കൊച്ചി: കൊച്ചി മെട്രോയുടെ വിവിധ യാത്രാ പാസ്സുകൾ, പ്രൊജക്റ്റുകൾ, മെട്രോ സ്റ്റേഷനുകളിൽ വിവിധ പരിപാടികൾ ആസൂത്രണം ചെയ്യാനുള്ള സാധ്യതകൾ അങ്ങനെ മെട്രോയെക്കുറിച്ച് പൊതുജനങ്ങൾക്ക് എന്ത് സംശയമുണ്ടെങ്കിലും അവ ദൂരീകരിക്കുന്നതിനായി ഇനി എക്സ്പീരിയൻസ് സെന്ററിലേക്കെത്താം. മെട്രോ കണക്റ്റ് എന്ന് പേരിട്ടിരിക്കുന്ന എക്സ്പീരിയൻസ് സെൻ്ററിൻ്റെ ഉദ്ഘാടനം നാളെ രാവിലെ 11 മണിക്ക് കെഎംആർഎൽ മാനേജിംഗ് ഡയറക്ടർ ലോക്നാഥ് ബെഹ്റ നിർവ്വഹിക്കും. ജെഎൽഎൻ സ്റ്റേഡിയം സ്റ്റേഷനിലാണ് എക്സ്പീരിയൻസ് സെൻ്റർ ഒരുക്കിയിരിക്കുന്നത്. നടിയും അവതാരകയുമായ അശ്വതി ശ്രീകാന്തും ചടങ്ങിൽ പങ്കെടുക്കും.
മെട്രോ സ്റ്റേഷനുകളിൽ വാണിജ്യാടിസ്ഥാനത്തിൽ ലഭ്യമായ സ്ഥലങ്ങളെക്കുറിച്ചുള്ള വിശാദാംശങ്ങൾ, മൊബൈൽ ക്യൂ ആർ ടിക്കറ്റ്, കൊച്ചി വൺ കാർഡ്, വിവിധ ട്രിപ്പ് പാസ്സുകൾ, ഓഫറുകൾ, വിവിധ സ്കീമുകൾ, ഇളവുകൾ എന്നിവയെക്കുറിച്ച് അറിയാൻ പൊതുജനങ്ങൾക്ക് മെട്രോ കണക്റ്റിൽ എത്താം.
വിവിധ യാത്രാ പാസ്സുകളും കൊച്ചി വൺ കാർഡും പുതുതായി വാങ്ങുന്നതിനും മെട്രോ കണക്റ്റിനെ സമീപിക്കാം. തിങ്കൾ മുതൽ ശനി വരെ രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെയാണ് മെട്രോ കണക്റ്റ് പ്രവർത്തിക്കുക. രണ്ടാം ശനിയാഴ്ച്ചയും നാലാം ശനിയാഴ്ച്ചയും ഞായറാഴ്ച്ചകളിലും അവധിയായിരിക്കും. [email protected] എന്ന മെയിൽ വഴിയും 0484 2846777 എന്ന നമ്പറിലും അധികൃതരെ ബന്ധപ്പെടാവുന്നതാണ്.
യാത്രക്കാരുടെ പരാതികൾ, പ്രശ്നങ്ങൾ എന്നിവ പരിഹാരത്തിനായി നിലവിൽ മുട്ടം യാർഡ് ആസ്ഥാനമായി കസ്റ്റമർ റിലേഷൻസ് സെന്റർ പ്രവർത്തിക്കുന്നുണ്ട്. യാത്ര സംബന്ധമായ പരാതികൾ അറിയിക്കുന്നതിന് പൊതുജനങ്ങൾക്ക് 1800 425 0355 എന്ന നമ്പറിൽ വിളിക്കാം.
നവംബർ 14ന് ശിശുദിനത്തോടനുബന്ധിച്ച് ഇടപ്പള്ളി മെട്രോ സ്റ്റേഷനിൽ രാവിലെ 11 മണിക്ക് നജാത്ത് പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ കലാപരിപാടികൾ ഉണ്ടായിരിക്കുന്നതാണ്. അന്താരാഷ്ട്ര ഡയബറ്റീസ് ദിനത്തോടനുബന്ധിച്ച് 14ന് എല്ലാ മെട്രോ സ്റ്റേഷനുകളിലും രാവിലെ എട്ട് മണി മുതൽ 12 മണി വരെ സൗജന്യ രക്ത, ഷുഗർ പരിശോധന ക്യാംപ് ഒരുക്കിയിട്ടുണ്ട്. കൊച്ചി വാട്ടർ മെട്രോയുടെ ഹൈക്കോർട്ട് ജംഗ്ഷൻ ടെർമിനലിലും സൗജന്യ രക്ത, ഷുഗർ പരിശോധന ക്യാംപ് ഉണ്ടായിരിക്കുന്നതാണ്. യാത്രക്കാർക്ക് ഈ സൗജന്യ സേവനം ഉപയോഗിക്കാവുന്നതാണ്.