കണ്ണൂർ: കർണാടകയിലെ ഉഡുപ്പിയിൽ വില്ല നിർമിച്ചു നൽകാമെന്നു പറഞ്ഞു 18 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ ഇന്ത്യൻ മുൻ ക്രിക്കറ്റ് താരം ശ്രീശാന്ത് ഉൾപ്പടെ മൂന്ന് പേർക്കെതിരെ കേസ്. കണ്ണപുരം സ്വദേശിയുടെ പരാതിയിലാണ് കോടതിയുടെ നിർദേശപ്രകാരം കേസെടുത്തിരിക്കുന്നത്.
2019ലാണ് കേസിനാസ്പദമായ സംഭവം. കൊല്ലൂരിൽ വച്ചു പരിചയപ്പെട്ട രാജീവ്കുമാർ, വെങ്കിടേഷ് കിനി എന്നിവർ ചേർന്ന് 18 ലക്ഷം രൂപ വാങ്ങിയെന്നാണ് പരാതി. അഞ്ച് സെന്റ് ഭൂമിയും അതിലൊരു വില്ലയും നൽകാമെന്നായിരുന്നു പറഞ്ഞത്. എന്നാൽ വില്ല ലഭിച്ചില്ല. പകരം ആ പണത്തിന് പറഞ്ഞ സ്ഥലത്ത് ശ്രീശാന്ത് ക്രിക്കറ്റ് പ്രോജക്ട് തുടങ്ങുമെന്ന് മറുപടി ലഭിച്ചതായും പരാതിക്കാരൻ പറയുന്നു.
2019 മാർച്ച് 25 മുതൽ പ്രതികൾ പലതവണ പണം കൈക്കലാക്കി. പിന്നീട് പരാതിക്കാരനെ നേരിട്ടുകണ്ട ശ്രീശാന്ത്, തന്റെ പ്രോജക്ടിന്റെ ഭാഗമായി ഒരു വില്ല നൽകാമെന്നു വാഗ്ദാനം ചെയ്തെന്നും പരാതിക്കാരന് ആരോപിക്കുന്നു. പരാതിക്കാരൻ കണ്ണൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഹർജി നൽകിയിരിക്കുന്നത്.