കോഴിക്കോട്: കേരള ബാങ്ക് ഭരണസമിതി അംഗമായി ലീഗ് പ്രതിനിധി എത്തുന്നത് കഴിഞ്ഞ കാലത്തിൻ്റെ തുടർച്ചയെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. പാർട്ടി ഇക്കാര്യത്തിൽ നിർദേശം നൽകിയിട്ടില്ലെന്നും എന്നാൽ പാർട്ടി നേതാക്കൾക്ക് അറിയാമെന്നും പിഎംഎ സലാം വ്യക്തമാക്കി.
വിഷയത്തിൽ മുസ്ലിം ലീഗ് ഇക്കാര്യത്തിൽ ഔദ്യോഗിക തീരുമാനം എടുത്തിട്ടില്ലെന്നും പിഎംഎ സലാം പറഞ്ഞു. സഹകരണ മേഖലയിൽ രാഷ്ട്രീയമില്ല. സഹകരണ മേഖലയിൽ സിപിഐഎമ്മുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിൽ തെറ്റൊന്നുമില്ല. കോൺഗ്രസിന് എതിർപ്പ് ഉണ്ടാകാൻ ഇടയില്ല. കേരള ബാങ്കിനോടുള്ള രാഷ്ട്രീയ വിയോജിപ്പ് തുടരുമെന്നും സലാം വ്യക്തമാക്കി. സിപിഐഎമ്മിനോട് അല്ല യുഡിഎഫിനോടുള്ള ബന്ധം ഊഷ്മളമാക്കാൻ ആണ് മുസ്ലിംലീഗിൻ്റെ ശ്രമമെന്നും പിഎംഎ സലാം ചൂണ്ടിക്കാണിച്ചു.
വിവാഹപൂർവ്വ കൗൺസിലിംഗ് നടത്താനുള്ള വഖഫ് ബോർഡിൻ്റെ തീരുമാനത്തിൽ തെറ്റു കാണുന്നില്ലെന്നും കാലത്തിനനുസരിച്ചുള്ള മാറ്റം അനിവാര്യമാണെന്നും ചോദ്യത്തിന് ഉത്തരമായി സലാം പറഞ്ഞു. കാര്യങ്ങൾ പഠിച്ചതിനുശേഷം കൂടുതൽ പറയാമെന്നും പിഎംഎ സലാം വ്യക്തമാക്കി.
കേരള ബാങ്കിൻ്റെ ഭരണസമിതിയിൽ മുസ്ലിം ലീഗ് നേതാവ് പി അബ്ദുൽ ഹമീദ് എംഎൽഎയെ ഉൾപ്പെടുത്താൻ തീരുമാനിച്ചിരുന്നു. കണ്ണൂർ ചേർന്ന കേരള ബാങ്ക് ഭരണസമിതിയാണ് അബ്ദുൾ ഹമീദിനെ ഭരണസമിതിയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചത്. മലപ്പുറം ജില്ലയിൽ അടക്കം സിപിഐഎമ്മുമായി സഹകരിക്കുന്ന മുതിർന്ന സഹകാരികളെ അടക്കം മറികടന്നാണ് അബ്ദുൽ ഹമീദിനെ നാമനിർദേശം ചെയ്തിരിക്കുന്നത്. ഭരണസമിതിയിൽ ചേരാൻ അബ്ദുൽ ഹമീദിന് മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വം അനുമതി നൽകിയിരുന്നു. ലീഗുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള സിപിഐഎമ്മിന്റെ രാഷ്ട്രീയ നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
കേരള ബാങ്കിൽ ആദ്യമായാണ് യുഡിഎഫിൽ നിന്നുള്ള എംഎൽഎ ഭരണ സമിതി അംഗമാകുന്നത്. മുസ്ലിം ലീഗ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറിയും വള്ളിക്കുന്ന് എംഎൽഎയുമാണ് പി അബ്ദുൽ ഹമീദ്. നിലവിൽ പട്ടിക്കാട് സഹകരണ ബാങ്ക് പ്രസിഡൻ്റാണ് അബ്ദുൾ ഹമീദ്. താൻ കാലങ്ങളായി സഹകാരിയെന്നാണ് പി അബ്ദുൽ ഹമീദ് പ്രതികരിച്ചിരിക്കുന്നത്. പിരിച്ചുവിടുന്നതുവരെ വർഷങ്ങളോളം സംസ്ഥാന സഹകരണ ബാങ്ക് ഡയറക്ടറായിരുന്നു. 15 വർഷം മലപ്പുറം സഹകരണ ബാങ്ക് പ്രസിഡന്റായിരുന്നു. രാഷ്ട്രീയ വിവാദങ്ങൾക്ക് സാധ്യതയില്ലെന്നും യുഡിഎഫിൽ എതിർപ്പില്ലെന്നും അബ്ദുൾ ഹമീദ് വ്യക്തമാക്കി.
നേരത്തെ ജില്ലാ ബാങ്കുകളെ ലയിപ്പിച്ച് കേരള ബാങ്ക് രൂപീകരിക്കുന്ന നീക്കത്തിൽ മുസ്ലിം ലീഗിന് മേൽക്കൈ ഉള്ള മലപ്പുറം ജില്ലാ ബാങ്ക് സഹകരിച്ചിരുന്നില്ല. കേരള ബാങ്ക് രൂപീകരിക്കുകയെന്ന ഇടതുമുന്നണിയുടെ തീരുമാനത്തോടുള്ള രാഷ്ട്രീയ എതിർപ്പിൻ്റെ ഭാഗമായിരുന്നു ഈ തീരുമാനം. റിസർവ് ബാങ്കിന്റെ അംഗീകാരം നേടി ജില്ലാ സഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിക്കാനുള്ള തീരുമാനത്തിൽ നിന്ന് തുടക്കത്തിൽ മലപ്പുറം ജില്ലാ ബാങ്ക് മാറി നിൽക്കുകയായിരുന്നു.