സുരേഷ് ഗോപിയെ ജയിപ്പിക്കാൻ സിപിഐഎം ക്വട്ടേഷൻ ഏറ്റെടുത്തിട്ടുണ്ടോയെന്ന് സംശയം: ഷിബു ബേബി ജോൺ

കുറ്റകൃത്യങ്ങൾ പെരുകുന്ന കേരളമാണോ നവകേരളമെന്നും ഷിബു ബേബി ജോൺ

dot image

തിരുവനന്തപുരം: സുരേഷ് ഗോപിയെ ജയിപ്പിക്കാൻ സിപിഐഎമ്മും സൈബറിടങ്ങളും ക്വട്ടേഷൻ ഏറ്റെടുത്തിട്ടുണ്ടോയെന്ന് സംശയിക്കുന്നുവെന്ന് ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ. രാഷ്ട്രീയത്തിൽ താരപരിവേഷം ഇല്ലാതിരുന്ന സുരേഷ് ഗോപിക്ക് സിംപതി വർധിപ്പിക്കുന്ന നിലയിലേക്ക് നിലപാടുകൾ കൊണ്ട് താരപരിവേഷം ചാർത്തിക്കൊടുത്തത് ബോധപൂർവമാണെന്നും അദ്ദേഹം ആരോപിച്ചു. തൃശൂരിൽ എൽഡിഎഫിന് യാതൊരു സാധ്യതയുമില്ലെന്ന് എല്ലാവർക്കും അറിയാം. എൽഡിഎഫ് ജയിച്ചില്ലെങ്കിലും സുരേഷ് ഗോപി ജയിക്കട്ടെയെന്ന് വിചാരിച്ച് ബോധപൂർവ്വ ശ്രമം നടക്കുന്നുവെന്ന് സംശയിക്കുന്നുവെന്നും ഷിബു ബേബി ജോൺ പറഞ്ഞു.

പിണറായി വിജയന് ജനങ്ങളിലേക്ക് എത്തണമെന്ന തോന്നലുണ്ടാകാൻ മുഖ്യമന്ത്രിയായിട്ട് എട്ടുവർഷം വേണ്ടിവന്നു. നവകേരളസദസ്സ് എന്നുപറഞ്ഞ് പിണറായിയും കൂട്ടരും ചെല്ലുമ്പോൾ എന്താണ് നവകേരളം എന്നതിനെക്കുറിച്ച് വിശദീകരണം നൽകണ്ടേയെന്നും മുഖ്യമന്ത്രി തന്നെ സമ്മതിച്ച, മയക്കുമരുന്നിന്റെ വ്യാപനം വർധിക്കുകയും അതിന്റെ പേരിൽ കുറ്റകൃത്യങ്ങൾ പെരുകുകയും ചെയ്യുന്ന കേരളമാണോ നവകേരളമെന്നും അദ്ദേഹം ചോദിച്ചു.

'ആരോഗ്യരംഗത്ത് ഒന്നാംസ്ഥാനത്തുള്ള കേരളത്തിൽ എക്സ്പയറി ഡേറ്റ് കഴിഞ്ഞ മരുന്നുകൾ വിതരണം ചെയ്യുന്നതാണോ നവകേരളം? വിദ്യാഭ്യാസത്തിൽ ഒന്നാംസ്ഥാനത്തുള്ള സംസ്ഥാനത്തുനിന്ന് മറ്റു സംസ്ഥാനങ്ങളിലേക്കും മറ്റു രാജ്യങ്ങളിലേക്കും കുടിയേറുന്നതാണോ നവകേരളം?', ഷിബു ബേബി ജോൺ ചോദിച്ചു. സർക്കാരിനെ വിചാരണ ചെയ്യുന്ന നിലപാടുമായി മുന്നോട്ടുപോകാൻ യുഡിഎഫും തയാറെടുക്കുകയാണ്. ശക്തമായ സമരമുണ്ടാകുമെന്ന് താൻ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

dot image
To advertise here,contact us
dot image