വിസി നിയമനം: സുപ്രീം കോടതി വിധി സര്ക്കാരിനേറ്റ തിരിച്ചടിയാണെന്നുള്ള പ്രചാരണം തെറ്റ്; മുഖ്യമന്ത്രി

വിധി വന്ന ശേഷവും പുനര്നിയമനം നിയമവിരുദ്ധമാണെന്ന് ചാന്സലര് മാധ്യമങ്ങള്ക്ക് മുമ്പാകെ പറയുന്നത് വിചിത്രമായ നിലപാട്

dot image

പാലക്കാട്: കണ്ണൂര് സര്വ്വകലാശാല വൈസ് ചാന്സലറായ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്റെ നിയമനം റദ്ദ് ചെയ്തുകൊണ്ടുള്ള സുപ്രീം കോടതി വിധി സംസ്ഥാന സര്ക്കാരിനേറ്റ തിരിച്ചടിയാണെന്നുള്ള പ്രചരണത്തിന് യാതൊരു അടിസ്ഥാനവുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസ്സിൻ്റെ ഭാഗമായുള്ള പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വിസിയുടെ പുനര്നിയമനത്തെ സംബന്ധിച്ച് മൂന്ന് നിയമപ്രശ്നങ്ങളാണ് സുപ്രീംകോടതി പരിശോധിച്ചത്. വൈസ് ചാന്സലര് തസ്തിക നിശ്ചിത കാലാവധിയുള്ള തസ്തിക (tenure post) ആയതിനാല് അതിലേയ്ക്ക് പുനര്നിയമനമാകാമോ എന്ന ചോദ്യം. പുനര്നിയമനം ആകാമെന്ന ഉത്തരമാണ് സുപ്രീംകോടതിയുടേത്. വിധിന്യായത്തിന്റെ ഖണ്ഡികകള് 46, 47ൽ ഇത് വ്യക്തമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.

പ്രൊഫ. ഗോപിനാഥ് രവീന്ദ്രന് കണ്ണൂര് സര്വ്വകലാശാല നിയമപ്രകാരം വൈസ് ചാന്സലര് ആയി പുനര്നിയമനം നല്കുമ്പോള് കണ്ണൂര് സര്വ്വകലാശാല നിയമം, 1996 ലെ 10(9) വകുപ്പ് പ്രകാരം നിഷ്കര്ഷിച്ച പ്രായപരിധി ബാധകമാണോ എന്നതായിരുന്നു മറ്റൊരു ചോദ്യം. ബാധകമല്ല എന്ന് സുപ്രീം കോടതി വിധിന്യായത്തിന്റെ ഖണ്ഡിക 50ല് അര്ത്ഥശങ്കയ്ക്ക് ഇടയില്ലാതെ പറയുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

ആദ്യ നിയമനത്തിലെന്നതുപോലെ പുനര്നിയമനത്തിലും സെലക്ഷന് /സെര്ച്ച് പാനല് രൂപീകരിച്ച് അതിന്പ്രകാരം നടപടികള് ആവര്ത്തിക്കേണ്ടതുണ്ടോ എന്ന ചോദ്യം. പുനര്നിയമനത്തിന് ഈ പ്രക്രിയ ആവശ്യമില്ല എന്ന് സുപ്രീം കോടതി വിധിച്ചു. വിധിയിലെ ഖണ്ഡിക 66 ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രി വ്യക്തമാക്കി.

കണ്ണൂര് സര്വ്വകലാശാല വൈസ് ചാന്സലര് പദവിയിലേക്ക് പ്രൊഫ. ഗോപിനാഥ് രവീന്ദ്രന് നല്കിയ പുനര്നിയമനം നിയമപ്രകാരവും ചട്ട പ്രകാരവുമാണെന്ന് കേരള ഹൈക്കോടതിയുടെ സിംഗിള് ബെഞ്ചും ഡിവിഷന് ബെഞ്ചും വിധിച്ചതാണ്. ആ വിധിന്യായങ്ങളെ ബഹു. സുപ്രീംകോടതി പൂര്ണ്ണമായും ശരിവച്ചിരിക്കുന്നു എന്നാണ് മനസ്സിലാക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.

പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്റെ നിയമന സാധുതയെ ചോദ്യം ചെയ്താണ് പ്രതിപക്ഷവും ചില മാധ്യമങ്ങളും രംഗത്തിറങ്ങിയത്. നിയമന സാധുതയ്ക്കെതിരായ ആ വാദം സുപ്രീം കോടതി അടക്കം രാജ്യത്തെ ഒരു കോടതിയും അംഗീകരിച്ചില്ല എന്നതാണ് എടുത്തു പറയേണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സുപ്രീം കോടതി മുമ്പാകെ ഫയല് ചെയ്യപ്പെട്ട ഹര്ജിയില് ചാന്സലര് പദവി വഹിക്കുന്ന ഗവര്ണര് ആരിഫ് മുഹമ്മദ് ഖാന് ഒന്നാം നമ്പര് എതിര്കക്ഷിയായിരുന്നു. സുപ്രീം കോടതി മുമ്പാകെ ചാന്സലര് സത്യവാങ്മൂലവും സമര്പ്പിച്ചിരുന്നു. അതില് അദ്ദേഹം പറഞ്ഞ ഒരു കാര്യം പ്രൊഫ. ഗോപിനാഥ് രവീന്ദ്രനെ കണ്ണൂര് സര്വ്വകലാശാല വൈസ് ചാന്സലറായി പുനര്നിയമിച്ചത് യുജിസി ചട്ടങ്ങള്ക്ക് വിരുദ്ധമായിട്ടാണ് എന്നതാണ്. ഈ വാദവും സുപ്രീം കോടതി അംഗീകരിച്ചില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.

പുനര്നിയമനത്തെ സംബന്ധിച്ച് നിലവിലുള്ള യുജിസി ചട്ടങ്ങള് ഒന്നും തന്നെ ലംഘിക്കപ്പെട്ടിട്ടില്ല എന്നതാണ് സുപ്രീം കോടതിയുടെ കണ്ടെത്തല്. ചാന്സലറുടെ നിലപാട് തങ്ങളെ അമ്പരപ്പിക്കുന്നതാണ് എന്നാണ് ജഡ്ജിമാര് വിധിന്യായത്തില് പറയുന്നതെന്നും വിധിയിലെ പേജ് നമ്പര് 58 ഖണ്ഡിക 67 ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രി വ്യക്തമാക്കി.

പ്രൊഫ. ഗോപിനാഥ് രവീന്ദ്രനെ കണ്ണൂര് സര്വ്വകലാശാലാ വൈസ് ചാന്സലറായി പുനര്നിയമിച്ച നിയമനാധികാരിയാണ് ചാന്സലര്. അദ്ദേഹം തന്നെ കോടതി മുമ്പാകെ എത്തി, താന് നടത്തിയത് യുജിസി ചട്ടങ്ങള്ക്ക് വിരുദ്ധമായ നിയമനമാണ് എന്ന് പറയുന്നു. എന്നാല് അങ്ങനെയല്ല എന്ന് സുപ്രീം കോടതി ആ വാദം തിരുത്തുന്നു. വിധി വന്ന ശേഷവും പുനര്നിയമനം നിയമവിരുദ്ധമാണെന്ന് ചാന്സലര് മാധ്യമങ്ങള്ക്ക് മുമ്പാകെ പറയുന്നത് വിചിത്രമായ നിലപാടാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

കണ്ണൂര് സര്വ്വകലാശാല നിയമപ്രകാരം എക്സ് ഒഫിഷ്യോ പ്രോ ചാന്സലര് ആണ് സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി. പ്രോ ചാന്സലര് ചാന്സലര്ക്ക് എഴുതിയ കത്താണ് ബാഹ്യ സമ്മര്ദ്ദമായി വ്യാഖ്യാനിക്കുന്നത്. ഒരേ നിയമത്തിന് കീഴില് വരുന്ന രണ്ട് അധികാരികള് തമ്മില് നടത്തുന്ന കത്തിടപാടുകള് എങ്ങനെ ബാഹ്യസമ്മര്ദ്ദമാകുമെന്നും മുഖ്യമന്ത്രി ചോദിച്ചു.

പരമോന്നത നീതി പീഠത്തില് നിന്നും ഉണ്ടായ വിധിയില് നിയമനാധികാരിയായ ചാന്സലറുടെ നടപടികളെക്കുറിച്ചാണ് പ്രതികൂല പരാമര്ശങ്ങളുള്ളത്. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഒരഭിപ്രായം പ്രകടിപ്പിച്ചാല് അതു കാരണം ചട്ടവിരുദ്ധമായതെന്തോ ചെയ്യേണ്ടി വന്നു എന്ന് ചാന്സലര് പറയുന്നത് അദ്ദേഹം വഹിക്കുന്ന പദവിക്ക് നിരക്കുന്നതാണോയെന്നും മുഖ്യമന്ത്രി ചോദിച്ചു.

