കണ്ണൂര്: സർക്കാർ-ഗവർണർ തർക്കത്തിൽ കക്ഷി ചേരാനില്ലെന്നും എല്ലാവരെയും ഒരുമിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകുമെന്നും പ്രൊഫസർ ഡോ. എസ് ബിജോയ് നന്ദന്. ഇപ്പോഴത്തെ പ്രശ്നങ്ങൾ താത്കാലികമായി മാത്രമാണെന്നും കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല വളരുകയാണെന്നും ബിജോയ് നന്ദന് പറഞ്ഞു. കണ്ണൂർ യൂണിവേഴ്സിറ്റി താത്ക്കാലിക വൈസ് ചാൻസലറായി ഡോ. എസ് ബിജോയ് നന്ദന് ഇന്ന് ചുമതല ഏല്ക്കും. മറൈൻ ബയോളജി ഡിപ്പാർട്ട്മെൻറ് പ്രൊഫസറും സെനറ്റ്, സിൻഡിക്കേറ്റ് അംഗവുമാണ് ബിജോയ് നന്ദൻ.
കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലറായി ഡോ. ഗോപിനാഥ് രവീന്ദ്രനെ വീണ്ടും നിയമിച്ചുള്ള ചാൻസലറുടെ നടപടി സുപ്രീം കോടതി റദ്ദാക്കിയിരുന്നു. നിയമിച്ച രീതി ചട്ടവിരുദ്ധമാണെന്ന് വിലയിരുത്തിയാണ് സുപ്രീം കോടതി കണ്ണൂർ വിസിയുടെ നിയമനം റദ്ദാക്കിയത്. ഹൈക്കോടതിയുടെ കുറ്റകരമായ വിധി റദ്ദാക്കുന്നുവെന്നാണ് സുപ്രീം കോടതി പറഞ്ഞത്.
വി സി നിയമനത്തിൽ ഗവർണർ അധികാരപരിധിയിൽ ബാഹ്യശക്തികൾ ഇടപെട്ടു എന്ന നിരീക്ഷണമാണ് കോടതി നടത്തിയത്. സർക്കാരിനെതിരെ ഇക്കാര്യത്തിൽ ഗവർണർ നേരത്തെ വെളിപ്പെടുത്തൽ നടത്തിയിരുന്നു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബഞ്ചിന്റേതായിരുന്നു വിധി. ജസ്റ്റിസ് ജെ ബി പർദിവാലയാണ് വിധി പ്രസ്താവിച്ചത്.