വയനാട്: പേര്യ 36ൽ തണ്ടർബോൾട്ടുമായുണ്ടായ ഏറ്റുമുട്ടലിനിടെ രക്ഷപെട്ട രണ്ട് മാവോയിസ്റ്റുകൾക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി. സുന്ദരി, ലത എന്നിവർക്കായാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
കഴിഞ്ഞ ദിവസമാണ് മാവോയിസ്റ്റുകളും തണ്ടർബോൾട്ടും തമ്മില് പേര്യയിൽ ഏറ്റുമുട്ടലുണ്ടായത്. തണ്ടര്ബോള്ട്ടും പൊലീസും വനമേഖലയില് തെരച്ചിൽ നടത്തുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. മാവോയിസ്റ്റ് പ്രവർത്തകരായ ചന്ദ്രു, ഉണ്ണിമായ എന്നിവരെ സ്ഥലത്ത് നിന്ന് പിടികൂടി. ഇവരുടെ കൂടെയുണ്ടായിരുന്ന സുന്ദരിയും ലതയും ഓടി രക്ഷപ്പെടുകയായിരുന്നു.
മാവോയിസ്റ്റ് ഏറ്റുമുട്ടൽ: വിശദ അന്വേഷണത്തിന് പൊലീസ് സംഘം വയനാട്ടിൽ, എൻഐഎ സംഘവുമെത്തുംരാത്രിയോടെ പ്രദേശത്തെ വീട്ടിലെത്തിയ മാവോയിസ്റ്റുകൾ ഭക്ഷണം കഴിച്ച് പുറത്തിറങ്ങവെയാണ് തണ്ടർബോൾട്ട് വീട് വളഞ്ഞത്. അരമണിക്കൂറോളം വെടിവെപ്പ് നീണ്ടുനിന്നു. കണ്ണൂരിലെയും കർണാടകയിലെയും വനമേഖലകളിലേക്ക് മാവോയിസ്റ്റുകൾ നീങ്ങിയിരിക്കാമെന്ന സംശയത്തിൽ വനമേഖല കേന്ദ്രീകരിച്ച് ഹെലികോപ്റ്ററിൽ നിരീക്ഷണം നടത്തിയിരുന്നു. ഇതിനുപുറമേ ഡ്രോൺ പരിശോധനകളും ലോക്കൽ പൊലീസിന്റെ പട്രോളിങ്ങും മേഖലയിൽ നടത്തി.
പേരിയയില് മാവോയിസ്റ്റുകളും പൊലീസും തമ്മിൽ എറ്റുമുട്ടൽ; രണ്ടു പേർ കസ്റ്റഡിയിൽപിടിയിലായ ചന്ദ്രു സംസ്ഥാനത്തിന് പുറത്തുള്ള മാവോയിസ്റ്റ് കേന്ദ്രങ്ങളിൽ നിന്ന് വിദഗ്ധ പരിശീലനം ലഭിച്ചയാളാണെന്ന് പൊലീസ് കണ്ടെത്തി. ചന്ദ്രുവും ഉണ്ണിമായയും എ കെ 47 ഉൾപ്പടെയുള്ള മാരകായുധങ്ങൾ പ്രയോഗിക്കാനും അറ്റകുറ്റപ്പണി നടത്താനും പരിശീലനം നേടിയവരാണ്. മാവോയിസ്റ്റ് ജനകീയ സേനയുടെ അടിത്തറ രാജ്യത്തുടനീളം വ്യാപിപ്പിച്ച് 2050നകം ഇന്ത്യൻ ഭരണകൂടത്തെ അട്ടിമറിക്കുകയാണ് ലക്ഷ്യമെന്ന് ചോദ്യം ചെയ്യലിൽ ഇവർ മൊഴി നൽകി. കണ്ണൂർ വനമേഖലയിലും മാവോയിസ്റ്റുകൾക്കായുള്ള തെരച്ചിൽ ഊർജിതമാക്കിയിരുന്നു.