കൊല്ലം: ഓയൂരില് നിന്ന് കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസില് പ്രതികളിലൊരാളായ അനിതകുമാരിയുടെ ശബ്ദം തിരിച്ചറിഞ്ഞത് മുന് നെടുമ്പന മണ്ഡലം കോണ്ഗ്രസ് പ്രസിഡന്റ് അബ്ദുള് സമദാണെന്ന് പി സി വിഷ്ണുനാഥ് എംഎല്എ. അബ്ദുല് സമദിന്റെ കാര്യക്ഷമമായ ഇടപെടല് അഭിനന്ദനാര്ഹവും മാതൃകാപരവുമാണെന്നും പ്രിയ സുഹൃത്തിന് അഭിവാദ്യങ്ങള് നേരുന്നുവെന്നും വിഷ്ണുനാഥ് ഫേസ്ബുക്കില് കുറിച്ചു.
'കേരളത്തിന്റെ മനസ്സാക്ഷിയെ ഞെട്ടിച്ച്, ഓയൂരില് ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില് കൂടുതല് ദുരൂഹതകള് ചുരുള് നിവരുകയാണ്. പൊതുസമൂഹവും മാധ്യമങ്ങളും അന്വേഷണസംഘവും ഒരുപോലെ നടത്തിയ ജാഗ്രതാ പൂര്ണമായ ഇടപെടല് പ്രതികളെ എളുപ്പത്തില് വലയിലാക്കാന് സഹായിച്ചു. തട്ടിക്കൊണ്ടുപോകലിന്റെ ബുദ്ധികേന്ദ്രം എന്ന് അന്വേഷണ ഉദ്യോഗസ്ഥര് വിശേഷിപ്പിച്ച രണ്ടാം പ്രതി അനിതാ കുമാരിയുടെ ശബ്ദം തിരിച്ചറിയാന് സാധിച്ചത് കേസന്വേഷണത്തില് വഴിത്തിരിവാകുകയായിരുന്നു.
മുന് നെടുമ്പന മണ്ഡലം കോണ്ഗ്രസ് പ്രസിഡന്റും സഹപ്രവര്ത്തകനുമായ അബ്ദുള് സമദിന് അനിതകുമാരിയുടെ ശബ്ദം തിരിച്ചറിയാന് സാധിച്ചത് അന്വേഷണത്തെ വളരെയേറെ സഹായിച്ചു. അബ്ദുല് സമദിന്റെ കാര്യക്ഷമമായ ഇടപെടല് അഭിനന്ദനാര്ഹവും മാതൃകാപരവുമാണ്. പ്രിയ സുഹൃത്തിന് അഭിവാദ്യങ്ങള് ...', വിഷ്ണുനാഥ് ഇങ്ങനെയാണ് കുറിച്ചത്.
പൂയപ്പള്ളിയില് നിന്ന് കുട്ടിയെ തട്ടിക്കൊണ്ട് പോയത് സാമ്പത്തിക പ്രതിസന്ധി കാരണമെന്ന് പ്രതി പത്മകുമാറിന്റെ മൊഴി. സമീപവാസികള് അനധികൃതമായി വന്തോതില് പണം സമ്പാദിക്കുന്നെണ്ടെന്ന തോന്നലും പ്രതികളെ കൃത്യത്തിലേക്ക് നയിച്ചുവെന്നാണ് നിഗമനം. പത്മകുമാറിനും കുടുംബത്തിനും കോടിക്കണക്കിന് രൂപയുടെ ബാധ്യത ഉണ്ടോ എന്ന് പരിശോധിക്കുകയാണ് അന്വേഷണ സംഘം.
കൊവിഡിന് പിന്നാലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി. ബിസിനസുകള് തകര്ന്നു. തുടര്ന്ന് ഒരു വര്ഷം മുന്പാണ് പത്മകുമാറും ഭാര്യയും എങ്ങനെയും പണം കണ്ടെത്തണമെന്ന് തീരുമാനിച്ചത്. അപ്പോഴൊക്കെ പത്മകുമാറിന്റെ അമ്മ ഈ നീക്കത്തെ എതിര്ത്തു. മകള് അനുപമയുടെ യൂട്യൂബ് ചാനലില് നിന്ന് വലിയതോതില് വരുമാനം ലഭിക്കുക കൂടി ചെയ്തതോടെ പണം കണ്ടെത്താനുള്ള ശ്രമങ്ങള് കുടുംബം ഉപേക്ഷിച്ചു. പകര്പ്പവകാശത്തിന്റെ പ്രശ്നം കാരണം അനുപമയുടെ യൂട്യൂബ് വരുമാനം നിലയ്ക്കുകയും നിരന്തരം എതിര്ത്തിരുന്ന അമ്മ മരിക്കുകയും ചെയ്തതോടെ കുട്ടിയെ തട്ടിയെടുത്ത് പണം സമ്പാദിക്കാന് തീരുമാനിച്ചു എന്നാണ് പ്രതികളുടെ മൊഴി.
ഒരുമാസം നീണ്ട ആസൂത്രണത്തിനൊടുവിലാണ് പൂയപ്പള്ളിയില് നിന്ന് കുട്ടിയെ തട്ടിക്കൊണ്ട് പോയതെന്നും പ്രതികള് അന്വേഷണ സംഘത്തോട് പറഞ്ഞു. കോടിക്കണക്കിന് രൂപയുടെ ബാധ്യതയുണ്ടെന്ന് പറയുമ്പോഴും ബാധ്യതയേക്കാള് കൂടുതല് രൂപയുടെ ആസ്തി പത്മകുമാറിനുണ്ടെന്നാണ് പോലീസിന്റെ വിലയിരുത്തല്. പത്മകുമാറിന്റെ ആസ്തിയും ബാധ്യതയും പൊലീസ് പരിശോധിച്ച് വരികയാണ്.
കുട്ടിയെ തട്ടികൊണ്ടുപോയ കേസ്; പ്രതികള് റിമാന്ഡില്, അബിഗേലിനും സഹോദരനും അവാർഡ്