മലപ്പുറം: നവംബർ 17 ന് ജില്ലയിൽ നടത്തുന്ന പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ മുസ്ലിം ലീഗ് പങ്കെടുത്താൽ സന്തോഷകരമെന്ന് സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്. സിപിഐഎം റാലി വിജയിക്കണമെന്ന് ആഗ്രഹിക്കുന്ന പാർട്ടിയാണ് മുസ്ലീം ലീഗ് എന്നാണ് കരുതുന്നത്. റാലിയിൽ പങ്കെടുക്കുന്നതിൽ പ്രായോഗിക ബുദ്ധിമുട്ട് ഉണ്ട് എന്ന് ലീഗ് നേരത്തെ പ്രഖ്യാപിച്ചതാണ്. അതുകൊണ്ട് പങ്കെടുക്കണം എന്ന് അവശ്യപ്പെടുന്നതിൽ അനൗചിത്യമുണ്ടെന്നും ഇ എൻ മോഹൻദാസ് പറഞ്ഞു.
ലീഗ് ആഗ്രഹം പ്രകടിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ ആണ് കോഴിക്കോട്ടേക്ക് ക്ഷണിച്ചത്. യുഡിഎഫ് നയത്തിന്റെ ഭാഗമായി ആണ് അവർ പങ്കെടുക്കാതിരുന്നത്. സാങ്കേതിക പരിമിതി അവർ പ്രഖ്യാപിച്ചിരുന്നു. അതുകൊണ്ട് അവരെ ക്ഷണിക്കുന്നില്ലെന്നും ഇ എൻ മോഹൻദാസ് പറഞ്ഞു.
റാലിയിൽ സിപിഐഎം അംഗങ്ങൾ അല്ലാത്തവരും പങ്കെടുക്കും. സമസ്ത കേന്ദ്ര മുശാവറ അംഗം ഉമർ ഫൈസി മുക്കം, കേരളാ മുസ്ലീം ജമാഅത്ത് ജനറൽ സെക്രട്ടറി ഖലീലുൽ ബുഖാരി തങ്ങൾ തുടങ്ങിയവർ പങ്കെടുക്കുമെന്നും മോഹൻദാസ് വ്യക്തമാക്കി.
റാലിയിൽ സമസ്തയും മറ്റു സംഘടനകളുടേയും പ്രധാനപ്പെട്ട നേതാക്കൾ പങ്കെടുക്കുമെന്ന് ഉറപ്പു ലഭിച്ചതായി ഇ എൻ മോഹൻദാസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. റാലി ബസ്റ്റാൻഡിൽ നിന്ന് ആരംഭിച്ച് കിഴക്കേതലയിൽ സമാപിക്കും. പലസ്തീൻ ജനതയെ പിന്തുണക്കുന്ന എല്ലാവരും പരിപാടിയിൽ പങ്കെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ക്രിസ്ത്യൻ സഭകൾ ഉൾപ്പടെ എല്ലാ വിഭാഗത്തേയും ക്ഷണിച്ചിട്ടുണ്ട്. കോൺഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്ത് പങ്കെടുക്കാൻ സന്നദ്ധമാണെങ്കിൽ അദ്ദേഹത്തേയും പങ്കെടുപ്പിക്കും. കിഴക്കേതലയിൽ ഉൾക്കൊള്ളാൻ കഴിയുന്ന വലിയ ജനാവലിയുണ്ടാകുമെന്നും ഇ എൻ മോഹൻദാസ് റിപ്പോർട്ടറിനോട് പറഞ്ഞു.
അതേസമയം സിപിഐഎമ്മിന്റെ പലസ്തീൻ ഐക്യദാർഢ്യ പരിപാടിയിലേക്ക് ആരെയും പ്രത്യേകം ക്ഷണിക്കേണ്ടതില്ലെന്ന് എം വി ഗോവിന്ദൻ പറഞ്ഞിരുന്നു. താൽപര്യമുള്ളവർക്കെല്ലാം പരിപാടിയിൽ പങ്കെടുക്കാം. ആര്യാടൻ ഷൗക്കത്തിനെ ഉൾപ്പെടെ പരിപാടിയിലേക്ക് ക്ഷണിച്ചതാണ്. റാലിയിലേക്ക് ജനാധിപത്യ വിശ്വാസികളെയെല്ലാം സിപിഐഎം ക്ഷണിക്കുന്നുവെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു.
മലപ്പുറത്ത് പലസ്തീൻ ഐക്യദാർഢ്യ മഹാറാലി സംഘടിപ്പിക്കാൻ സിപിഐഎം; സമസ്ത പങ്കെടുക്കുംകഴിഞ്ഞ ദിവസമാണ് സിപിഐഎമ്മിന്റെ പലസ്തീൻ ഐക്യാർഢ്യ റാലി കോഴിക്കോട് നടന്നത്. മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു പരിപാടി ഉദ്ഘാടനം ചെയ്തത്. സരോവരത്ത് പ്രത്യേകം സജ്ജീകരിച്ച യാസർ അറാഫത്ത് നഗറിലാണ് സിപിഐഎമ്മിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചത്. വിവിധ സംഘടനാ നേതാക്കാൾ റാലിയിൽ പങ്കെടുത്തിരുന്നു.