കണ്ണൂര്: കണ്ണൂര് സര്വകലാശാല വിസി പുനര്നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് കെഎസ്യു സംസ്ഥാന ജനറല് സെക്രട്ടറി ഫര്ഹാന് മുണ്ടേരി. യുജിസി ചട്ടങ്ങള്ക്ക് ആകെ വിരുദ്ധമായി കേരളത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു പുനര്നിയമനം ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെയും കേരള സര്ക്കാരിന്റെയും നേതൃത്വത്തില് നടക്കുന്നതെന്ന് ഫര്ഹാന് പറഞ്ഞു.
യുജിസി ചട്ടങ്ങള് മുഴുവനും കാറ്റില് പറത്തികൊണ്ടായിരുന്നു പുനര്നിയമന നടപടികളുടെ തുടക്കം. വൈസ് ചാന്സിലര്ക്കായുള്ള സെര്ച്ച് കമ്മിറ്റി പോലും ഗോപിനാഥ് രവീന്ദ്രന് എന്ന ഒറ്റപ്പേര് നല്കിക്കൊണ്ട് അദ്ദേഹത്തെ നിയമിക്കുന്നതിന് വേണ്ടി മാത്രം പേരിന് നടത്തിയ നടപടിക്രമങ്ങളാണ്. അതിനൊക്കെ നേതൃത്വം കൊടുത്തതാകട്ടെ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര് ബിന്ദുവും കേരള മുഖ്യമന്ത്രിയുടെ ഓഫീസുമാണെന്നത് പരസ്യമായ രഹസ്യമാണ്. കേരളത്തിലെ ഇടതുപക്ഷ സര്ക്കാര് നടത്തിയ വഴിവിട്ട നിയമനങ്ങള്ക്ക് ഏറ്റ കനത്ത തിരിച്ചടിയാണ് കണ്ണൂര് സര്വ്വകലാശാല വൈസ് ചാന്സിലറുടെ പുനര്നിയമനം റദ്ദാക്കിയ സുപ്രീം കോടതിയുടെ വിധി.
തുടക്കം മുതലേ ഈ പുനര്നിയമനത്തിന് വേണ്ടി നേതൃത്വം നല്കിയ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര് ബിന്ദു രാജിവെച്ച് ഗോപിനാഥ് രവീന്ദ്രനൊപ്പം പുറത്ത് പോകണമെന്നും കെഎസ്യു ആവശ്യപ്പെട്ടു.