Jan 24, 2025
01:18 AM
കൊച്ചി: ആലുവയില് അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതി അസഫാഖ് ആലത്തിന് വധശിക്ഷ പ്രഖ്യാപിച്ചതിൽ പ്രതികരിച്ച് മന്ത്രി പി രാജീവ്. സംസ്ഥാന സർക്കാർ കൊല്ലപ്പെട്ട കുഞ്ഞിൻ്റെ മാതാപിതാക്കൾക്ക് നൽകിയ ഉറപ്പ് പാലിക്കാൻ സാധിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ചുമത്തിയ എല്ലാ വകുപ്പിനും പരമാവധി ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. എല്ലാവേളയിലും ആ വീട്ടുകാർക്കൊപ്പം നിലകൊള്ളാനും അവർക്കാവശ്യമായ സഹായം ലഭ്യമാക്കാനും സർക്കാർ ശ്രമിച്ചിട്ടുണ്ട്. അതിവേഗത്തിൽ 30 ദിവസം കൊണ്ട് കേസന്വേഷണം പൂർത്തിയാക്കി, 60 ദിവസം കൊണ്ട് വിചാരണ പൂർത്തിയാക്കി 110 ദിവസം കൊണ്ട് വിധിയെഴുതിയ ആലുവ ബലാത്സംഗക്കേസ് ഈ നാട്ടിലെ കുട്ടികളോടും സ്ത്രീകളോടും സംസ്ഥാന സർക്കാരിനുള്ള പ്രതിബദ്ധതയുടെ ഉദാഹരണം കൂടിയാണെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
വളരെ വേഗത്തിൽ കേസന്വേഷിക്കുകയും അപൂർവ്വങ്ങളിൽ അപൂർവ്വമെന്ന് തെളിയിക്കും വിധത്തിൽ തെളിവുകൾ ശേഖരിക്കുകയും ചെയ്ത പൊലീസുകാർക്കും കോടതിയിൽ കേസ് വാദിച്ച പബ്ലിക്ക് പ്രോസിക്യൂട്ടർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർക്കും ഈ വിധിയിൽ അഭിമാനിക്കാം. ഒപ്പം പ്രതിയെ അറസ്റ്റ് ചെയ്യാൻ സഹായിച്ച സിഐടിയു പ്രവർത്തകരെയും ഈ നിമിഷത്തിൽ ഓർക്കുന്നുവെന്ന് മന്ത്രി കുറിച്ചു. ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാരിൻ്റെ ഭാഗത്തുനിന്ന് കർശനമായ ഇടപെടലുണ്ടാകുന്നതാണ്. ശിശുദിനത്തിൽ വന്നിരിക്കുന്ന വിധി കൂടുതൽ പ്രതിബദ്ധതയോടെ മുന്നോട്ടുപോകാൻ സർക്കാരിന് ഊർജ്ജം പകരുന്നതായിരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
എറണാകുളം പ്രത്യേക പോക്സോ കോടതിയാണ് കേസില് വധ ശിക്ഷ പ്രഖ്യാപിച്ചത്. ഐപിസി 302-ാം വകുപ്പ് പ്രകാരമാണ് പ്രതിക്ക് വധശിക്ഷ പ്രഖ്യാപിച്ചത്. മറ്റ് അഞ്ച് വകുപ്പുകളിൽ ജീവപര്യന്തം ശിക്ഷയും വിധിച്ചു. ഹൈക്കോടതി അംഗീകാരത്തിന് വിധേയമായിട്ടായിരിക്കും വധശിക്ഷ നടപ്പിലാക്കുക. നേരത്തെ അസഫാഖ് ആലം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കുറ്റകൃത്യം നടന്ന് 100-ാം ദിവസമാണ് കോടതി പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. നൂറ്റിപത്താമത് ദിവസമാണ് ശിക്ഷാവിധി പുറത്ത് വന്നിരിക്കുന്നത്. പോക്സോ നിയമം നിലവില് വന്ന ദിവസം തന്നെയാണ് പ്രതിക്കെതിരായ ശിക്ഷാവിധി പറഞ്ഞിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ശിശുദിനത്തിൽ പുറപ്പെടുവിച്ച ശിക്ഷാവിധി കേള്ക്കാന് പെണ്കുട്ടിയുടെ മാതാപിതാക്കളും കോടതിയില് എത്തിയിരുന്നു.
ആലുവബലാത്സംഗക്കൊല; സർക്കാരിന്റെ ശക്തമായ ഇടപെടലിന് കൂടിയുള്ള അംഗീകാരമാണ് വിധിയെന്ന് എം ബി രാജേഷ്മന്ത്രിയുടെ പോസ്റ്റിൻ്റെ പൂർണ്ണ രൂപം:
ആലുവയിൽ അഞ്ച് വയസ് മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ ബലാത്സംഗം ചെയത് കൊലപ്പെടുത്തിയ അസ്ഫാക് അലത്തിന് വധശിക്ഷ പ്രഖ്യാപിച്ചുകൊണ്ട് കോടതിവിധി വന്നിരിക്കുന്നു. ചുമത്തിയ എല്ലാ വകുപ്പിനും പരമാവധി ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാർ ആ കുഞ്ഞിൻ്റെ മാതാപിതാക്കൾക്ക് നൽകിയ ഉറപ്പ് പാലിക്കാൻ സാധിച്ചിട്ടുണ്ട്. എല്ലാ വേളയിലും ആ വീട്ടുകാർക്കൊപ്പം നിലകൊള്ളാനും അവർക്കാവശ്യമായ സഹായം ലഭ്യമാക്കാനും സർക്കാർ ശ്രമിച്ചിട്ടുണ്ട്. അതിവേഗത്തിൽ 30 ദിവസം കൊണ്ട് കേസന്വേഷണം പൂർത്തിയാക്കി, 60 ദിവസം കൊണ്ട് വിചാരണ പൂർത്തിയാക്കി 110 ദിവസം കൊണ്ട് വിധിയെഴുതിയ ആലുവ ബലാത്സംഗക്കേസ് ഈ നാട്ടിലെ കുട്ടികളോടും സ്ത്രീകളോടും സംസ്ഥാന സർക്കാരിനുള്ള പ്രതിബദ്ധതയുടെ ഉദാഹരണം കൂടിയാണ്.
വളരെ വേഗത്തിൽ കേസന്വേഷിക്കുകയും അപൂർവ്വങ്ങളിൽ അപൂർവ്വമെന്ന് തെളിയിക്കും വിധത്തിൽ തെളിവുകൾ ശേഖരിക്കുകയും ചെയ്ത പോലീസുകാർക്കും കോടതിയിൽ കേസ് വാദിച്ച പബ്ലിക്ക് പ്രോസിക്യൂട്ടർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർക്കും ഈ വിധിയിൽ അഭിമാനിക്കാം. ഒപ്പം പ്രതിയെ അറസ്റ്റ് ചെയ്യാൻ സഹായിച്ച സി.ഐ.ടി.യു പ്രവർത്തകരെയും ഈ നിമിഷത്തിൽ ഓർക്കുന്നു. ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാരിൻ്റെ ഭാഗത്തുനിന്ന് കർശനമായ ഇടപെടലുണ്ടാകുന്നതാണ്. ശിശുദിനത്തിൽ വന്നിരിക്കുന്ന വിധി കൂടുതൽ പ്രതിബദ്ധതയോടെ മുന്നോട്ടുപോകാൻ സർക്കാരിന് ഊർജ്ജം പകരുന്നതായിരിക്കും.