വയനാട്ടിൽ ക്ഷയരോഗം ബാധിച്ച് 11 വയസുകാരി ആദിവാസി പെൺകുട്ടി മരിച്ചു; ചികിത്സ വൈകിയെന്ന് ആരോപണം

രേണുകയ്ക്ക് ചികിത്സാ ലഭ്യമാക്കാൻ വൈകിയെന്നും അവശ്യഘട്ടങ്ങളിൽ ട്രൈബൽ വകുപ്പ് നടപടി കൈക്കൊണ്ടില്ലെന്നുമാണ് കുടുംബത്തിന്റെ ആരോപണം

dot image

മാനന്തവാടി: വയനാട്ടിൽ ക്ഷയരോഗം ബാധിച്ച് 11 വയസുകാരി മരിച്ചു. അഞ്ചുകുന്ന് കാപ്പുംകുന്ന് ആദിവാസി കോളനിയിലെ ആറാം ക്ലാസുകാരി രേണുകയാണ് മരിച്ചത്. വയനാട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രോഗം മൂർച്ഛിച്ച് തലച്ചോറിനെ ബാധിച്ചതിനെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു. രേണുകയ്ക്ക് ചികിത്സ ലഭ്യമാക്കാൻ വൈകിയെന്നും അവശ്യ ഘട്ടങ്ങളിൽ ട്രൈബൽ വകുപ്പ് നടപടി കൈക്കൊണ്ടില്ലെന്നുമാണ് കുടുംബത്തിന്റെ ആരോപണം.

കഴിഞ്ഞ പതിനേഴാം തീയതിയാണ് ആറാം ക്ലാസുകാരി രേണുകയെ കടുത്ത പനിയെ തുടർന്ന് വീടിനു സമീപത്തെ പൊരുന്നന്നൂർ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിച്ചത്. തൊട്ടടുത്ത ദിവസം തന്നെ വീട്ടുകാർ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ക്ഷയരോഗമാണെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് വിദഗ്ധ ചികിത്സകൾക്കായി രേണുകയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു. എന്നാൽ കഴിഞ്ഞ ദിവസം വൈകീട്ടോടെ രോഗം തലച്ചോറിനെ ബാധിച്ച് രേണുക മരണത്തിനു കീഴടങ്ങുകയായിരുന്നു.

മാസങ്ങൾക്ക് മുൻപ് ഇതേ കോളനിയിലെ മറ്റൊരു യുവാവ് രതീഷും ക്ഷയരോഗം ബാധിച്ചാണ് മരിച്ചത്. വർഷങ്ങൾക്ക് മുൻപ് മരിച്ച രതീഷിന്റെ ഭാര്യയുടെ മരണ കാരണവും ക്ഷയരോഗം തന്നെ. രേണുകയെ ആശുപത്രിയിൽ പ്രവേശിപ്പിക്കാനായി ആരോഗ്യ വകുപ്പ് അധികൃതർ പട്ടികവർഗ്ഗ വകുപ്പ് ഓഫീസറെ അറിയിച്ചെങ്കിലും വണ്ടിക്കൂലിക്ക് ഫണ്ടില്ലെന്നാണ് മറുപടി ലഭിച്ചതെന്ന് കോളനി നിവാസികൾ പറയുന്നു.

'മുഖ്യമന്ത്രി ഗുണ്ടകളുമായി നടക്കുന്നു'; നവകേരള സദസ്സിൽ നിയമങ്ങൾ കാറ്റിൽ പറത്തുന്നുവെന്ന് കെ മുരളീധരൻ

ചികിത്സയോ ബോധവൽക്കരണമോ ലഭിക്കാതെ വൃത്തി ഹീനമായ സാഹചര്യത്തിൽ ടി ബി പോലെയുള്ള മാരകരോഗങ്ങൾ പടർന്നു പിടിക്കുന്ന വയനാട്ടിലെ നിരവധി ആദിവാസി കോളനികളിൽ ഒന്ന് മാത്രമാണിത്. പട്ടിക വർഗ വികസനവകുപ്പോ അധികൃതരോ പരിഹാരമാർഗങ്ങൾ കണ്ടെത്തിയില്ലെങ്കിൽ ആദിവാസി കോളനികളിലെ ജീവിതം കൂടുതൽ ദുരന്തപൂർണ്ണമായി മാറിയേക്കുമെന്ന് ആശങ്കകളുണ്ട്.

dot image
To advertise here,contact us
dot image