സമാന്തര പ്രവർത്തനങ്ങൾ പാടില്ല; ആര്യാടൻ ഷൗക്കത്തിന് കെപിസിസിയുടെ താക്കീത്

പാർട്ടി പരിപാടികളിൽ നിന്നുള്ള വിലക്കായിരുന്നു ആദ്യം നൽകിയത്.

dot image

തിരുവനന്തപുരം: ആര്യാടൻ ഷൗക്കത്തിനെതിരെയുള്ള നടപടി താക്കീതിൽ ഒതുക്കി കെപിസിസി. നടത്തിയത് അച്ചടക്ക ലംഘനം ആണെങ്കിലും ഖേദം പ്രകടിപ്പിച്ചതിനാൽ കടുത്ത നടപടി ഒഴിവാക്കുന്നു എന്നാണ് കെപിസിസി വിശദീകരണം. കെപിസിസി നടപടി അംഗീകരിക്കുന്നു എന്ന് മലപ്പുറം ഡിസിസിയും പ്രവർത്തകരുമായി കൂടിയാലോചിച്ചു നാളെ വാർത്താസമ്മേളനം വിളിക്കുമെന്ന് ആര്യാടൻ ഷൗക്കത്തും പ്രതികരിച്ചു.

കെപിസിസിയുടെ വിലക്ക് പരസ്യമായി ലംഘിച്ച് പലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചതിനാണ് ആര്യാടൻ ഷൗക്കത്തിനെതിരെ അച്ചടക്ക നടപടി എടുത്തത്. പാർട്ടി പരിപാടികളിൽ നിന്നുള്ള വിലക്കായിരുന്നു ആദ്യം നൽകിയത്. തുടർന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ അധ്യക്ഷനായ അച്ചടക്ക സമിതി ആര്യാടൻ ഷൗക്കത്തിന്റെയും മലപ്പുറം ഡിസിസി അധ്യക്ഷൻ വിഎസ് ജോയ് ഉൾപ്പെടെയുള്ളവരുടെയും മൊഴിയെടുത്തു. കർശന താക്കീത് നൽകണമെന്നുള്ള റിപ്പോർട്ടാണ് അച്ചടക്ക സമിതി നൽകിയത്. ഇതിന് ചുവടുപിടിച്ചാണ് പാർട്ടിയെ വെല്ലുവിളിച്ച ആര്യാടൻ ഷൗക്കത്തിനെതിരെ കെപിസിസി നടപടി ശക്തമായ താക്കീതിൽ ഒതുക്കിയത്.

ആര്യാടൻ ഫൗണ്ടേഷന്റെ പേരിൽ ബ്ലോക്ക് മണ്ഡലം തല കമ്മറ്റികൾ രൂപീകരിച്ച് സമാന്തര പ്രവർത്തനങ്ങൾ സംഘടിപ്പിക്കരുതെന്നും പാർട്ടി നയപരിപാടികൾക്ക് അനുസൃതമായി മാത്രം പ്രവർത്തിക്കണമെന്നും കെപിസിസി നിർദ്ദേശം നൽകി. ഫൗണ്ടേഷന്റെ പരിപാടികൾ എല്ലാം മലപ്പുറം ഡിസിസിയെ മുൻകൂട്ടി അറിയിക്കേണ്ടതാണെന്നും കെപിസിസി അറിയിച്ചിട്ടുണ്ട്. പാർട്ടിയെ വെല്ലുവിളിച്ച് വിഭാഗീയ റാലി നടത്തിയ ഷൗക്കത്തിനെതിരെ കർശന നടപടി വേണമെന്നായിരുന്നു ഡിസിസി നിലപാട്. എന്നാൽ ലോക്സഭ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ഷൗക്കത്തിന് എതിരെയുള്ള നടപടി തിരിച്ചടി ആകുമെന്ന ചിന്തയാണ് നടപടി ലഘൂകരിക്കാൻ കെപിസിസി നേതൃത്വത്തെ പ്രേരിപ്പിച്ചത്. ഇതേ ആശങ്ക ലീഗും പങ്കുവച്ചിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us