
പത്തനംതിട്ട: സിപിഐ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നു നീക്കിയ പാർട്ടി നടപടിയിൽ പ്രതികരണവുമായി എ പി ജയൻ. തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്ന് മാറ്റി എന്നത് ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും മാധ്യമങ്ങളിൽ കണ്ടപ്പോഴാണ് ഇതറിഞ്ഞതെന്നും ജയൻ പറഞ്ഞു. ഏത് അന്വേഷണ ഏജൻസിയെയും നേരിടാൻ തയ്യാറാണെന്നും യാതൊരു വിധത്തിലുള്ള അഴിമതിയും നടത്തിയിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. 'ആരോപണങ്ങളോട് യോജിക്കാൻ കഴിയില്ല. പാർട്ടിയോട് പറയാനുള്ള കാര്യങ്ങൾ എല്ലാം പറഞ്ഞിട്ടുണ്ട്. ഏത് അന്വേഷണ ഏജൻസിയെയും നേരിടാൻ തയ്യാറാണ്. യാതൊരു വിധത്തിലുള്ള അഴിമതിയും നടത്തിയിട്ടില്ല.
'പാർട്ടി എന്നെ കേട്ട് ചർച്ച ചെയ്തതിന് ശേഷം മാത്രമേ നടപടി എടുക്കാൻ കഴിയുകയുള്ളൂ. ഒരു കടലാസ് ഷീറ്റ് പോലും നേതൃത്വത്തിൽ നിന്നും ലഭിച്ചിട്ടില്ല. എനിക്ക് വലിയ ഉത്കണ്ഠ ഒന്നുമില്ല. ശക്തമായ നിലപാട് ഉണ്ടായിരിക്കണം പാർട്ടിക്ക് എന്ന് കരുതുന്നു. എന്നെ അറിയിക്കേണ്ടത് പാർട്ടി സെക്രട്ടറിയാണ്. ആരും അറിയിച്ചിട്ടില്ല', ജയൻ പറഞ്ഞു. പാർട്ടിയെ അറിയിക്കാതെയാണ് താൻ ഫാം തുടങ്ങിയതെന്ന് പറഞ്ഞു. എന്നാൽ പാർട്ടിയെ അറിയിച്ച ശേഷമാണ് ഫാം തുടങ്ങിയതെന്നും ഇതൊന്നും രഹസ്യമല്ലെന്നും എപി ജയൻ വ്യക്തമാക്കി. അനധികൃതമായി താൻ ഒന്നും സമ്പാദിച്ചിട്ടില്ല. ടാക്സ് എല്ലാം അടിച്ചിട്ടുണ്ട്. തന്നെ കള്ളൻ ആക്കാനുള്ള വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്.
പാർട്ടിയുടെ ഔദ്യോഗിക അറിയിപ്പ് കിട്ടിയാൽ എങ്ങനെ വിശദീകരിക്കണം എന്ന് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതിനു ശേഷം താൻ മാധ്യമങ്ങളോട് പ്രതികരിക്കുമെന്നും ജയൻ വ്യക്തമാക്കി. പാർട്ടിക്കുള്ളിൽ ചിലർ നടത്തിയിട്ടുള്ള മോശം പ്രവർത്തനങ്ങൾ പാർട്ടിയെ അറിയിച്ചിട്ടുണ്ട്. സൈബർ സഖാക്കൾ തന്നെ മറ്റ് പാർട്ടിയിലേക്ക് എത്തിക്കാൻ ശ്രമിക്കേണ്ട കാര്യമില്ല. അതിന് എ പി ജയൻ തീരുമാനിക്കണം, അതൊരിക്കലും ഉണ്ടാകില്ല. ശ്രീന ദേവി കുഞ്ഞമ്മയെ പറ്റി താൻ ഒന്നും പ്രതികരിക്കുന്നില്ല. അവരെ കുറിച്ച് നിരവധി പരാതി ലഭിച്ചിട്ടുണ്ട്. ചെയ്തത് തെറ്റാണെന്ന് അവർക്ക് തോന്നിയിട്ടുണ്ടെങ്കിൽ അവർ തിരുത്തും എന്ന് കരുതുന്നതായും ജയൻ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയിലാണ് സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയെ സ്ഥാനത്തുനിന്ന് എപി ജയനെ സംസ്ഥാന എക്സിക്യൂട്ടീവ് നീക്കിയത്. മുല്ലക്കര രത്നാകരനാണ് പകരം ജില്ലാ സെക്രട്ടറിയുടെ ചുമതല നൽകിയിരിക്കുന്നത്. എ പി ജയൻ അനധികൃതമായി സ്വത്ത് സമ്പാദനം നടത്തിയെന്ന പരാതിയിൽ നാല് അംഗ പാർട്ടി കമ്മീഷൻ അന്വേഷണം നടത്തിയിരുന്നു. ഈ കമ്മീഷന്റെ നിർദേശ പ്രകാരമാണ് എപി ജയനെതിരെ നടപടിയുണ്ടായത്.