ടത്തിലാണ്. അന്നത്തെ കരാർ റദ്ദാക്കി ഇപ്പോൾ പുനഃസ്ഥാപിക്കേണ്ടി വന്നു. കെഎസ്ഇബിക്ക് നാൽപ്പതിനായിരം കോടിയിലധികം രൂപയുടെ ബാധ്യതയുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു.

കേരളീയം എന്ന പേരിൽ നടക്കുന്ന ധൂർത്ത് കൊണ്ട് കേരളീയർക്ക് പ്രയോജനമില്ലെന്നും പരിപാടിയുടെ യഥാർഥ ചെലവ് 50 കോടിയിൽ കുറയില്ലെന്നും ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ വി മുരളീധരൻ പറഞ്ഞു. കേരളീയത്തിന്റെ കാര്യത്തിൽ കെ എൻ ബാലഗോപാലിന് ഒരു ഞെരുക്കവുമില്ല. ഇത്രയും പച്ചക്കള്ളം ആവർത്തിച്ച് പറയുന്ന ഒരു ധനകാര്യമന്ത്രി ഉണ്ടായിട്ടില്ല. പിണറായി വിജയന്റെ അടിമയായ ധനമന്ത്രി കേരളത്തിനാകെ അപമാനമാണെന്നും വി മുരളീധരൻ വിമർശിച്ചിരുന്നു.

സാമ്പത്തിക പ്രതിസന്ധിക്കിടെ സർക്കാർ തന്നെ ദുർവ്യയങ്ങൾക്ക് നേതൃത്വം നൽകുന്നുവെന്നായിരുന്നു ഗവർണറുടെ വിമർശനം. സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് സർക്കാർ തന്നെ ഹൈക്കോടതിയെ അറിയിച്ചതാണ്. എന്നാൽ അതേ സർക്കാർ തന്നെ ആഘോഷങ്ങളുടെ പേരിൽ പണം പാഴാക്കുകയാണെന്ന് ഗവർണർ ആരോപിച്ചു. കേരളീയം പരിപാടിയുടെ പേര് പറയാതെയായിരുന്നു ഗവർണറുടെ പ്രതികരണം.

കെ രാധാകൃഷ്ണന്റെ പ്രസ്താവനയില് സിപിഐഎം നേതൃത്വത്തിന് അതൃപ്തി; 'മന്ത്രി വസ്തുത മനസ്സിലാക്കിയില്ല'

കേരളീയം പരിപാടിയിൽ ആദിവാസി ഗോത്ര വിഭാഗത്തെ പ്രദർശന വസ്തുവാക്കിയതിലും വിമർശനം രൂക്ഷമാണ്. ആദിവാസികളെ ഷോകേസ് ചെയ്യുന്നതിനോട് വ്യക്തിപരമായി തനിക്ക് എതിര്പ്പുണ്ടെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞതും ഗോത്ര ജനതയെ പ്രദര്ശന വസ്തുവാക്കുന്നതിനോട് യോജിപ്പില്ലെന്ന മന്ത്രി പി പ്രസാദിന്റെ പ്രസ്താവനയും പാർട്ടിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. കെ രാധാകൃഷ്ണന്റെ നിലപാടിൽ സിപിഐഎം അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. തദ്ദേശീയ ജനതയെ പ്രദര്ശന വസ്തു ആക്കരുതെന്ന പരാമര്ശത്തിലാണ് അതൃപ്തി. മന്ത്രി വസ്തുത മനസ്സിലാക്കി പ്രതികരിക്കണമായിരുന്നുവെന്നാണ് നേതാക്കളുടെ പക്ഷം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us