ശ്രീനഗർ: ജമ്മു കശ്മീരിലെ പുൽവാമയിൽ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു. സൈന്യവും ഭീകരരും തമ്മിൽ നടന്ന വെടിവെപ്പിലാണ് ഭീകരനെ വധിച്ചത്. സൈന്യം പ്രദേശത്ത് പരിശോധന നടത്തുന്നതിനടെയാണ് സംഭവം. പുൽവാമയിലെ അരിഹാൾ ഗ്രാമത്തിലാണ് ഏറ്റുമുട്ടൽ നടന്നത്. കൊല്ലപ്പെട്ട കിഫായത്ത് അയൂബ് അലി അടുത്തിടെയാണ് തീവ്രവാദി സംഘത്തിൽ ചേർന്നതെന്ന് പൊലീസ് വ്യക്തമാക്കി. പ്രത്യേക രഹസ്യാന്വേഷണ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസും സൈന്യവും സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സും ഭീകരർക്കായി തിരച്ചിൽ ആരംഭിച്ചത്.
തിരച്ചിലിനിടയിൽ ഒളിച്ചിരുന്ന ഭീകരൻ സംയുക്ത സംഘത്തിന് നേരെ വെടിയുതിർത്തതാണ് ഏറ്റുമുട്ടലിലേക്ക് നയിച്ചത്. സുരക്ഷാസേന ശക്തമായി തിരിച്ചടിച്ചതോടെയാണ് ഭീകരൻ കൊല്ലപ്പെട്ടതെന്ന് പൊലീസ് പ്രസ്താവനയിൽ അറിയിച്ചു. നിരോധിത ഭീകര സംഘടനയായ ലഷ്കറെയുമായി ബന്ധമുള്ള ഷോപ്പിയാനിലെ പിഞ്ചൂരയിലെ കിഫയത്ത് അയൂബ് അലി എന്ന ഭീകരൻ കൊല്ലപ്പെട്ടെന്നും, ഏറ്റുമുട്ടൽ സ്ഥലത്ത് നിന്ന് മൃതദേഹം കണ്ടെടുത്തതായും പൊലീസ് വക്താവ് പ്രസ്താവനയിൽ പറഞ്ഞു.