കൊച്ചി: പ്രതിപക്ഷ നേതാവ് വിഡി സതീശൻ്റെ പറവൂർ നിയമസഭാ മണ്ഡലത്തിൽ നടക്കുന്ന നവകേരള സദസ്സിന് ഫണ്ട് അനുവദിച്ച് യുഡിഎഫ് ഭരിക്കുന്ന നഗരസഭ. യുഡിഎഫ് ഭരിക്കുന്ന പറവൂർ നഗരസഭയാണ് നവകേരള സദസ്സിന് ഫണ്ട് അനുവദിച്ചിരിക്കുന്നത്. കോൺഗ്രസിന് ഒറ്റയ്ക്ക് ഭൂരിപക്ഷമുള്ള നഗരസഭയാണ് പറവൂർ. ഒരു ലക്ഷം രൂപയാണ് പറവൂർ നഗരസഭ നവകേരള സദസ്സിന് അനുവദിച്ചിരിക്കുന്നത്. ഈ മാസം 13ന് ചേർന്ന കൗൺസിൽ യോഗത്തിലായിരുന്നു ഫണ്ട് അനുവദിക്കാൻ ഐക്യകണ്ഠേന തീരുമാനിച്ചത്.
നേരത്തെ യുഡിഎഫ് ഭരിക്കുന്ന തിരുവല്ല നഗരസഭയും കോന്നി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയും നവകേരള സദസ്സിന് പണം അനുവദിച്ചത് വിവാദമായിരുന്നു. രണ്ട് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളും ഒരു ലക്ഷം രൂപ വീതമാണ് അനുവദിച്ചത്. ഈ മാസം നാലിനു ചേര്ന്ന തിരുവല്ല നഗരസഭാ കൗണ്സിലിലാണ് പണം നല്കാന് തീരുമാനിച്ചത്. സപ്ലിമെന്ററി അജന്ഡയായി തുക അനുവദിക്കുന്ന വിഷയം ഉള്പ്പെടുത്തിയാണ് ഒരു ലക്ഷം രൂപ അനുവദിച്ചത്. യുഡിഎഫ് ഭരിക്കുന്ന കോന്നി ബ്ലോക്ക് പഞ്ചായത്തും ഒരു ലക്ഷം രൂപ നവകേരള സദസിന് അനുവദിച്ചിരുന്നു. ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി ഐക്യകണ്ഠേനെയാണ് തീരുമാനം എടുത്തത്. മുഴുവൻ യുഡിഎഫ് അംഗങ്ങളും പണം അനുവദിക്കുന്നതിനെ അനുകൂലിച്ചിരുന്നു. നവംബർ 10ന് ചേർന്ന ഭരണസമിതി യോഗത്തിലായിരുന്നു പണം അനുവദിക്കാനുള്ള തീരുമാനം എടുത്തത്.
യുഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങൾ നവകേരള സദസ്സിന് ഫണ്ട് അനുവദിക്കരുതെന്ന് നിർദ്ദേശമുണ്ടായിരുന്നു. നവകേരള സദസ്സുമായി സഹകരിക്കരുതെന്ന് കോൺഗ്രസ് ഭരിക്കുന്ന തദ്ദേശസ്വയം ഭരണസ്ഥാപനങ്ങൾക്ക് കെപിസിസി നിർദ്ദേശം നൽകിയിരുന്നു. നവകേരള സദസ്സിന് യുഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങള് ഫണ്ട് നല്കേണ്ടതില്ലെന്ന നിര്ദേശം നവംബർ 11ന് സർക്കുലറായി കെപിസിസി പുറത്തിറക്കുകയും ചെയ്തിരുന്നു. കെപിസിസി സർക്കുലർ പുറത്ത് വന്നതിന് ശേഷമാണ് പ്രതിപക്ഷ നേതാവിൻ്റെ മണ്ഡലത്തിൽ കോൺഗ്രസിന് ഒറ്റയ്ക്ക് ഭൂരിപക്ഷമുള്ള പറവൂർ നഗരസഭ നവകേരള സദസ്സിന് ഫണ്ട് അനുവദിക്കാൻ തീരുമാനിച്ചത്.
ഫണ്ട് അനുവദിക്കാനുള്ള തീരുമാനം വിവാദമായതിന് പിന്നാലെ തീരുമാനം പിൻവലിക്കാൻ എറണാകുളം ഡിസിസി നിർദ്ദേശം നൽകിയിട്ടുണ്ട്. ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസാണ് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയത്.