ബാഹ്യ സമ്മർദ്ദങ്ങൾക്ക് വഴങ്ങുന്നയാളാണെങ്കിൽ ഗവർണർ ആ സ്ഥാനത്തിരിക്കാൻ യോഗ്യനല്ല: ജെയ്ക്ക് സി തോമസ്

കണ്ണൂർ വി സിയായി ഡോ ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം സുപ്രീം കോടതി റദ്ദാക്കിയതിൽ റിപ്പോർട്ടറിനോട് പ്രതികരിക്കുകയായിരുന്നു ജെയ്ക്ക്.

dot image

കോട്ടയം: ബാഹ്യ സമ്മർദ്ദങ്ങൾക്ക് വഴങ്ങുന്നയാളാണെങ്കിൽ ഗവർണർ ആ സ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്ന് സിപിഐഎം നേതാവ് ജെയ്ക്ക് സി തോമസ്. 60 വയസ്സുള്ളയാളെ നിയമിക്കുന്നതിലും പുനർനിയമനത്തിലും തെറ്റില്ലെന്നാണ് സുപ്രീം കോടതി പറഞ്ഞതെന്നും ജെയ്ക്ക് സി തോമസ്. കണ്ണൂർ വി സിയായി ഡോ ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം സുപ്രീം കോടതി റദ്ദാക്കിയതിൽ റിപ്പോർട്ടറിനോട് പ്രതികരിക്കുകയായിരുന്നു ജെയ്ക്ക്.

ഇപ്പോഴത്തെ വിസിയെ നിയമിച്ചത് ബാഹ്യ സമ്മർദ്ദത്തിന് വഴങ്ങിയെന്ന് നേരത്തേ ഗവർണർ സമ്മതിച്ചിരുന്നു. ഇതിലാണ് സുപ്രീം കോടതി നിയമനം റദ്ദാക്കിയത്. ബാഹ്യ സമ്മർദ്ദത്തിന് ഗവർണർ വശംവദനായിട്ടുണ്ടെങ്കിൽ ആ നിയമനം ശരിയല്ല എന്നാണ് സുപ്രീം കോടതി പറഞ്ഞത്. ബാഹ്യ സമ്മർദ്ദങ്ങൾക്ക് വഴങ്ങുന്നയാളാണെങ്കിൽ ഗവർണർ ആ സ്ഥാനത്തിരിക്കാൻ യോഗ്യനല്ല. സർക്കാരിന്റെ ആവശ്യത്തിന് വശംവദനായെന്നാണ് ഗവർണർ പറഞ്ഞിട്ടുള്ളതെന്നും ജെയ്ക്ക് സി തോമസ് പറഞ്ഞു.

വിശദമായി പ്രതികരിക്കണമെങ്കിൽ രണ്ട് കോടതി വിധികളുടെയും പൂർണ്ണ വിവരങ്ങൾ പുറത്തുവരണമെന്നും ഗവർണറുടെ അധികാര പരിധിയെ കുറിച്ചുള്ള കാര്യങ്ങൾ സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുകയാണെന്നും ജെയ്ക്ക് സി തോമസ് കൂട്ടിച്ചേർത്തു.

വിസിയെ നിയമിച്ച രീതി ചട്ടവിരുദ്ധമാണെന്നാണ് കോടതി വിലയിരുത്തൽ. ഹൈക്കോടതിയുടെ കുറ്റകരമായ വിധി റദ്ദാക്കുന്നുവെന്നും സുപ്രീം കോടതി പറഞ്ഞു. വി സി നിയമനത്തിൽ അധികാരപരിധിയിൽ ബാഹ്യശക്തികൾ ഇടപെട്ടു എന്ന നിരീക്ഷണമാണ് കോടതി നടത്തിയത്. സർക്കാരിനെതിരെ ഇക്കാര്യത്തിൽ ഗവർണർ നേരത്തെ വെളിപ്പെടുത്തൽ നടത്തിയിരുന്നു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബഞ്ചിന്റേതാണ് വിധി. ജസ്റ്റിസ് ജെ ബി പർദിവാലയാണ് വിധി പ്രസ്താവിച്ചത്.

