കൊച്ചി: ആലുവയിലെ അഞ്ചുവയസുകാരിയെ കൊലപ്പെടുത്തിയ പ്രതിയ്ക്ക് തൂക്കുകയര് ഉറപ്പാക്കിയ അന്വേഷണ ടീമിലെ തലവന് റൂറല് എസ്പി വിവേക് കുമാര് ഇനി കൊല്ലത്തെ നയിക്കും. കൊല്ലം സിറ്റി കമ്മീഷണറായാണ് സ്ഥാനമേല്ക്കുന്നത്. എസ്പിുടെ മേൽനോട്ടത്തിലായിരുന്നു ഇലന്തൂര് നരബലി കേസിലെ കുറ്റപത്രം സമര്പ്പിച്ചത്. നിരവധി ക്രിമിനൽ കേസുകളുടെ അന്വേഷണത്തിന് നേതൃത്വം വഹിച്ചിട്ടുണ്ട്.
എടവനക്കാട് ഭാര്യയെ കൊലപ്പെടുത്തി സിറ്റൗട്ടില് കുഴിച്ചുമൂടിയ കേസ്, ആതിര എന്ന പെണ്കുട്ടിയെ അതിരപ്പള്ളി വനമേഖലയിലെത്തിച്ച് സുഹൃത്ത് കൊലപ്പെടുത്തിയത്, മൂവാ റ്റുപുഴയില് രണ്ട് അതിഥിത്തൊഴിലാളികളെ കൊലപ്പെടുത്തിയ ഗോപാല് മാലിക്കിനെ ഒഡീഷയില് നിന്ന് പികൂടിയത്, രണ്ടുകോടി രൂപയുടെ ജിഎസ്ടി തട്ടിപ്പ് നടത്തിയ പ്രതിയെ കൊല്ക്കത്തയില് നിന്നും പിടികൂടിയത്, കുപ്രസിദ്ധ മോഷ്ടാവ് ബര്മൂഡ കള്ളന് എന്ന പേരില് അറിയപ്പെടുന്ന ജോസ് മാത്യുവിനെ പിടികൂടിയത് തുടങ്ങിയ കേസുകളുടെ അന്വേഷണത്തിന് നേതൃത്വം വഹിച്ചത് എസ്പി വിവേക് കുമാറായിരുന്നു. ആലുവ കേസില് എസ്പിയേയും അന്വേഷണം നടത്തിയ മറ്റു ഉദ്യോഗസ്ഥരേയും മുഖ്യമന്ത്രി അഭിനന്ദിച്ചിരുന്നു.