കേരള ബാങ്കിൻ്റെ ഭരണസമിതിയിൽ ലീഗിൻ്റെ അബ്ദുൾ ഹമീദിനെ ഉൾപ്പെടുത്തി; 'സഹകരണത്തിന്' ലീഗിൻ്റെ പച്ചക്കൊടി

കേരള ബാങ്കിൽ ആദ്യമായാണ് യുഡിഎഫിൽ നിന്നുള്ള എംഎൽഎ ഭരണ സമിതി അംഗമാകുന്നത്. മുസ്ലിം ലീഗ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറിയും വള്ളിക്കുന്ന് എംഎൽഎയുമാണ് പി അബ്ദുൽ ഹമീദ്

dot image

മലപ്പുറം: കേരള ബാങ്കിൻ്റെ ഭരണസമിതിയിൽ മുസ്ലിം ലീഗിന് പ്രാതിനിധ്യം. മുസ്ലിം ലീഗ് നേതാവ് പി അബ്ദുൽ ഹമീദ് എംഎൽഎ കേരള ബാങ്ക് ഭരണസമിതി അംഗമാകും. ഭരണസമിതിയിൽ ചേരാൻ അബ്ദുൽ ഹമീദിന് മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വം അനുമതി നൽകി. ലീഗുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള സിപിഐഎമ്മിന്റെ രാഷ്ട്രീയ നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

കേരള ബാങ്കിൽ ആദ്യമായാണ് യുഡിഎഫിൽ നിന്നുള്ള എംഎൽഎ ഭരണ സമിതി അംഗമാകുന്നത്. മുസ്ലിം ലീഗ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറിയും വള്ളിക്കുന്ന് എംഎൽഎയുമാണ് പി അബ്ദുൽ ഹമീദ്. നിലവിൽ പട്ടിക്കാട് സഹകരണ ബാങ്ക് പ്രസിഡൻ്റാണ് അബ്ദുൾ ഹമീദ്.

കണ്ണൂർ ചേർന്ന കേരളബാങ്ക് ഭരണസമിതിയാണ് അബ്ദുൾ ഹമീദിനെ ഭരണസമിതിയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചത്. മലപ്പുറം ജില്ലയിൽ അടക്കം സിപിഐഎമ്മുമായി സഹകരിക്കുന്ന മുതിർന്ന സഹകാരികളെ അടക്കം മറികടന്നാണ് അബ്ദുൽ ഹമീദിനെ നാമനിർദേശം ചെയ്തിരിക്കുന്നത്.

താൻ കാലങ്ങളായി സഹകാരിയെന്നാണ് പി അബ്ദുൽ ഹമീദ് പ്രതികരിച്ചിരിക്കുന്നത്. പിരിച്ചുവിടുന്നതുവരെ വർഷങ്ങളോളം സംസ്ഥാന സഹകരണ ബാങ്ക് ഡയറക്ടറായിരുന്നു. 15 വർഷം മലപ്പുറം സഹകരണ ബാങ്ക് പ്രസിഡന്റായിരുന്നു. രാഷ്ട്രീയ വിവാദങ്ങൾക്ക് സാധ്യതയില്ലെന്നും യുഡിഎഫിൽ എതിർപ്പില്ലെന്നും അബ്ദുൾ ഹമീദ് വ്യക്തമാക്കി.

നേരത്തെ ജില്ലാ ബാങ്കുകളെ ലയിപ്പിച്ച് കേരള ബാങ്ക് രൂപീകരിക്കുന്ന നീക്കത്തിൽ മുസ്ലിം ലീഗിന് മേൽക്കൈ ഉള്ള മലപ്പുറം ജില്ലാ ബാങ്ക് സഹകരിച്ചിരുന്നില്ല. കേരള ബാങ്ക് രൂപീകരിക്കുകയെന്ന ഇടതുമുന്നണിയുടെ തീരുമാനത്തോടുള്ള രാഷ്ട്രീയ എതിർപ്പിൻ്റെ ഭാഗമായിരുന്നു ഈ തീരുമാനം. റിസർവ് ബാങ്കിന്റെ അംഗീകാരം നേടി ജില്ലാ സഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിക്കാനുള്ള തീരുമാനത്തിൽ നിന്ന് തുടക്കത്തിൽ മലപ്പുറം ജില്ലാ ബാങ്ക് മാറി നിൽക്കുകയായിരുന്നു.

2019 ഒക്ടോബർ ഏഴിനാണ് ലയനത്തെ അനുകൂലിച്ച 13 ജില്ലാസഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിച്ച് കേരള ബാങ്ക് രൂപീകരിക്കുന്നതിന് റിസർവ് ബാങ്ക് അനുമതി നൽകിയത്. പതിമൂന്ന് ജില്ലാസഹകരണ ബാങ്കുകളെ കേരള സംസ്ഥാന സഹകരണ ബാങ്കുമായി സംയോജിപ്പിക്കുക എന്ന നിയമപരമായ നടപടി 2019 നവംബർ 29 ന്  പൂർത്തീകരിച്ചിരുന്നു. അന്ന് മുതൽ മലപ്പുറം ജില്ലാ ബാങ്ക് കേരള ബാങ്കിൽ ലയിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിയമനടപടികൾ നടന്ന് വരികയായിരുന്നു. ഒടുവിൽ മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കാമെന്ന് ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവിട്ടു. ഇതിനെതിരെ നൽകിയ അപ്പീൽ ഡിവിഷൻ ബഞ്ചും തള്ളിയിരുന്നു. മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ചു കൊണ്ടുള്ള സർക്കാർ നടപടികൾ പൂർത്തികരിച്ചതിനെ തുടർന്ന് ഈ വർഷം ആദ്യം ബാങ്കിന്റെ  ബിസിനസ് ജനറൽ മാനേജർ (എറണാകുളം) ജില്ലയിലെ സ്പെഷ്യൽ ഓഫീസറായി ചുമതലയേറ്റെടുത്തിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us