തൃശ്ശൂർ: വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയായി 25 വർഷത്തിലേറെയായി ജയിലിൽ കഴിയുന്ന കുപ്രസിദ്ധ ഗുണ്ടയ്ക്ക് ഗുരുതരരോഗമെന്ന് റിപ്പോർട്ട്. അമ്പായത്തോട് അഷ്റഫെന്ന തടവുകാരനാണ് രക്തത്തിലൂടെ പകരുന്ന രോഗം (ഹെപ്പറ്റൈറ്റിസ് സി) ബാധിച്ചത്. സഹതടവുകാരിലേക്കും ജയിൽ ജീവനക്കാരിലേക്കും രോഗം പകർത്താനുള്ള പ്രവണത കൂടിവരുന്നതായി ജയിൽവകുപ്പ് അധികൃതർ റിപ്പോർട്ട് ചെയ്തു.
അഷ്റഫിനെ അതിസുരക്ഷാ ജയിലിലേക്ക് എത്രയും വേഗം മാറ്റണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് സെൻട്രൽ ജയിൽ അധികൃതരും ജില്ലാ ജയിൽ അധികൃതരും ആഭ്യന്തരവകുപ്പിന് നൽകി. മറ്റു തടവുകാരിലേക്ക് രോഗം പകർത്താൻ സ്വയം മുറിവേൽപ്പിക്കുകയും മറ്റ് തടവുകാരെ മുറിവേൽപ്പിക്കുകയും ചെയ്യുന്നതായുമാണ് കണ്ടെത്തൽ. കഴിഞ്ഞ ദിവസം സെൻട്രൽ ജയിലിൽ ഗുണ്ട മരട് അനീഷിനെ ദേഹമാസകലം ബ്ലേഡുകൊണ്ട് മുറിവേൽപ്പിച്ചിരുന്നു. രോഗം പകർത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇതെന്നാണ് നിഗമനം. ഈ സംഭവത്തിനുശേഷം അഷ്റഫിനെ സെൻട്രൽ ജയിലിൽ നിന്ന് മാറ്റി ജില്ലാ ജയിലിൽ ഒറ്റയ്ക്ക് സെല്ലിൽ പാർപ്പിച്ചിരിക്കുകയാണ്.
രോഗം പകരാനുള്ള സാധ്യത മനസിലാക്കി ഇയാളെ മറ്റ് ജയിലുകളിലേക്ക് മാറ്റുന്നതിന് എല്ലാ ജയിലുകാരും എതിർപ്പറിയിക്കുകയാണ്. ശരീരമാസകലം സ്വയം മുറിവേൽപ്പിക്കുന്ന ഇയാൾ മാരകമയക്കുമരുന്നിന് അടിമയാണെന്നും പറയുന്നു. ചികിത്സയ്ക്ക് എത്തുന്ന ഡോക്ടർമാരെയും സഹായത്തിന് എത്തുന്ന ജയിൽജീവനക്കാരെയും അഷ്റഫ് മുറിവേൽപ്പിക്കുകയും ആക്രമിക്കുകയും ചെയ്യുന്നത് പതിവാണ്.
തൃശ്ശൂരിൽ പ്രശ്നമുണ്ടാക്കിയാൽ ഏറ്റവും സുഖകരമായ അന്തരീക്ഷമുള്ള കണ്ണൂർ ജയിലിലേക്ക് മാറാമെന്ന ചിന്തയാണ് അഷ്റഫിനെ അക്രമത്തിലേക്ക് നയിക്കുന്നത് എന്നാണ് വിലയിരുത്തുന്നത്. തൃശ്ശൂർ ജയിലിൽ പ്രശ്നമുണ്ടാക്കിയ കൊടി സുനിയെ വേറെ ജയിലിലേക്ക് മാറ്റിയിരുന്നു. ഇക്കാര്യം മനസ്സിലാക്കിയാണ് അഷ്റഫും പ്രശ്നമുണ്ടാക്കുന്നതെന്നാണ് സൂചന.