തിരുവനന്തപുരം: ആലുവ ബലാത്സംഗക്കൊലക്കേസ് പ്രതിക്ക് വധശിക്ഷ വിധിച്ചത് കുഞ്ഞുങ്ങള്ക്ക് നേരെ അതിക്രമം കാട്ടുന്നവര്ക്കുള്ള ശക്തമായ താക്കീതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അന്വേഷണസംഘത്തെയും പ്രോസിക്യൂഷനെയും അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കുഞ്ഞിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കാൻ കഴിഞ്ഞു. കുഞ്ഞുങ്ങള്ക്ക് നേരെയുള്ള ഒരു അതിക്രമവും അംഗീകരിക്കാനാവില്ല. ഇത്തരക്കാര്ക്ക് നേരെ ഒരു ദാക്ഷിണ്യവുമില്ലാതെ നടപടി സ്വീകരിക്കും. മനുഷ്യത്വരഹിതമായ കുറ്റകൃത്യങ്ങളില് ഇടപെടുന്നവര്ക്കുള്ള ശക്തമായ താക്കീതാണ് വിധിയെന്നും ഇത്തരം കുറ്റവാളികളെ ഒറ്റപ്പെടുത്താന് സമൂഹമൊന്നാകെ തയ്യാറാകണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്ത്തു.
ആലുവ ബലാത്സംഗക്കൊല; പ്രതി അസഫാഖ് ആലത്തിന് വധശിക്ഷഎറണാകുളം പ്രത്യേക പോക്സോ കോടതിയാണ് കേസില് വിധി പ്രഖ്യാപിച്ചത്. ഐപിസി 302-ാം വകുപ്പ് പ്രകാരമാണ് പ്രതിക്ക് വധശിക്ഷ പ്രഖ്യാപിച്ചത്. മറ്റ് അഞ്ച് വകുപ്പുകളിൽ ജീവപര്യന്തം ശിക്ഷയും വിധിച്ചു. ഹൈക്കോടതി അംഗീകാരത്തിന് വിധേയമായിട്ടായിരിക്കും വധശിക്ഷ നടപ്പിലാക്കുക. നേരത്തെ അസഫാഖ് ആലം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കുറ്റകൃത്യം നടന്ന് 100-ാം ദിവസമാണ് കോടതി പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. നൂറ്റിപത്താമത് ദിവസമാണ് ശിക്ഷാവിധി പുറത്ത് വന്നിരിക്കുന്നത്. പോക്സോ നിയമം നിലവില് വന്ന ദിവസം തന്നെയാണ് പ്രതിക്കെതിരായ ശിക്ഷാവിധി പറഞ്ഞിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ശിശുദിനത്തിൽ പുറപ്പെടുവിച്ച ശിക്ഷാവിധി കേള്ക്കാന് പെണ്കുട്ടിയുടെ മാതാപിതാക്കളും കോടതിയില് എത്തിയിരുന്നു.
ആലുവ ബലാത്സംഗക്കൊല: വിധി ശിശുദിനത്തിലെ ഏറ്റവും പ്രധാനമായ സന്ദേശമെന്ന് വീണാ ജോർജ്ജൂലൈ 27നാണ് അസ്ഫാക് ആലം അതിഥി തൊഴിലാളി കുടുംബത്തിലെ അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയത്. അന്ന് തന്നെ പ്രതി അസഫാഖ് ആലത്തെ പൊലീസ് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില് തിരിച്ചറിഞ്ഞിരുന്നു. അന്ന് രാത്രി 9 മണിയോടെ പ്രതിയെ ആലുവ തോട്ടക്കാട്ടുകരയില് നിന്നും പിടികൂടുകയായിരുന്നു. തൊട്ടടുത്ത ദിവസം ആലുവ മാര്ക്കറ്റിന് പിന്നില് മൃതദേഹം ചാക്കില് കെട്ടിയ നിലയില് കണ്ടെത്തുകയായിരുന്നു.