മലപ്പുറം: സ്പോര്ട്സ് കൗണ്സില് പ്രസിഡന്റിനെതിരായ 'ധൂര്ത്ത്' ആരോപണത്തെ ന്യായീകരിച്ച് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്. സ്പോര്ട്സ് കൗണ്സില് പ്രസിഡന്റ് സാന്വിച്ച് കഴിച്ചത് ധൂര്ത്താണെന്ന് ഒരു ചാനല് പറഞ്ഞുവെന്നും എന്നാല് അത് സാധാരണ കഴിക്കുന്ന ഭക്ഷണമാണെന്നും മന്ത്രി പറഞ്ഞു.
ലഘുഭക്ഷണമായി സാന്വിച്ച് കഴിച്ചതിനെയാണ് അഴിമതിയാക്കി കാണിച്ചത്. ഗസ്റ്റ്ഹൗസില് റൂം ഇല്ലാത്തതു കൊണ്ടാണ് വയനാട്ടില് വേറെ റൂം എടുത്തതെന്നും മന്ത്രി കൂട്ടിച്ചേര്ത്തു. സ്പോര്ട്സ് കൗണ്സില് പ്രസിഡന്റിന്റെ വ്യക്തിപരമായ ചെലവുകള്ക്ക് കൗണ്സിലിന്റെ പണം ഉപയോഗിക്കുന്നതായി ആരോപണമുയര്ന്നിരുന്നു. ഷവര്മ, ഷൂ റാക്ക്, മരുന്ന് തുടങ്ങിയവ വാങ്ങുന്നത് കൗണ്സിലിന്റെ ചെലവിലെന്നാണ് ആരോപണം. കൗണ്സിലില് സമര്പ്പിച്ച ബില്ലുകള് റിപ്പോര്ട്ടര് ടിവിക്ക് ലഭിച്ചിരുന്നു.
കൗണ്സില് പ്രസിഡന്റ് യു ഷറഫലി പാളയത്തെ ഹോട്ടലില് നിന്ന് ഷവര്മ കഴിച്ചതിന്റെ ബില് റീ ഇംപേഴ്സ്മെന്റ് കൗണ്സിലില് കൊടുത്തിരുന്നു. 1000 രൂപക്ക് മീന് വിഭവം കഴിച്ച 1922 രൂപയുടെ ബില്ലും റീ ഇംപേഴ്സ്മെന്റിന് കൊടുത്തതിലുണ്ട്. അതിഥി സല്ക്കാരമാണെന്ന് തോന്നാമെങ്കിലും പലപ്പോഴും ഒരാളുടെ ഭക്ഷണത്തിന്റെ കണക്ക് മാത്രമാണ് കാണുന്നത്.
ഭക്ഷണം മാത്രമല്ല താമസിക്കുന്ന ഫ്ലാറ്റിലേക്ക് ഷൂറാക്ക് വാങ്ങിയതും കൗണ്സിലിന്റെ ചെലവില്. ഫ്ളാറ്റ് വാടക 26000 രൂപയും കൗണ്സിലിന്റെ പണത്തില് നിന്നാണ് കൊടുത്തത്. മാത്രമല്ല പ്രമേഹത്തിനും രക്തസമ്മര്ദ്ദത്തിനും കൊളസ്ട്രോളിനും വാങ്ങിയ മരുന്നിന്റെ ബില്ലും കൗണ്സില് കൊടുക്കുന്ന സ്ഥിതിയാണുള്ളത്. കൗണ്സിലിലെ ധൂര്ത്ത് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്കിയിട്ടുണ്ട്.