തിരുവനന്തപുരം: മുന് മന്ത്രിയും സിപിഐഎം മുതിര്ന്ന നേതാവുമായ ടി പി രാമകൃഷ്ണന് സിഐടിയു സംസ്ഥാന പ്രസിഡന്റാവും. ആനത്തലവട്ടം ആനന്ദന് അന്തരിച്ചതിനെ തുടർന്നുള്ള ഒഴിവിലാണ് നിയമനം. നിലവില് സിഐടിയു വൈസ് പ്രസിഡന്റാണ്.
വ്യാഴാഴ്ച്ച ചേര്ന്ന സംസ്ഥാന സമിതി യോഗത്തിലാണ് തീരുമാനം. ജെ മേഴ്സികുട്ടിയമ്മയുടെ അധ്യക്ഷതയില് ചേര്ന്ന യോഗത്തിലാണ് തീരുമാനം. ഏകകണ്ഠമായാണ് തിരഞ്ഞെടുപ്പെന്ന് സിഐടിയു നേതാക്കള് അറിയിച്ചു.
കേരള സംസ്ഥാന ഹെഡ് ലോഡ് ആന്ഡ് ജനറല് വര്ക്കേഴ്സ് ഫെഡറേഷന് (സിഐടിയു), കേരള സംസ്ഥാന കള്ള് വ്യവസായ തൊഴിലാളി ഫെഡറേഷന് (സിഐടിയു), കെഎസ്ആര്ടിസി എംപ്ലോയീസ് അസോസിയേഷന് (സിഐടിയു) സംസ്ഥാന പ്രസിഡന്റ് തുടങ്ങിയ പദവികള് വഹിക്കുന്നുണ്ട്.
ഒന്നാം പിണറായി മന്ത്രിസഭയില് തൊഴില്, എക്സൈസ് വകുപ്പ് മന്ത്രിയായിരുന്ന ടി പി രാമകൃഷ്ണന് നിലവില് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും സിഐടിയു അഖിലേന്ത്യാ വര്ക്കിംഗ് കമ്മിറ്റി അംഗവുമാണ്.