പാലക്കാട്: കോൺഗ്രസ് വിമത നേതാവ് എ വി ഗോപിനാഥ് നവ കേരള സദസ്സിൻ്റെ പ്രഭാത ഭക്ഷണ യോഗത്തിൽ പങ്കെടുക്കാനെത്തി. സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവിന് ഒപ്പമാണ് എ വി ഗോപിനാഥ് നവകേരള സദസ്സില് പങ്കെടുക്കാനായി എത്തിയത്. പാലക്കാട് വികസന കാര്യങ്ങൾ മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യാനാണ് പരിപാടിക്ക് എത്തിയതെന്ന് എ വി ഗോപിനാഥ് വ്യക്തമാക്കി.
പരിപാടിക്ക് എത്തിയതിന് പ്രത്യേക രാഷ്ട്രീയ അനുമാനം നൽകേണ്ട കാര്യമില്ല. തന്റെ രാഷ്ട്രീയ തീരുമാനങ്ങൾ ലോക്സഭാ തെരഞ്ഞെടുപ്പോടെ വ്യക്തമാകും. കോൺഗ്രസുകാരനായാണ് പരിപാടിയിൽ പങ്കെടുക്കുന്നതെന്നും എ വി ഗോപിനാഥ് വ്യക്തമാക്കി.
പാലക്കാട് നടക്കുന്ന നവകേരള സദസ്സിൻ്റെ പ്രഭാതഭക്ഷണ യോഗത്തിൽ മുൻ വനിത ലീഗ് നേതാവും പങ്കെടുത്തു. മണ്ണാർക്കാട് മുൻ മുൻസിപ്പാലിറ്റി ചെയർപേഴ്സണും, വനിത ലീഗ് നേതാവുമായിരുന്ന എം കെ സുബൈദയാണ് നവകേരള സദസ്സിൻ്റെ പ്രഭാതഭക്ഷണ യോഗത്തിൽ പങ്കെടുത്തത്.
വികസനകാര്യത്തിൽ മുഖ്യമന്ത്രിയ്ക്ക് പിന്തുണ നൽകാനാണ് ചടങ്ങിനെത്തിയതെന്ന് സുബൈദ വ്യക്തമാക്കി. നാടിന്റെ വികസനത്തില് പങ്കാളിയാകുക എന്ന ഉദ്ദേശ്യത്തോടെയാണ് പരിപാടിയില് പങ്കെടുക്കാനെത്തിയത്. ഇതില് രാഷ്ട്രീയം കാണേണ്ട യാതൊരു കാര്യവുമില്ല. ഇപ്പോഴും ലീഗിന്റെ ഭാഗമാണ്. നാടിന്റെ വികസനകാര്യം ബഹിഷ്കരിക്കേണ്ടതില്ല എന്നാണ് എനിക്ക് തോന്നിയത്, അത് കൊണ്ടാണ് പങ്കെടുത്തത്. നടപടി വരുമോയെന്ന കാര്യത്തില് പേടിയില്ലെന്നും സുബൈദ പ്രതികരിച്ചു. ചടങ്ങിൽ പങ്കെടുത്തതിന് നേതൃത്വത്തിൽ നിന്ന് ഉണ്ടാവുന്ന നടപടിയെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും സുബൈദ പറഞ്ഞു.
കോഴിക്കോട് നടന്ന പ്രഭാത പ്രഭാത സദസ്സിൽ പങ്കെടുത്ത കോൺഗ്രസ് നേതാവിനെ സസ്പെൻഡ് ചെയ്തിരുന്നു. ഫറോഖ് കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി എം മമ്മുണ്ണിയെ സസ്പെൻഡ് ചെയ്തത്.