മലപ്പുറം: കേന്ദ്ര വിഹിതവുമായി ബന്ധപ്പെട്ട് കേന്ദ്ര ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ നടത്തിയ പരാമർശം തെറ്റിദ്ധരിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസ്സിലൂടെ സംസ്ഥാനത്തെ ഭരണം എങ്ങനെ കേന്ദ്രം തടസ്സപ്പെടുത്തുന്നു എന്നതിനെക്കുറിച്ച് ജനങ്ങൾക്ക് വ്യക്തമായി. അത്തരമൊരു സാഹചര്യം വന്നപ്പോഴാണ് കേന്ദ്ര ധനമന്ത്രി തന്നെ കേരളത്തിൽ വന്ന് തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലാണെങ്കിലും ഒരു നിലപാട് സ്വീകരിക്കാൻ നിർബന്ധിതമായത്. ജനങ്ങൾ ഇതെല്ലാം മനസിലാക്കുന്നു എന്ന് കണ്ടപ്പോഴാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനയുമായി നിർമ്മല സീതാരാമൻ വന്നത്. എന്നാൽ ജനങ്ങൾക്ക് സത്യാവസ്ഥ മനസ്സിലായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. റിപ്പോർട്ടർ ടിവി കണ്സള്ട്ടിങ് എഡിറ്റർ ഡോ. അരുൺ കുമാറുമായുളള പ്രത്യേക അഭിമുഖത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
കേന്ദ്ര സർക്കാർ നൽകേണ്ട സഹായങ്ങൾ നൽകാത്തതാണ് സംസ്ഥാനത്തിന്റെ ധന പ്രതിസന്ധിക്ക് കാരണമെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഇത്തരമൊരു പ്രശ്നത്തെ ഒറ്റതിരിഞ്ഞല്ല കാണേണ്ടത്, അത് രാജ്യത്തിൻറെ ഭാഗമായാണ് കാണേണ്ടത്. പ്രശ്നങ്ങളിൽ സംസ്ഥാനത്തെ സഹായിക്കാൻ ബാധ്യതപ്പെട്ടവരാണ് കേന്ദ്ര സർക്കാർ. കേന്ദ്രം അത് നിറവേറ്റാതെ സംസ്ഥാനത്തെ എങ്ങനെ വിഷമിപ്പിക്കാൻ കഴിയുമെന്ന നിലപാടാണ് സ്വീകരിക്കുന്നത്. സംസ്ഥാനത്തിന് അർഹതപ്പെട്ടത് നൽകിയാൽ ഈ സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയും. അതിന് വേണ്ടത് നികുതി വിഹിതം സംസ്ഥാനത്തിന് നല്ല രീതിയിൽ നൽകണം. അതുപോലെ സംസ്ഥാനത്തിന് അർഹതപ്പെട്ട റവന്യൂ കമ്മി വിഹിതം നൽകണം. വായ്പ എടുക്കാനുള്ള അനുമതി സാധാരണ ഗതിയിൽ കൊടുക്കണം. കിഫ്ബിയെയും ഒഴിവാക്കണം. നാഷണൽ ഹൈവേ അതോറിറ്റിക്ക് ഇല്ലാത്ത ഒരു വ്യവസ്ഥ കിഫ്ബിക്ക് വെക്കേണ്ട കാര്യമില്ല. സംസ്ഥാനത്തിന്റെ നിലപാട് മനസ്സിലാക്കിയുള്ള നിലപാട് പുതിയ ധനകാര്യ കമ്മീഷൻ സ്വീകരിക്കുമെന്ന് കരുതുന്നു എന്ന് പിണറായി വിജയൻ പറഞ്ഞു.
'ഗവർണർ തുടരാൻ പാടില്ലെന്ന നിലപാട് കേന്ദ്രസർക്കാർ സ്വീകരിക്കണം': മുഖ്യമന്ത്രികെ റെയിൽ നടക്കാത്തതിന് കാരണം കേന്ദ്രത്തിന്റെ അനുമതി ലഭിക്കാത്തത് മൂലമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കെ റെയിൽ ഇന്നല്ലെങ്കിൽ നാളെ വരുമെന്നതിൽ സംശയം വേണ്ട. ഇന്ന് അത് സംഭവിക്കാത്തത് രാഷ്ട്രീയപരമായ നിലപാടിന്റെ ഭാഗമായാണ്. കേന്ദ്രത്തിന്റെ അനുമതിയോടെ മാത്രമേ റെയിൽവേയുമായി ബന്ധപ്പെട്ട എന്തും ആരംഭിക്കാൻ സാധിക്കൂ. കേന്ദ്രം അതിന് അനുമതി നൽകുന്നില്ല എന്ന ഒറ്റ കാരണത്താലാണ് അത് ഇപ്പോൾ നടക്കാതെ പോയത്. കേന്ദ്രം അനുമതി നൽകാത്ത സാഹചര്യത്തിൽ അതിനായി അധ്വാനിച്ച് സമയം കളയേണ്ടതില്ലെന്ന നിലപാട് ഇപ്പോൾ സ്വീകരിച്ചു എന്ന് മാത്രമേയുള്ളൂ. സംസ്ഥാന സർക്കാർ അത് ഉപേക്ഷിച്ചിട്ടില്ല. അനുമതി ലഭിച്ചാൽ ഉടൻ അതിനുള്ള നടപടികൾ ആരംഭിക്കും. സംസ്ഥാനത്തിന്റെ ഭാവിക്ക്, വികസനത്തിന് ഒഴിച്ചുകൂടാൻ പറ്റാത്തതാണ് ഇത്തരം പദ്ധതികൾ എന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.