ഹർജിക്കാരുടെ അപ്പീൽ അനുവദിച്ചിരിക്കുന്നു എന്ന് കോടതി പറഞ്ഞു. വിഷയത്തിൽ നാല് ചോദ്യങ്ങളാണ് പരിശോധിച്ചതെന്ന് കോടതി പറഞ്ഞു. വിസിയുടെ പുനർ നിയമനം സാധ്യമാണോ എന്നതാണ് ഒന്നാമത്തേത്. അത് സാധ്യമാണെന്ന് കോടതി കണ്ടെത്തി. വി സി പുനർനിയമനത്തിന് പ്രായപരിധി ബാധകമാകുമോ എന്നാണ് രണ്ടാമത് പരിശോധിച്ചത്. 60 വയസ് പ്രായപരിധി ഇല്ല എന്ന് ഇക്കാര്യത്തിൽ കോടതി തീരുമാനത്തിലെത്തി. 60 വയസ് കഴിഞ്ഞവരെയും നിയമിക്കാമെന്ന് കോടതി വ്യക്തമാക്കി. സർവ്വകലാശാല ചാൻസലർ എന്ന രീതിയിലാണ് ഗവർണർ ഈ നിയമനം നടത്തേണ്ടത്.

എന്നാൽ, തനിക്ക് മേൽ ഇക്കാര്യത്തിൽ വലിയ സമ്മർദ്ദമുണ്ടായെന്ന് ഗവർണർ തന്നെ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയും മന്ത്രിയുമൊക്കെ തനിക്ക് കത്തെഴുതി. ഇതിന്റെ അടിസ്ഥാനത്തിലാണ് താൻ പുനർനിയമനത്തിന് അനുമതി നൽകിയതെന്നും ഗവർണർ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ ഗവർണർ എന്ന നിയമന അതോറിറ്റി ബാഹ്യശക്തികൾക്ക് വഴങ്ങി എന്നാണ് മനസിലാക്കേണ്ടത്. അത്തരത്തിലൊരു നിയമനം ചട്ടവിരുദ്ധമാണ് എന്നാണ് വിലയിരുത്തൽ. ഈ നിയമനരീതിയെ ചോദ്യം ചെയ്തുകൊണ്ടാണ് നടപടി റദ്ദാക്കുന്നതെന്നും സുപ്രീം കോടതി വ്യക്തമാക്കി.

കണ്ണൂർ വി സി പുറത്ത്; പുനർനിയമനം ചട്ടവിരുദ്ധമെന്ന് സുപ്രീം കോടതി, സര്ക്കാരിന് രൂക്ഷ വിമര്ശനം

നിർണായക നിരീക്ഷണങ്ങളാണ് കോടതിയിൽ നിന്ന് ഇതുസംബന്ധിച്ച് ഉണ്ടായത്. ഗവർണറെയും സംസ്ഥാന സർക്കാരിനെയും ഹൈക്കോടതിയെയും സുപ്രീം കോടതി വിമർശിച്ചു. സംസ്ഥാന സർക്കാരിന്റെ ഇടപെടലിനെത്തുടർന്ന് ഗവർണർക്ക് തീരുമാനമെടുക്കാൻ ബുദ്ധിമുട്ട് ഉണ്ടായി എന്ന് കോടതി ചൂണ്ടിക്കാട്ടി. അതിന് വഴങ്ങിയതിലൂടെ ഗവര്ണര് അധികാരം ദുർവിനിയോഗം ചെയ്തു. നിയമനം അംഗീകരിച്ച ഹൈക്കോടതി തെറ്റായ വിധി പ്രസ്താവിച്ചു എന്നും കോടതി വിമർശിച്ചു. യുജിസി ചട്ടങ്ങൾ മറികടന്നുള്ള ഈ നിയമനം രാഷ്ട്രീയ നിയമനമാണെന്ന വിമർശനം ശരിവെക്കുന്നതാണ് ഇന്നത്തെ സുപ്രീം കോടതിയുടെ നടപടി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us