കൊച്ചി: കൊച്ചി സാങ്കേതിക സർവകലാശാലയിൽ കഴിഞ്ഞ ദിവസം നടന്ന് ദുരന്തമായി മാറിയ ടെക് ഫെസ്റ്റിൽ നിഖിത ഗാന്ധിയുടെ ഗാനമേളയാണ് നടക്കാൻ പോകുന്നതെന്ന സംഘാടക സമിതി അറിയിച്ചിരുന്നില്ലെന്ന് സർവകലാശലയുടെ ഔദ്യോഗിക വിശദീകരണം. പരിപാടിയുടെ തലേ ദിവസം നൽകിയ കത്തിൽപ്പോലും ഇത്തരമൊരു പരിപാടിയുടെ കാര്യം പറഞ്ഞിരുന്നില്ല. പുറമെ നിന്നുള്ള സെലിബ്രിറ്റിയുടെ പ്രോഗ്രാമാണെന്ന് അറിഞ്ഞിരുന്നില്ല. അത്തരമൊരു വിവരം അറിഞ്ഞിരുന്നെങ്കിൽ നിലവിലെ നിബന്ധനകളനുസരിച്ച് പരിപാടിക്ക് അനുമതി നൽകുമായിരുന്നില്ലെന്നും സർവകലാശാല വിശദീകരിച്ചു.
സർവകലാശാലയ്ക്ക് സംഘാടക സമിതി നൽകിയ പ്രോഗ്രാമിന്റെ വിവരങ്ങൾ സെക്യൂരിറ്റി ഓഫീസർ വഴി സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർക്ക് നൽകിയിരുന്നു. സാധാരണയായുള്ള സുരക്ഷാ മുൻകരുതലുകളും സ്വീകരിച്ചിരുന്നു. വിദ്യാർത്ഥി വളന്റിയർമാരാണ് ഓഡിറ്റോറിയത്തിലേക്കുള്ള പ്രവേശനം നിയന്ത്രിച്ചിരുന്നത്. സംഘാടക സമിതിയാണ് വളന്റിയർമാരെ നിയോഗിച്ചത്. പൊലീസിന്റെയും സർവകലാശാല സെക്യൂരിറ്റി ജീവനക്കാരും സ്ഥലത്തുണ്ടായിരുന്നു. ലഭിച്ച ദൃശ്യങ്ങളിൽ ഇത് വ്യക്തമാണെന്നും സർവകലാശാല വ്യക്തമാക്കി.
ആൽവിൻ കൊച്ചിയിലെത്തിയത് സർട്ടിഫിക്കറ്റ് വാങ്ങാൻ; മരണം കവർന്നത് ഒരു കുടുംബത്തിന്റെ ആശ്രയത്തെനിലവിലുള്ള ചട്ടപ്രകാരം പുറമേ നിന്നുള്ള ഗാനമേളകളോ പ്രൊഫഷണൽ ഗാനമേളകളോ സർവകലാശാലയിൽ നടത്താൻ പാടില്ല. പരിപാടികൾ നടക്കേണ്ടത് അധ്യാപകരുടെ മേൽനോട്ടത്തിലാകണമെന്നും നിർദേശം നൽകിയിട്ടുണ്ട്.
നവംബർ 25നാണ് കുസാറ്റിൽ ടെക് ഫെസ്റ്റിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് നാല് പേർ മരിച്ചത്. തിരക്കിൽ താഴെ വീണ ഇവരുടെ മേലേക്ക് മറ്റുള്ളവരും വീഴുകയും ചവിട്ടേൽക്കുകയുമായിരുന്നു. ശ്വാസം മുട്ടിയാണ് നാല് പേരും മരിച്ചതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ആൻ റുഫ്ത, സാറാ തോമസ്, ആൽബിൻ ജോസഫ്, അതുൽ തമ്പി എന്നിവരാണ് മരിച്ചത്. ഇവരുടെ സംസ്കാരം അവരുടെ നാടുകളിൽ കഴിഞ്ഞ ദിവസം നടന്നിരുന്നു. കണ്ണീരോടെയാണ് നാട് ഇവർക്ക് വിട നൽകിയത്.