
തിരുവനന്തപുരം: റിമാൻഡ് തടവുകാരനെ ജയിലിൽ വെച്ച് പൊള്ളിച്ചതായി പരാതി. പൂജപ്പുര ജയിലിലെ തടവുകാരൻ ലിയോൺ ജോൺസണാണ് കോടതിയിൽ പരാതി നൽകിയത്. ഉദ്യോഗസ്ഥർ ശരീരത്തിൽ ചൂടുവെള്ളം ഒഴിച്ചുവെന്നാണ് ആക്ഷേപം. ചികിത്സ നിഷേധിച്ചതായും പരാതിയിൽ പറയുന്നു. മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ട കേസിലെ പ്രതിയാണ് ലിയോൺ ജോൺസൺ.
മറ്റു നിരവധി കേസുകളിലും ഇയാൾ പ്രതിയാണ്. തിരുവനന്തപുരം സെഷൻസ് കോടതിയിലാണ് പരാതി നൽകിയത്. മുൻപ് മനുഷ്യാവകാശ കമ്മീഷനിലും ഇയാളുടെ ബന്ധുക്കൾ പരാതി നൽകിയിരുന്നു.
എന്നാൽ ചൂടുവെള്ളം ഒഴിച്ചെന്ന തടവുകാരന്റെ ആരോപണം നിഷേധിച്ച് ജയിൽ സൂപ്രണ്ട് രംഗത്തെത്തി. ജയിൽ ഉദ്യോഗസ്ഥർക്ക് സംഭവത്തിൽ പങ്കില്ലെന്നും ചൂടുവെള്ളം എടുക്കുന്നതിനിടെ ശരീരത്തിൽ വീഴുകയായിരുന്നുവെന്നുമാണ് വിശദീകരണം.