പുനര്നിയമനം ചട്ടപ്രകാരവും നിയമപ്രകാരവുമാണെന്നാണ് സുപ്രീം കോടതി കണ്ടെത്തിയത്. എന്നിട്ടും, ബാഹ്യ സമ്മര്ദ്ദമാണെന്ന് വാര്ത്താ മാധ്യമങ്ങള്ക്കു മുന്നിലെത്തി ചാന്സലര് പറയുകയാണ്. അത് വിധിക്ക് ശേഷം ആവർത്തിക്കുകയാണ്. ഈ പറച്ചില്, മറ്റേതോ ബാഹ്യ സമ്മര്ദത്തിന് വഴങ്ങിയാണെന്ന തോന്നല് പൊതുസമൂഹത്തിലുണ്ടാകുമെന്ന് ഓര്ക്കുന്നത് നല്ലതാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു.

അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം മുഖ്യമന്ത്രിയുടെ ഓഫീസില് നിന്നും ചാന്സലര്ക്ക് എത്തിച്ചു എന്നു പറയുന്നത് വസ്തുതകള്ക്ക് നിരക്കുന്നതല്ല. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡീഷണല് ചീഫ് സെക്രട്ടറിക്കാണ് ലഭിച്ചത്. ഉന്നത വിദ്യാഭ്യാസ വകുപ്പാണ് ചാന്സലറുടെ രാജ്ഭവനിലെ ഓഫീസിലേയ്ക്ക് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം എത്തിച്ചത്. അതിനു മുമ്പ് ചാന്സലര് ആവശ്യപ്പെട്ട പ്രകാരം മുഖ്യമന്ത്രിയുടെ ഓഫീസില് നിന്നുള്ളവര് ചാന്സലറെ സന്ദര്ശിച്ച് പുനര്നിയമനത്തെ സംബന്ധിച്ച സര്വ്വകലാശാല നിയമത്തിലെ വിവിധ വശങ്ങള് വിശദീകരിച്ചു കൊടുക്കുകയാണുണ്ടായത്. ചാന്സലര് ആവശ്യപ്പെട്ടത് പ്രകാരമാണ് മുഖ്യമന്ത്രിയുടെ ഓഫിസില് നിന്നുള്ളവര് അദ്ദേഹത്തെ സന്ദര്ശിച്ചത്. അതിനെയും സമ്മര്ദ്ദമായാണ് ചാന്സലര് വ്യാഖ്യാനിക്കുന്നത്. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം വേണമെന്ന് ചാന്സലര് തന്നെയാണ് വാക്കാല് ആവശ്യമുന്നയിച്ചത്. ആ ആവശ്യമനുസരിച്ചാണ് അഡ്വക്കേറ്റ് ജനറല് ഉന്നത വിദ്യാഭ്യാസവകുപ്പ് അഡീഷണല് ചീഫ് സെക്രട്ടറിക്ക് നല്കിയ നിയമോപദേശം ഉന്നത വിദ്യാഭ്യാസ വകുപ്പില് നിന്നും ചാന്സലര്ക്ക് ലഭ്യമാക്കിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സ്വയം തീരുമാനമെടുക്കാനുള്ള ചാന്സലറുടെ ഒരവകാശത്തെയും ഹനിക്കുന്ന ഒരു പ്രവര്ത്തനവും സംസ്ഥാന സര്ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ലെന്നും മഖ്യമന്ത്രി വ്യക്തമാക്കി. ചാന്സലര് വസ്തുതകളെ തെറ്റായി അവതരിപ്പിച്ചതിന്റെ പരിണിത ഫലമാണ് സുപ്രീം കോടതിയില് നിന്നും അദ്ദേഹത്തിനു തന്നെ ഏറ്റ കനത്ത തിരിച്ചടിയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. സംസ്ഥാന സര്ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകാത്ത ബാഹ്യ സമ്മര്ദ്ദം ഉണ്ടെന്ന് വരുത്തിതീര്ക്കാനുള്ള ശ്രമങ്ങള്ക്കേറ്റ തിരിച്ചടിയായി വേണം ഇതിനെ കാണാനെന്നും മുഖ്യമന്ത്രി പറഞ്ഞു.

