കൊച്ചി: എറണാകുളത്ത് കോൺഗ്രസ് എ ഗ്രൂപ്പിൻ്റെ രഹസ്യ യോഗം. ആലുവ തോട്ടുമുഖം MCA യിൽ ആണ് രഹസ്യ യോഗം ചേരുന്നത്. എറണാകുളം ജില്ലയിൽ കോൺഗ്രസ് ഗ്രൂപ്പ് പോര് ശക്തമാകുന്നതിനിടയിലാണ് എ ഗ്രൂപ്പ് രഹസ്യയോഗം ചേരുന്നത്. ജില്ലയിലെ എ ഗ്രൂപ്പ് നേതാവ് ബെന്നി ബഹനാൻ എംപിയാണ് യോഗം വിളിച്ചിരിക്കുന്നത് എന്നാണ് സൂചന. ജില്ലയിലെ എ ഗ്രൂപ്പിൻ്റെ പ്രധാന നേതാക്കളായ കെ ബാബു, ഡൊമിനിക് പ്രസന്റേഷൻ, അബ്ദുൽ മുത്തലിബ്, ടോണി ചമ്മിണി, കെ പി ധനപാലൻ എന്നിവർ യോഗത്തിൽ പങ്കെടുക്കുന്നതായാണ് വിവരം.
കെ സി വേണുഗോപാലിനെതിരായ പൊതുവികാരമാണ് യോഗത്തിൽ ഉയർന്നതെന്നാണ് വിവരം. എ ഗ്രൂപ്പിനെ നിരന്തരം വഞ്ചിക്കുന്നു. ഇത് സംബന്ധിച്ച് ഹൈക്കമാൻഡിനെ കണ്ട് സങ്കടം ബോധിപ്പിക്കും. പാർലമെന്റ് തിരഞ്ഞെടുപ്പ് മുന്നിലുള്ളതിനാൽ പരസ്യ യുദ്ധം ഇല്ലായെന്നും യോഗത്തിൽ ധാരണയായിട്ടുണ്ട്.
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ്നെ അയോഗ്യനാക്കിയ നടപടി ശരിയായില്ലെന്നും യോഗം വിലയിരുത്തി. അൻവർ സാദത്ത് എംഎഎൽഎയാണ് ഇതിന് ചരടുവലിച്ചതെന്നാണ് യോഗത്തിൽ ഉയർന്ന ആരോപണം. രമേശ് ചെന്നിത്തല ഗ്രൂപ്പ് വിട്ട് അൻവർ കെസി ഗ്രൂപ്പിലേക്ക് മാറാൻ ശ്രമിക്കുന്നതായും യോഗം വിലയിരുത്തി. അൻവറിന് രാജാവിനെക്കാൽ വലിയ രാജഭക്തിയാണെന്ന കുറ്റപ്പെടുത്തലും യോഗത്തിലുണ്ടായി.
യോഗം ചേർന്നത് പാർട്ടിയെ ശക്തിപ്പെടുത്താനാണെന്ന് യോഗ ശേഷം ബെന്നി ബഹനാൻ പ്രതികരിച്ചു. ചേർന്നത് ഗ്രൂപ്പ് യോഗമല്ലെന്നും പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ നേതൃത്വത്തെ അറിയിക്കുമെന്നും ബെന്നി ബഹനാൻ പറഞ്ഞു. നേതൃത്വം അതിന് പരിഹാരമുണ്ടാക്കമെന്നാണ് വിശ്വാസമെന്നും അദ്ദേഹം സൂചിപ്പിച്ചു.