കോഴിക്കോട്: വിവാദത്തിന് പിന്നാലെ കോൺഗ്രസിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലിക്ക് തത്വത്തിൽ അനുമതി നൽകി കോഴിക്കോട് ജില്ലാ ഭരണകൂടം. കടപ്പുറത്തെ ഫ്രീഡം സ്ക്വയറിന് 50 മീറ്റർ അകലെയാണ് പുതിയ വേദി. റാലിയിൽ നിന്ന് പിന്മാറില്ലെന്ന് കോൺഗ്രസ് വെല്ലുവിളിച്ചിരുന്നു. പ്രശ്നപരിഹാരത്തിന് മന്ത്രി മുഹമ്മദ് റിയാസും ഇടപെട്ടു.
കോഴിക്കോട് കടപ്പുറത്ത് നേരത്തെ നിശ്ചയിച്ചതിൽ നിന്ന് ഏകദേശം 50 മീറ്റർ മാറിയാണ് പുതിയ വേദിക്കുള്ള സ്ഥലം ഡിസിസി നിർദേശിച്ചത്. അസി. കലക്ടർ അനിതാ കുമാരി, ഡി ടി പി സി സെക്രട്ടറി നിഖിൽ എന്നിവർ സ്ഥല പരിശോധനക്ക് എത്തി. പ്രശ്ന പരിഹാരത്തിന് ഇടപെടാമെന്ന് മന്ത്രി മുഹമ്മദ് റിയാസും ഉറപ്പ് നൽകിയിരുന്നു. വേദി അനുവദിക്കുന്നതോടെ തർക്കം അവസാനിക്കും.
'ചോര കൊടുത്തും റാലി നടത്തും'; പലസ്തീന് ഐക്യദാർഢ്യ റാലിക്ക് അനുമതി നിഷേധിച്ചതില് കെ സുധാകരന്ചോര കൊടുത്തും കോൺഗ്രസിൻ്റെ പലസ്തീൻ ഐക്യദാർഢ്യ റാലി കടപ്പുറത്ത് തന്നെ നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ നേരത്തേ വെല്ലുവിളിച്ചിരുന്നു. കോൺഗ്രസ് റാലിക്ക് പുതിയ വേദിക്കുള്ള സ്ഥലം നിർദേശിച്ച ഡി സി സി അനുമതി തേടി അപേക്ഷ നൽകി. സാങ്കേതിക തടസ്സങ്ങൾ ഇല്ലെന്ന് ഡെപ്യൂട്ടി കലക്ടർ അനിതാ കുമാരി ജില്ലാ കലക്ടർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. അനുമതി നൽകിയുള്ള ഔദ്യോഗിക അറിയിപ്പും ഉടൻ ഉണ്ടാകും.
കോണ്ഗ്രസ് പലസ്തീന് ഐക്യദാര്ഢ്യ റാലി വിലക്കിയതിന് പിന്നില് മന്ത്രി മുഹമ്മദ് റിയാസാണെന്ന് നേരത്തെ കോഴിക്കോട് ഡിസിസി അദ്ധ്യക്ഷന് കെ പ്രവീണ്കുമാര് ആരോപിച്ചിരുന്നു. റിയാസല്ല മുഖ്യമന്ത്രി പറഞ്ഞാലും റാലിയുമായി കോണ്ഗ്രസ് മുന്നോട്ട് പോകുമെന്നും പ്രവീൺ വെല്ലുവിളിച്ചിരുന്നു. കടപ്പുറത്ത് റാലി നടത്താന് 16 ദിവസം മുന്പ് വാക്കാല് അനുമതി ലഭിച്ചിരുന്നുവെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു പ്രവീണ്കുമാര് നിലപാട് വ്യക്തമാക്കിയത്.
പലസ്തീന് റാലിക്ക് അനുമതി നിഷേധിച്ച സംഭവത്തില് കോണ്ഗ്രസ് ആരോപണം മന്ത്രി മുഹമ്മദ് റിയാസ് തള്ളിയിരുന്നു. ഒരു പരിപാടിക്ക് രണ്ടുദിവസം മുന്പല്ല വേദി തീരുമാനിക്കേണ്ടതെന്നും കടപ്പുറത്ത് നവ കേരള സദസിന്റെ വേദി മുന്കൂട്ടി നിശ്ചയിച്ചതാണെന്നുമായിരുന്നു മന്ത്രിയുടെ നിലപാട്.