സുപ്രീം കോടതിയുടെ വിധി കണ്ണൂര് വിസിയുടെ പുനര്നിയമനം നിയമപ്രകാരവും ചട്ടപ്രകാരവും പൂര്ണ്ണമായും ശരിയാണെന്ന് തെളിയിക്കുന്ന ഒന്നാണ്. രാജ്യത്തെ ഭരണഘടനാ കോടതികള്ക്കൊന്നും തന്നെ നിയമന പ്രക്രിയയില് എവിടെയും ഒരു ന്യൂനതയും കണ്ടെത്താന് കഴിഞ്ഞിട്ടില്ല എന്നത് തല്പ്പരകക്ഷികളുടെ നുണപ്രചരണങ്ങളുടെ ആണിക്കല്ലിളക്കിയിരിക്കുകയാണ്. വിധി സര്ക്കാരിന് തിരിച്ചടിയാണ് എന്ന തരത്തില് ചില മാധ്യമങ്ങളിലൂടെ നടക്കുന്ന പ്രചരണത്തിന്റെ സത്യാവസ്ഥ എന്തെന്ന് മനസ്സിലാക്കാന് സുപ്രീംകോടതി വിധിതന്നെ വായിച്ചാല് മതിയെന്നും പിണറായി വിജയൻ വ്യക്തമാക്കി.

പ്രൊഫ. ഗോപിനാഥന് രവീന്ദ്രന് വിഖ്യാതനായ ചരിത്രപണ്ഡിതനും കേരളത്തിലെ ഉന്നതവിദ്യാഭ്യാസമേഖലയ്ക്ക് ഗണ്യമായ സംഭാവനകള് ചെയ്തിട്ടുള്ള ആളുമാണ്. സ്വതന്ത്രവും നിര്ഭയവുമായി അഭിപ്രായങ്ങള് പ്രകടിപ്പിക്കുന്ന അദ്ദേഹത്തെ ഇവിടെനിന്നും തുരത്തണമെന്ന് ഭരണഘടനാ പദവി വഹിക്കുന്നവര്ക്കുമേല് ബാഹ്യസമ്മര്ദ്ദം ചെലുത്തുന്ന ചില ശക്തികള്ക്ക് താല്പര്യമുണ്ടാകുന്നത് മനസ്സിലാക്കാവുന്നതാണ്. ഗവർണർ പരോക്ഷ ശക്തികളുടെ പ്രേരണയാലാണ് പ്രവർത്തുന്നതെന്ന് സൂചിപ്പിക്കുന്നതായിരുന്നു മുഖ്യമന്ത്രിയുടെ ഈ വിമർശനം. എന്നാല് മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങളെച്ചൊല്ലി ആണയിടുന്ന ഇവിടുത്തെ പ്രതിപക്ഷ നേതൃത്വത്തിലുള്ളവര് ഇക്കാര്യത്തില് ഇത്ര ആഹ്ളാദിക്കുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ രംഗത്ത് കാലാനുസൃത മാറ്റങ്ങളും പുരോഗതിയും ഉണ്ടാക്കാനുള്ള തീവ്രമായ ശ്രമത്തിലാണ് സര്ക്കാര്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും വര്ഗീയ ശക്തികള് സര്വ്വകലാശാലകളില് ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുകയാണ്. പാഠ്യപദ്ധതി തന്നെ വിദ്വേഷ പ്രത്യയശാസ്ത്രത്തില് മുക്കാൻ ശ്രമിക്കുന്നു. അതിലെല്ലാം വേറിട്ട് നില്ക്കുകയാണ് കേരളം. ആ യശസ്സിനെ തകര്ക്കാനും പുരോഗതിയെ അട്ടിമറിക്കാനും താല്പര്യമുള്ളവര് ഉണ്ടാകും. അവരോടൊപ്പമുള്ളരാണ് സുപ്രീം കോടതി വിധി സര്ക്കാരിന് വലിയ തിരിച്ചടി എന്ന പ്രചാരണവുമായി ഇറങ്ങുന്നത്. അത്തരക്കാരെ തിരിച്ചറിയണം എന്ന് ഈ ഘട്ടത്തിൽ എല്ലാവരോടും അഭ്യര്ത്ഥിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

നവകേരള സദസ്സ് മലപ്പുറം ജില്ലയില് പൂര്ത്തിയായപ്പോള് ആകെ ലഭിച്ചത് 80,885 നിവേദനങ്ങളാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇന്നലെ 27,339 നിവേദനങ്ങള് ലഭിച്ചു. ഏറനാട് 7605, നിലമ്പൂര് 7458, വണ്ടൂര് 7188, പെരിന്തല്മണ്ണ 5088 എന്നിങ്ങനെയായിരുന്നു മുഖ്യമന്ത്രി വെളിപ്പെടുത്തിയ കണക്ക്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us