കൊച്ചി: കളമശ്ശേരി സ്ഫോടനത്തിൽ ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചു. മലയാറ്റൂർ സ്വദേശിനി റീന പ്രദീപ(46)നാണ് മരിച്ചത്. ഇതോടെ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. റീനയുടെ മകൾ 12 വയസുകാരി ലിബിന നേരത്തെ മരിച്ചിരുന്നു. സ്ഫോടനത്തിൽ മരിച്ച അഞ്ചുപേരും സ്ത്രീകളാണ്. റീനയുടെ രണ്ട് ആണ്മക്കൾ പൊള്ളലേറ്റ് ചികിത്സയിലാണ്.
കളമശ്ശേരി സ്ഫോടനം; മാർട്ടിന്റെ വാഹനത്തിൽ നാല് റിമോട്ടുകൾ; നിർണായക തെളിവുകൾഒക്ടോബർ 29-ന് രാവിലെ ഒൻപതരയോടെയാണ് യഹോവ സാക്ഷികളുടെ കൺവൻഷൻ നടന്ന സാമ്ര ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിലെ ഹാളിൽ സ്ഫോടനമുണ്ടായത്. സ്ഫോടനം നടക്കവേ രണ്ടായിരത്തിലധികം പേർ ഹാളിലുണ്ടായിരുന്നു.
അതേസമയം, നിർണായകമായ തെളിവുകൾ പ്രതി ഡൊമിനിക് മാർട്ടിന്റെ വാഹനത്തിൽ നിന്ന് കണ്ടെടുത്തു. സ്ഫോടനത്തിന് ഉപയോഗിച്ച നാല് റിമോട്ടുകൾ ആണ് കണ്ടെടുത്തത്. ഓറഞ്ച് നിറത്തിലുള്ള റിമോട്ടിൽ എ, ബി എന്നു രേഖപ്പെടുത്തിയ രണ്ട് സ്വിച്ചുകൾ ഉണ്ട്. ഈ റിമോട്ടുകൾ ഉപയോഗിച്ചാണ് കളമശ്ശേരിയിൽ മാർട്ടിൻ സ്ഫോടനം നടത്തിയത്. ശേഷം വാഹനത്തിൽ കൊടകര പൊലീസ് സ്റ്റേഷനിൽ എത്തിയ മാർട്ടിൻ വാഹനത്തിനുള്ളിൽ റിമോട്ടുകൾ സൂക്ഷിച്ചിരിക്കുകയായിരുന്നു. വെള്ള കവറിൽ പൊതിഞ്ഞ നിലയിലാണ് റിമോട്ടുകൾ കണ്ടെത്തിയത്. കൊടകര പൊലീസ് സ്റ്റേഷനിൽ എത്തിച്ച് നടത്തിയ തെളിവെടുപ്പിലാണ് നിർണായക തെളിവുകൾ കണ്ടെടുത്തത്.