തിരുവനന്തപുരം: നവകേരള സദസ്സിന് പറവൂർ നഗരസഭ പണം അനുവദിച്ചതിൽ ആരോപണം ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മന്ത്രിയുടെ ഓഫീസിൽ നിന്ന് നഗരസഭ സെക്രട്ടറിയെ വിളിച്ച് ഭീഷണിപ്പെടുത്തി. സെക്രട്ടറി ആവശ്യപ്പെട്ട പ്രകാരമാണ് താന് വിളിച്ചത്. ഒരു ഉദ്യോഗസ്ഥനെയും താൻ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. എൽഡിഎഫ് സർക്കാർ വന്നശേഷം തദ്ദേശസ്ഥാപനങ്ങളിൽ നിന്നും വൻ പിരിവാണ് നടക്കുന്നതെന്ന് വി ഡി സതീശൻ ആരോപിച്ചു. ശമ്പളം കൊടുക്കാനോ പെൻഷൻ കൊടുക്കാനോ ഉള്ള പൈസ പോലും തദ്ദേശസ്ഥാപനങ്ങളിൽ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് ഭരിക്കുന്ന പാലക്കാട് പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് നവകേരള സദസ്സിന് പണം കൈമാറിയ സംഭവത്തിലും അദ്ദേഹം പ്രതികരിച്ചു. യുഡിഎഫിന്റെ തീരുമാനം അനുസരിക്കാത്തത് എ വി ഗോപിനാഥൻ മാത്രമാണ്. ബാക്കി ഒരു യുഡിഎഫ് പഞ്ചായത്തുകളോ നഗരസഭകളോ പണം നൽകിയിട്ടില്ല. എ വി ഗോപിനാഥൻ കഴിഞ്ഞ രണ്ടു വർഷമായി പാർട്ടിക്കൊപ്പമല്ലെന്നും വി ഡി സതീശൻ പറഞ്ഞു. രാജസ്ഥാൻ മുഖ്യമന്ത്രി കേരള സർക്കാരിനെ പ്രകീർത്തിച്ചതായി അറിയില്ല. ഇനി അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ ഔചിത്യമില്ലായ്മയാണെന്ന് വി ഡി സതീശൻ അഭിപ്രായപ്പെട്ടു.
'യുഡിഎഫ് എംഎൽഎമാർ വിട്ടുകളഞ്ഞതത് പാർലമെന്ററി രംഗത്തെ പ്രധാന ഭാഗം'; വിമർശിച്ച് മുഖ്യമന്ത്രിഒരു കാരണവുമില്ലാതെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിൽ വയ്ക്കുന്നുവെന്ന് വി ഡി സതീശൻ ആരോപിച്ചു. യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിനായി വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ച സംഭവത്തിൽ യൂത്ത് കോണ്ഗ്രസ് സംസ്ഥാന അധ്യക്ഷന് രാഹുല് മാങ്കൂട്ടത്തിലിനെ സാക്ഷിയായിട്ടാണ് വിളിച്ചത്. ഏത് അന്വേഷണവും നേരിടാൻ തയ്യാറെന്ന് രാഹുൽ തന്നെ പറഞ്ഞിട്ടുണ്ട്. പൊലീസ് വിളിച്ചാൽ ഉടൻ നെഞ്ചുവേദന വരില്ല. ആംബുലൻസ് വരില്ല. പകരം സ്റ്റേഷനിൽ പോകുമെന്നും വി ഡി സതീശന് പറഞ്ഞു.
കെപിസിസിയുടെ കയ്യിൽ ഒരു ഡിജിറ്റൽ രേഖകളും ഇല്ല. പലർക്കും ഇതുമായി ബന്ധപ്പെട്ട് പരാതിയുണ്ട്. അഖിലേന്ത്യ നേതൃത്വത്തെ അത് ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഏത് തെരഞ്ഞെടുപ്പും നടത്തുമ്പോൾ ഉണ്ടാകുന്ന ചെറിയ പാളിച്ചകളും പരാതികളും ഉണ്ടാകും. ബാക്കി അന്വേഷണം നടക്കട്ടെയെന്നും വി ഡി സതീശന് പറഞ്ഞു.
ആര്യാടൻ ഷൗക്കത്തിനെതിരെയുള്ള നടപടിയിലെ മുഖ്യമന്ത്രിയുടെ പ്രതികരണത്തെ വി ഡി സതീശൻ വിമർശിച്ചു. ഒരു പാർട്ടി പ്രവർത്തകനെതിരെ എടുക്കുന്ന നടപടിയിൽ മുഖ്യമന്ത്രി എന്തിനാണ് മറുപടി പറയുന്നത്. ഇയാൾക്ക് എന്ത് പ്രശ്നമാണ്. ഒരു മര്യാദ വേണ്ടേ മുഖ്യമന്ത്രിക്ക്. നാളെ മുതൽ എകെജി സെന്ററിൽ പോയി കോൺഗ്രസ് പാർട്ടി എങ്ങനെ പ്രവർത്തിക്കണം എന്ന് ചോദിക്കാം. മുഖ്യമന്ത്രിയുടെ അസഹിഷ്ണുത ആദ്യം മാറ്റണമെന്ന് അദ്ദേഹം പറഞ്ഞു.