കൊല്ലം: ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതായി പരാതി. കൊല്ലം പൂയപ്പള്ളി കാറ്റാടിയിൽ വച്ചാണ് ഇന്ന് വൈകിട്ട് കുട്ടിയെ കാറിൽ കൊണ്ടുപോയതെന്നാണ് വിവരം. ഒപ്പം ഉണ്ടായിരുന്ന സഹോദരനെ തട്ടി മാറ്റി കൊണ്ടുപോയെന്നാണ് പരാതി. സ്വിഫ്റ്റ് ഡിസയർ കാറിൽ ആണ് തട്ടിക്കൊണ്ടുപോയത്. KL 01 3176 നമ്പറിലുള്ള കാറിലാണ് തട്ടിക്കൊണ്ട് പോയതെന്ന് സഹോദരൻ പൊലീസിനോട് പറഞ്ഞു. അതിവേഗ അന്വേഷണം നടക്കുകയാണെന്നും എല്ലാവിധ ജാഗ്രതയും പുലർത്താൻ വേണ്ട നിർദേശം നൽകിയെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
കുട്ടിക്കായി അന്വേഷണം ആരംഭിച്ചെന്ന് പൊലീസ്. കാറിന്റെ നമ്പർ വ്യാജമെന്ന് പൊലീസ് പറയുന്നു. വൈകീട്ട് 4.20-ഓടെയാണ് സംഭവം. സഹോദരന്റെ നിലവിളി കേട്ടാണ് വിവരം അറിയുന്നതെന്ന് നാട്ടുകാർ പറയുന്നു. ഈ കാർ കുറച്ച് ദിവസമായി പരിസരത്ത് ഉണ്ടായിരുന്നു. കാറിൽ ഒരു സ്ത്രീയടക്കം നാല് പേര് ഉണ്ടായിരുന്നു. സ്കൂൾ കഴിഞ്ഞ് വീട്ടിലെത്തിയശേഷം ട്യൂഷന് പോകവേയാണ് സംഭവം. കുട്ടിയുടെ മാതാപിതാക്കൾ നഴ്സുമാരാണ്.