കൊച്ചി: പൊലീസിന്റെ വയര്ലസ് സന്ദേശം ചോര്ത്തിയ സംഭവത്തില് മറുനാടന് മലയാളി യൂട്യൂബ് ചാനലുടമ ഷാജന് സ്കറിയ ഉള്പ്പെടെ 11 പേര്ക്കെതിരെ പൊലീസ് കേസെടുത്തു. എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിര്ദ്ദേശം അനുസരിച്ച് പാലാരിവട്ടം പൊലീസാണ് കേസ് രജിസ്റ്റര് ചെയ്തത്.
14 മുതല് 20 വര്ഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള് ചുമത്തി സൈബര് തീവ്രവാദം വകുപ്പിലാണ് കേസ്. ഷാജന് സ്കറിയയുടെ പ്രവര്ത്തി സൈബര് തീവ്രവാദമാണെന്നാണ് സ്വകാര്യ അന്യായത്തിലെ പ്രധാന ആക്ഷേപം. സ്വകാര്യ അന്യായത്തിന്മേല് അന്വേഷണം നടത്തി പൊലീസ് റിപ്പോര്ട്ട് നല്കണമെന്നും കോടതി നിര്ദേശിച്ചിട്ടുണ്ട്.
യൂട്യൂബ് ഉടമയും വിദേശ കമ്പനിയുമായ ഗൂഗിള് ആണ് സ്വകാര്യ അന്യായത്തിലെ ഒന്നാം പ്രതി. ഗൂഗിള് ഇന്ത്യയുടെ പ്രതിനിധികളാണ് രണ്ട് മുതല് ഏഴ് വരെയുള്ള പ്രതികള്. ഷാജന് സ്കറിയയും സഹപ്രവര്ത്തകരും 9 മുതല് പതിനൊന്ന് വരെ പ്രതികളാണ്.
രണ്ട് ഞെട്ടിക്കുന്ന വയര്ലെസ് സന്ദേശങ്ങള് എന്ന തലക്കെട്ടില് മറുനാടന് മലയാളി എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഷാജന് സ്കറിയ വീഡിയോ പ്രസിദ്ധീകരിച്ചത്. ഔദ്യോഗിക രഹസ്യ നിയമം, ഐടി നിയമം, ടെലഗ്രാഫ് നിയമം എന്നീ നിയമങ്ങളിലെ അനുബന്ധ വകുപ്പുകള് ചുമത്തി ആണ് കേസ് രജിസ്റ്റര് ചെയ്തിരിക്കുന്നത്.