അസ്വസ്ഥതയല്ല, വാത്സല്യം; ജിന്റോയെ ആശ്വസിപ്പിച്ച് മുഖ്യമന്ത്രി

"അബദ്ധത്തിൽ പറ്റിയതാണെന്ന് എനിക്കറിയാം. വിഷമിക്കേണ്ട. നന്നായി പഠിക്കണം"

dot image

മലപ്പുറം: ജിൻ്റോയ്ക്ക് മുഖ്യമന്ത്രിയുടെ വാത്സല്യത്തോടെയുള്ള സമാശ്വാസം. ഒപ്പം സമ്മാനമായി ഒരുപേനയും. മഞ്ചേരിയിലെ നവകേരള സദസ്സ് വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയനെ സ്വീകരിക്കാൻ നിയുക്തനായ എൻസിസി കേഡറ്റായിരുന്നു ജിൻ്റോ. സല്യൂട്ട് ചെയ്യുന്നതിനിടയിൽ ജിൻ്റോയുടെ കൈ അബദ്ധത്തിൽ മുഖ്യമന്ത്രിയുടെ കണ്ണിൽ ഇടിച്ചിരുന്നു. കണ്ണടച്ച് സീറ്റിലിരുന്ന മുഖ്യമന്ത്രിയെ അപ്പോൾത്തന്നെ പരിചരിക്കാൻ ജിന്റോ തയ്യാറായി. എന്നാൽ എൻസിസി കേഡറ്റിന്റെ കൈതട്ടി മുഖ്യമന്ത്രി അസ്വസ്ഥനായി എന്നാണ് ചിലർ പിന്നീട് വാർത്ത നൽകിയത്. ആ വാർത്ത കണ്ട് വിഷമിച്ച വിദ്യാർത്ഥി മുഖ്യമന്ത്രിയെ കാണണമെന്ന് താല്പര്യപ്പെടുകയായിരുന്നു.

പി വി അൻവർ എംഎൽഎയുടെ വസതിയിൽ അതിനുള്ള അവസരം ലഭിച്ചു. മുഖ്യമന്ത്രി ജിന്റോയെ വാത്സല്യത്തോടെ സ്വീകരിച്ചു. "അബദ്ധത്തിൽ പറ്റിയതാണെന്ന് എനിക്കറിയാം. വിഷമിക്കേണ്ട. നന്നായി പഠിക്കണം" എന്ന് പറഞ്ഞ് പേന സമ്മാനമായി നൽകിയാണ് മുഖ്യമന്ത്രി ജിന്റോയെ യാത്രയച്ചത്. സംഭവം നടന്ന രാത്രി തന്നെ മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് വിളിച്ച് ജിന്റോയെ ആശ്വസിപ്പിച്ചിരുന്നു. മഞ്ചേരി ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ജിന്റോ.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us