കോട്ടയ്ക്കല്: കട ഉദ്ഘാടനത്തിന് എത്താനിരുന്ന യൂട്യൂബര് 'തൊപ്പി'യെന്ന നിഹാദിനെ പറഞ്ഞുവിട്ട് സംഘര്ഷാവസ്ഥ ഒഴിവാക്കി പൊലീസ്. ഉദ്ഘാടനത്തിന് നിഹാദ് വന്നാല് വഴിയില് തടയുമെന്ന് നാട്ടുകാര് പ്രഖ്യാപിച്ചതാണ് സംഘര്ഷാവസ്ഥയുണ്ടാവാനുള്ള കാരണം. മലപ്പുറം കോട്ടയ്ക്കല് ഒതുക്കുങ്ങലിലാണ് സംഭവം.
പുതുതായി ആരംഭിക്കുന്ന ഷോപ്പിന്റെ ഉദ്ഘാടനം ഞായറാഴ്ച വൈകീട്ടാണ് നിശ്ചയിച്ചിരുന്നത്. നിഹാദിനെ ഉദ്ഘാടകനായി നിശ്ചയിച്ചതോടെ പ്രദേശത്ത് ചര്ച്ചയായി മാറിയിരുന്നു. നിഹാദെത്തിയാല് തടയുമെന്ന് പ്രഖ്യാപിച്ച് ഒരു വിഭാഗം ആളുകള് രംഗത്തെത്തുകയായിരുന്നു.
ഷോപ്പിന്റെ ഉദ്ഘാടന വിവരങ്ങള് ഉടമ പൊലീസിനെയും അറിയിച്ചിരുന്നില്ല. ഇതോടെ നിഹാദിനെ പാതിവഴിയില് വിവരങ്ങള് പറഞ്ഞ് തിരിച്ചുവിടുകയായിരുന്നു. കുട്ടികളുള്പ്പെടെ നൂറുകണക്കിന് പേരാണ് തൊപ്പിയെ കാണാനെത്തിയത്.
ബലം പ്രയോഗിക്കേണ്ടിവരുമെന്ന മുന്നറിയിപ്പ് നല്കിയതോടെയാണ് ജനക്കൂട്ടം പിരിഞ്ഞുപോയത്. ഗതാഗത തടസ്സമുണ്ടാക്കിയതിന് കടയുടമകള്ക്കെതിരെ പൊലീസ് കേസെടുത്തു. നേരത്തെ പൊതുവേദിയില് അശ്ലീല പരാമര്ശം നടത്തിയ കേസില് നിഹാദിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.